മുഖ്യമന്ത്രിയും മന്ത്രിമാരും ചേർന്ന് മൃതദേഹങ്ങൾ ഏറ്റുവാങ്ങി
കൊച്ചി: പ്രിയപ്പെട്ടവരുടെ ദാരുണാന്ത്യത്തിൽ കണ്ണീർത്തുരുത്തായി കേരളം. കുവൈറ്റിലെ മംഗഫിൽ തീപിടിത്തത്തിൽ മരിച്ച 24 മലയാളികൾ ഉൾപ്പടെയുള്ളവരുടെ മൃതദേഹങ്ങൾ രാവിലെ പത്തോടെയാണ് കൊച്ചിയിലെത്തിയത്.
നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ നടപടി ക്രമങ്ങൾക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ചേർന്ന് മൃതദേഹങ്ങൾ ഏറ്റുവാങ്ങി അന്തിമോപചാരം അർപ്പിച്ചു.
തുടര്‍ന്ന് മരിച്ചവരുടെ കുടുംബാംഗങ്ങളും ബന്ധുക്കളും അന്തിമോപചാരമര്‍പ്പിച്ചു. കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്, സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ എന്നിവരടക്കം നിരവധി പേരാണ് ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയത്.
മൃതദേഹങ്ങൾ വിമാനത്താവളത്തിൽ പൊതുദർശനത്തിന് വച്ചു. 23 മലയാളികളുടെയും തമിഴ്നാട് സ്വദേശികളായ ഏഴ് പേരുടെയും മൃതദേഹങ്ങൾ കൊച്ചിയിൽ വെച്ച് കൈമാറി.
ഒരു കർണാടക സ്വദേശിയുടെ മൃതദേഹവും കൈമാറി. മലയാളി ഡെന്നി ബേബിയുടെ മൃതദേഹം മുംബൈയിൽ ഇറക്കും. വിമാനത്താവളത്തിൽ നിന്ന് മൃതദേഹങ്ങൾ പ്രത്യേക ആംബുലൻസുകളിൽ നാട്ടിലെത്തിക്കും.
ദുരന്തത്തിൽ 50പേർക്കാണ് ജീവൻ നഷ്ടമായത്. 47 ഇന്ത്യക്കാരും മൂന്നുപേർ ഫിലിപീൻസുകാരും. ഇതിൽ 48 പേരെ തിരിച്ചറിഞ്ഞു. ആറ് മലയാളികളടക്കം ഒമ്പത് പേർ പരിക്കേറ്റ് ഗുരുതരാവസ്ഥയിലാണ്.
മംഗഫിലെ തൊഴിലാളികളെ പാർപ്പിക്കുന്ന ആറു നില കെട്ടിടത്തിൽ ബുധനാഴ്ച പുലർച്ചെ നാലോടെയുണ്ടായ തീപിടിത്തത്തിൽ കനത്ത പുക ശ്വസിച്ചാണ് ഭൂരിഭാഗം മരണങ്ങളുമെന്ന് സ്ഥിരീകരിച്ചു.
മലയാളി വ്യവസായി കെ.ജി അബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള എൻ.ബി.ടി.സിയിലെയും ഹൈവേ സൂപ്പർ മാർക്കറ്റിലേയും ജീവനക്കാരാണ് ദുരന്തത്തിൽപ്പെട്ടത്.
കെട്ടിടത്തിൽ 196 പേരാണ് താമസിച്ചത്. തീപിടിത്തമുണ്ടായ സ്ഥലം പ്രത്യേക സംഘം പരിശോധിച്ചു. ആശുപത്രികളിലെത്തി പരിക്കേറ്റവരുടെ മൊഴിയെടുത്തു.
ഗാർഡ് റൂമിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് കുവൈത്ത് സ്ഥിരീകരിച്ചു. സംഭവത്തിൽ കുവൈത്ത് സ്വദേശിയെയും പ്രവാസിയെയും കസ്റ്റഡിയിൽ വയ്ക്കാൻ കുവൈത്ത് പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു.
മനപൂർവ്വമല്ലാത്ത നരഹത്യക്കാണ് കേസ്. കമ്പനി ഉടമ, കെട്ടിട ഉടമ, കെട്ടിടം കാവൽക്കാരൻ എന്നിവരെ അറസ്റ്റ് ചെയ്യാൻ ബുധനാഴ്ച ആഭ്യന്തര മന്ത്രാലയം നിർദേശിച്ചിരുന്നു.
കേസിൽ ഒന്നിലധികം പ്രവാസികൾ കസ്റ്റഡിയിലായതായാണ് റിപ്പോർട്ട്. തീപിടിത്തത്തിൽ പരിക്കേറ്റ ഇന്ത്യക്കാരെ വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് വ്യാഴാഴ്ച രാവിലെ കുവൈത്തിലെ ജാബർ ആശുപത്രിയിൽ സന്ദർശിച്ചു.