ഇസ്രായേൽ പ്രധാനമന്ത്രി യുദ്ധകാല മന്ത്രിസഭ പിരിച്ചുവിട്ടു
തെൽ അവീവ്: യുദ്ധകാല മന്ത്രിസഭ പിരിച്ചുവിട്ട് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. ആറംഗ യുദ്ധ കാബിനറ്റ് പിരിച്ചുവിടുകയാണെന്ന് നെതന്യാഹു അറിയിച്ചു.
മുന്‍ പ്രതിരോധ മന്ത്രിയും മുന്‍ ആര്‍മി ജനറലുമായ ബെന്നി ഗാന്റ്സ് യുദ്ധകാല മന്ത്രിസഭയില്‍ നിന്ന് രാജിവച്ചതിന് പിന്നാലെ കഴിഞ്ഞ ദിവസം നടന്ന പൊളിറ്റിക്കല്‍ സെക്യൂരിറ്റി കാബിനറ്റ് യോഗത്തിലാണ് യുദ്ധകാല മന്ത്രിസഭ പിരിച്ച് വിടാനുള്ള തീരുമാനം നെതന്യാഹു എടുത്തതെന്നാണ് റിപ്പോർട്ട്.
ബെനി ഗാന്‍സും സഖ്യകക്ഷിയായ ഗാഡി ഐസെന്‍കോട്ടും പിന്‍വാങ്ങി ഒരാഴ്ചക്കുള്ളിലാണ് തീരുമാനം. ഇസ്രായേൽ ധനമന്ത്രി ബെസേലേൽ സ്മോട്രിച്ച്, ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻഗ്വിർ എന്നിവർ ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണം തുടരണമെന്നും പുതിയ യുദ്ധകാല മന്ത്രിസഭ രുപീകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, ഇത്തരം ആവശ്യങ്ങൾ നെതന്യാഹു നിരാകരിച്ചുവെന്നാണ് റിപ്പോർട്ട്. ഇത് സംബന്ധിച്ച മന്ത്രിസഭാ തീരുമാനങ്ങള്‍ ഇനി പ്രതിരോധ മന്ത്രി യോവ് ഗാലന്റുമായും സ്ട്രാറ്റജിക് അഫയേഴ്സ് മന്ത്രി റോൺ ഡെർമറുമായിട്ടാവും നെതന്യാഹു ചർച്ച ചെയ്യുക.
പുതിയ മാറ്റം സൈന്യത്തിന്റെ കമാന്‍ഡിങ് ശൃംഖലയെ ബാധിക്കില്ലെന്ന് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് (ഐഡിഎഫ്) വക്താവ് അറിയിച്ചു.
'പ്രതിപക്ഷനേതാവ് ബെനി ഗാന്‍സിന്റെ പ്രത്യേക ആവശ്യ പ്രകാരം അദ്ദേഹത്തെ ഉള്‍പ്പെടുത്തിയാണ് കാബിനറ്റ് രൂപീകരിച്ചത്. അദ്ദേഹം ഒഴിഞ്ഞതോടെ ഇനി അതിൻ്റെ ആവശ്യമില്ലെന്നും' നെതന്യാഹു പ്രതികരിച്ചു.
യഥാര്‍ത്ഥ വിജയത്തിലേക്ക് മുന്നേറുന്നതില്‍ നിന്ന് നെതന്യാഹു ഇസ്രായേലിനെ തടയുകയാണെന്നും അതിനാലാണ് യുദ്ധകാല സര്‍ക്കാരില്‍ നിന്ന് രാജിവെക്കുന്നതെന്നും രാജിവച്ച ബെന്നി ഗാന്റ്സ് നെതന്യാഹുവിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.