ചാരുംമൂട് പൊറോട്ടയിൽ പൊതിഞ്ഞ് കഞ്ചാവ് വിൽപ്പന; തട്ടുകടയിൽ യുവാക്കളുടെയും കുട്ടികളുടെയും തിരക്ക്: ഉടമയെ എക്സൈസ് പിടികൂടി
ചാരുംമൂട്: നിരവധി കേസിലെ പ്രതി കഞ്ചാവുമായി പിടിയിലായി. ചാരുംമൂട് പുതുപ്പള്ളിക്കുന്നത്ത് താമസിക്കുന്ന ഖാൻ മൻസിലിൽ ഷൈജു ഖാൻ ആണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്.
ചാരുംമൂട് കേന്ദ്രീകരിച്ച് മൊത്തക്കച്ചവടക്കാർക്കും ചില്ലറ കച്ചവടക്കാർക്കും കഞ്ചാവ് വിതരണം ചെയ്തിരുന്ന ഇയാൾക്കെതിരേ നിരവധി കേസുണ്ടെന്ന് നൂറനാട് എക്സൈസ് ഇൻസ്പെക്ടർ പറഞ്ഞു.
ഇന്നലെ രാവിലെ നൂറനാട് എക്സൈസ് ഇൻസ്പെക്ടർ പി ജയപ്രസാദിന്റെ നേതൃത്വത്തിൽ എക്സൈസ് സംഘം ഷൈജുഖാന്റെ നൂറനാട് പുതുപ്പള്ളിക്കുന്നത്തുള്ള വീട് വളഞ്ഞു നടത്തിയ പരിശോധനയിൽ 1.5 കിലോ കഞ്ചാവ് കണ്ടെടുക്കുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
മാവേലിക്കര താലൂക്കിലെ വിവിധ കോളജ്, സ്കൂൾ കുട്ടികൾക്കും യുവാക്കൾക്കും ചെറുകിട കച്ചവടക്കാർക്കും ഇയാൾ കഞ്ചാവ് വിതരണം ചെയ്തുവന്നിരുന്നതായി എക്സൈസ് ഇൻസ്പെക്ടർ പറഞ്ഞു.
എക്സൈസ് ഷാഡോ ടീമിന്റെ നിരീക്ഷണത്തിലായിരുന്നു ഇയാൾ. മാസങ്ങൾക്ക് മുമ്പ് ചാരുംമൂട് കേന്ദ്രീകരിച്ചു തട്ടുകടയുടെ മറവിൽ പൊറോട്ടയിൽ പൊതിഞ്ഞു കഞ്ചാവ് വില്പന നടത്തിയ ഇയാൾക്കെതിരേ എക്സൈസ് കേസെടുക്കുകയും നൂറനാട് പഞ്ചായത്ത് ഇടപെട്ട് തട്ടുകട പൊളിച്ചുനീക്കുകയും ചെയ്തിരുന്നു.
എക്സൈസ് പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എം.കെ ശ്രീകുമാർ, കെ സുരേഷ്കുമാർ, പ്രിവന്റീവ് ഓഫീസർ ജി അശോകൻ, സിനുലാൽ, അരുൺ, ആർ പ്രകാശ്, സിവിൽ എക്സൈസ് ഓഫീസർ പ്രവീൺ, അനു, വനിതാ സിവിൽ എക്സൈസ് ഓഫീസർ വിജയലക്ഷ്മി, എക്സൈസ് ഡ്രൈവർ സന്ദീപ് എന്നിവർ പങ്കെടുത്തു.