വീണ്ടും പരോളിന് അപേക്ഷ നൽകി പീഡനക്കേസ് പ്രതി ഗുർമീത് റാം റഹീം
ന്യുഡൽഹി: പത്ത് മാസത്തിനിടെ ഏഴ് പരോൾ ലഭിച്ച ഗുർമീത് റാം റഹീം മറ്റൊരു പരോളിന് കൂടി അപേക്ഷ നൽകി. പീഡന കേസിൽ ശിക്ഷ അനുഭവിക്കുന്ന ഗുർമീത് റാം റഹീമിന്റെ നിരന്തരമായ പരോൾ ആവശ്യത്തെ പഞ്ചാബ് - ഹരിയാന ഹൈക്കോടതി മുമ്പ് ചോദ്യം ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് വീണ്ടും പരോളിന് ആവശ്യപ്പെട്ടിരിക്കുന്നത്. 21 ദിവസത്തെ പരോളിനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ദേര സച്ചാ സൗധ ചീഫ് ഗുർമിത് റഹിമിന് ജനുവരിയിൽ 50 ദിവസത്തെ പരോൾ അനുവദിച്ചിരുന്നു. 10 മാസത്തിനിടയിലെ ഏഴാമത്തെ പരോളായിരുന്നു ഇത്.തുടർന്നാണ് വീണ്ടും പരോൾ ആവശ്യം.
20 വർഷത്തേക്ക് ശിക്ഷിച്ച വ്യക്തിക്ക് എന്തിന് നിരന്തരം പരോൾ അനുവദിക്കുന്നു എന്ന ചോദ്യവും ഹൈക്കോടതി ഉന്നയിച്ചു. ദേര സച്ചാ സൗധയുടെ ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിനായാണ് പരോളെന്ന് ഗുർമീത് റാം പരോൾ അഭ്യർഥനയിൽ പറയുന്നു.
പരോൾ ആവശ്യവുമായി ബന്ധപ്പെട്ട് ഹരിയാന സർക്കാർ, സിഖ ഗുരുദ്വാര പ്രബന്ധക്ക് കമ്മറ്റി എന്നിവർക്ക് ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കുകയാണ്.
ജൂലൈ രണ്ടിനകം മറുപടി ലഭിക്കണമെന്നും നോട്ടീസിൽ വ്യക്തമാക്കി. ഈ തരത്തിൽ എത്ര പേർക്ക് പരോൾ നൽകിയിട്ടുണ്ടെന്ന് അറിയിക്കണമെന്നും ഹർജി പരിഗണിക്കവെ കോടതി വ്യക്തമാക്കി.
പീഡന കുറ്റവാളികൾക്ക് പരോൾ അനുവദിക്കുന്നതിന് ഒരു രീതിയുണ്ടെന്നും സംസ്ഥാന- തദ്ദേശഭരണ തെരഞ്ഞെടുപ്പ് സമയത്താണ് ഇത് നടക്കുന്നതെന്നും ബന്ധപ്പെട്ടവർ പറയുന്നു.
പഞ്ചാബിലെ മാൽവ മേഖലയിൽ സ്വാധീനുള്ള ആളാണ് ഗുർമീത് റഹീമും ദേര സച്ചാ സൗധ സംഘടനയും. നിയയമസഭ പാർലമെന്ററി തെരഞ്ഞെടുപ്പുകളിലെ നിർണയക സ്വാധീനമാണ് ഇവര്ക്കുള്ളത്.
മാൽവ മേഖലയിൽ 69 നിയമസഭ മണ്ഡലങ്ങളാണുള്ളത്. ആകെ സംസ്ഥാനത്തെ നിയമസഭ മണ്ഡലങ്ങളിൽ പകുതിയോളം. സംസ്ഥാനത്ത് ആകെ 117 നിയമസഭ മണ്ഡലങ്ങളാണുള്ളത്.