പിണറായി സർക്കാറിനെ പിരിച്ചുവിടുന്നതിന് ആർ.എസ്.എസ് കേന്ദ്ര നേതൃത്വം ഇടപെടുന്നു
നാഗ്പൂർ: കേരളത്തിലെ പിണറായി സർക്കാറിനെ പിരിച്ച് വിട്ട് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന നിലപാടിൽ ആർ.എസ്.എസ്.
ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ബിജെപി അദ്ധ്യക്ഷൻ അമിത് ഷാ യോടും ആർ.എസ്.എസ് ആസ്ഥാനത്ത് നിന്നും ആവശ്യപ്പെടുമെന്നാണ് സംഘത്തിന്റെ നേതൃത്വത്തിൽ നിന്നും ലഭിക്കുന്ന വിവരം.
പിണറായി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം 19 സംഘ പരിവാർ പ്രവർത്തകർ കൊല്ലപ്പെട്ടതായാണ് ആർ.എസ്.എസ് ആരോപിക്കുന്നത്.
ഭരണത്തിന്റെ തണലിൽ സി.പി.എം പ്രവർത്തകർ അഴിഞ്ഞാടുന്ന അവസ്ഥക്ക് സർക്കാറിനെ പിരിച്ചുവിടുകയല്ലാതെ മറ്റു മാർഗ്ഗമില്ലന്നാണ് കേരളത്തിലെ ബിജെപി – ആർ.എസ്.എസ് നേതൃത്വങ്ങളും കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്.
കേരളത്തിലെ ആക്രമണത്തിനെതിരെ സംസ്ഥാനത്തിനു പുറത്ത് വലിയ തോതിൽ പ്രതിഷേധം സംഘടിപ്പിച്ചിട്ടും സിപിഎം പ്രവർത്തകർ ആക്രമണം തുടരുന്നത് വകവെച്ച് കൊടുക്കാൻ പറ്റില്ലന്നതാണ് സംഘ പരിവാർ നേതൃത്വത്തിലെ വികാരം.
തലസ്ഥാനത്ത് ആർ എസ് എസ് കാര്യവാഹക് രാജേഷ് കൊല്ലപ്പെട്ടത് വ്യക്തി വൈരാഗ്യം മൂലമാണെന്നും സി.പി.എമ്മിന് പങ്കില്ലന്നുമുള്ള വാദവും ആർ എസ് എസ് നേതൃത്വം തള്ളിക്കളയുകയാണ്.
ഇതു സംബന്ധമായി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം കേന്ദ്ര സർക്കാറിന് നൽകിയ റിപ്പോർട്ടിൽ പ്രതികൾ സി.പി.എം പ്രവർത്തകർ ആണെന്നും രാഷ്ട്രീയ പകയാണ് ആക്രമണത്തിന് കാരണമെന്നുമാണ് വ്യക്തമാക്കിയിരിക്കുന്നത്.
ഈ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ കേന്ദ്രം ഇടപെട്ടതിനെ തുടർന്നാണ് ഗവർണർ പി.സദാശിവം മുഖ്യമന്ത്രിയെയും ഡിജിപിയെയും വിളിച്ചു വരുത്തി വിശദാംശം തേടിയിരുന്നത്.
കേരളത്തിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുന്നതിനാവശ്യമായ നടപടി ഗൗരവമായി പരിശോധിക്കണമെന്ന് തന്നെയാണ് ആർ എസ് എസ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്.
നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ വന്നാലും ഭേദമാണെന്നാണ് കേരള നേതൃത്വം സംഘം ആസ്ഥാനമായ നാഗ്പൂരിനെ അറിയിച്ചിരിക്കുന്നത്.
രാജ്യത്ത് തന്നെ ആർ.എസ്.എസിന് ഏറ്റവും അധികം ശാഖയും ബലിദാനികളുമുള്ള സംസ്ഥാനമാണ് കേരളം.
അതേസമയം ആര്.എസ്.എസ്- ബി.ജെ.പി പ്രവര്‍ത്തകരെ കൊലപ്പെടുത്തി ആഘോഷിക്കുകയാണ് കേരളത്തിലെ സി.പി.എമ്മെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി ആരോപിച്ചു. മതിഭ്രമം ബാധിച്ചവരാണ് സംസ്ഥാനം ഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന രാഷ്ട്രീയ കൊലപാതകങ്ങളും, അക്രമങ്ങളും തടയാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നും, സംസ്ഥാനം ഭരിക്കുന്ന പിണറായി വിജയന് സര്‍ക്കാരിനെ അടിയന്തരമായി പിരിച്ചുവിടണമെന്നും സുബ്രഹ്മണ്യം സ്വാമി ആവശ്യപ്പെട്ടു.