ഫാം ടൂറിസത്തിന് ഇടുക്കിയിൽ വലിയ സാധ്യതയെന്ന് മന്ത്രി ജെ ചിഞ്ചുറാണി
കോതമംഗലം: ക്ഷീര മേഖലയും അതോടനുബന്ധിച്ചുള്ള പുൽക്കൃഷി വളർത്തലും സജീവമായ ഇടുക്കിയിൽ ഫാം ടൂറിസത്തിന് വലിയ സാധ്യതയാണ് ഉള്ളതെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി.
കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് സർവകലാശാലയുടെ പതിനാലാമത് സ്ഥാപിത ദിനാഘോഷം കോലാഹലമേട് കാമ്പസിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
നിറവ് @ 14" എന്നപേരിലാണ് പരിപാടി സംഘടിപ്പിച്ചത്. ക്ഷീരകർഷകരുടെ ഉന്നമനത്തിനായി ആവിഷ്ക്കരിച്ച പതിനാല് പദ്ധതികളും പരിപാടിയോടനുബന്ധിച്ച് നാടിന്സമർപ്പിക്കപ്പെട്ടു.
വാഴൂർ സോമൻ എം.എൽ.എ അധ്യക്ഷത വഹിച്ചു.വൈസ് ചാൻസലർ ഡോ.കെ. എസ്. അനിൽ മുഖ്യ പ്രഭാഷണം നടത്തി. രജിസ്ട്രാർ ഡോ പി. സുധീർ ബാബു സ്വാഗതം ആശംസിച്ച പരിപാടിയിൽ സർവ്വകലാശാല ഭരണസമിതി അംഗങ്ങൾ, ഏലപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മറിയാമ്മ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രുതി പ്രദീപ് ,വാർഡ് മെമ്പർ സിനി വിനോദ് തുടങ്ങിയവർ പങ്കെടുത്തു.
അസോസിയേറ്റ് പ്രൊഫസർ ഡോ .നൈസി തോമസ് നന്ദി പറഞ്ഞു. മൃഗസംരക്ഷണ മേഖലയിൽ വിദ്യാഭ്യാസം ഗവേഷണം വിജ്ഞാന വ്യാപനം തുടങ്ങിയ മാനദണ്ഡങ്ങൾ പ്രകാരം പ്രവർത്തിച്ചു വരുന്ന സ്ഥാപനമാണ് വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് സർവ്വകലാശാല. വെറ്ററിനറി സയൻസിലും ഡയറി സയൻസിലും ബിരുദം, ബിരുദാനന്തര ബിരുദം, ഡോക്ടറേറ്റ് കോഴ്സുകൾക്കും പൗൾട്രി സയൻസ്, ഫുഡ് സയൻസ് വിഷയങ്ങളിൽ ബിരുദവും, വിവിധ ഡിപ്ലോമകളും ഉൾപ്പെടെയുള്ള കോഴ്സുകളും വിവിധ ഗവേഷണ പ്രവർത്തനങ്ങളും ഇവിടെ നടത്തപ്പെടുന്നു.
ടെക്നോളജി ബിസിനസ് ഇൻക്യുബേഷൻ സെന്റർ, എക്സ്പെരിമെന്റൽ ഡയറി പ്ലാന്റ്, ബേസ് ഫാമിന് പുതിയ ഓഫീസ് കെട്ടിടം,ഫാം അനുബന്ധ പരിശീലന കേന്ദ്രം, മെഗാ ബയോഗ്യാസ് പ്ലാന്റ്, വില്പന കേന്ദ്രം, ഫാം ടൂറിസം പദ്ധതികൾ എന്നിവയാണ് കോലാഹലമേട് കാമ്പസ്സിൽ ആരംഭിക്കുന്ന പദ്ധതികൾ.