പ്രവാസി മിഷൻ, പ്രവാസി ലോട്ടറി എന്നിവ ആരംഭിക്കണമെന്ന് പ്രവാസികൾ
തിരുവനന്തപുരം: പ്രവാസികളുടെ ക്ഷേമ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനായി സർക്കാരിൻറെ നേതൃത്വത്തിൽ ഒരു പ്രവാസി മിഷൻ ആരംഭിക്കേണ്ടണ്ടതുണ്ടെന്നും പുനരധിവാസം മെച്ചപ്പെടുത്തുന്നതിനായി പ്രവാസി ലോട്ടറി ആരംഭിക്കണമെന്നും പ്രവാസികൾ ആവശ്യപ്പെട്ടു.
ലോക കേരള സഭയോട് അനുബന്ധിച്ച് നിയമസഭയിൽ നടന്ന സുസ്ഥിര പുനരധിവാസം നൂതനാശയങ്ങൾ എന്ന ചർച്ചയിലായിരുന്നു വിവിധ രാജ്യങ്ങളിലെ പ്രവാസി മലയാളികൾ നിർദേശങ്ങൾ പങ്കുവച്ചത്.
ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി കേരളത്തിൽ മാത്രമാണ് പ്രവാസി ക്ഷേമ പെൻഷൻ സംവിധാനം ഉള്ളതെന്ന് ചർച്ചയുടെ ചെയർപേഴ്സണായ മന്ത്രി എം.ബി രാജേഷ് പറഞ്ഞു.
തിരിച്ചെത്തുന്ന 60 വയസ് കഴിഞ്ഞ പ്രവാസികളുടെ ക്ഷേമ പ്രവർത്തനത്തിന് പ്രത്യേക ശ്രദ്ധ നൽകേണ്ടതുണ്ട്. നിലവിലുള്ള ഡിവിഡൻറ് സ്കീം വിപുലീകരിക്കുന്നതിലൂടെ സർക്കാരിൻറെ വരുമാനം വർധിപ്പിക്കാനാകും.
ഗ്രാമ പഞ്ചായത്ത് പദ്ധതികളിൽ ഉൾപ്പെടുത്തി പ്രവാസികൾക്ക് സ്ഥിരമായി ഒരു പുനരധിവാസ പാക്കേജ് നടപ്പാക്കുക, പ്രവാസി ഗ്രാമ സഭകൾ വിളിച്ചു ചേർക്കുന്നതിനുള്ള നിർദേശം സർക്കാർ തലത്തിൽ കൊണ്ടുവരിക, തൊഴിൽ നഷ്ടപെടുന്ന പ്രവാസികൾക്ക് മറ്റു രാജ്യങ്ങളിലെ അവസരങ്ങൾ അറിയുന്നതിനുള്ള സംവിധാനം നടപ്പിലാക്കുക, പ്രാദേശിക സാമ്പത്തിക വളർച്ചയെ വർധിപ്പിക്കുന്നതിനു ഏഞ്ചൽ ഫണ്ട് രൂപീകരിക്കുക തുടങ്ങിയ നിർദേശങ്ങളാണ് പ്രവാസി മലയാളികൾ സർക്കാരിന് മുന്നിൽ വച്ചത്.
ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, പ്രവാസി ക്ഷേമ നിധി ബോർഡ് ചെയർമാൻ കെ വി അബ്ദുൽ ഖാദർ, ദലീമ എംഎൽഎ എന്നിവരും അഡീഷണൽ ചീഫ് സെക്രട്ടറി ജയതിലക്, പ്രവാസി ക്ഷേമനിധി ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഗീത ലക്ഷ്മി, എന്നിവർ ചർച്ചയിൽ പങ്കെടുത്തു.