ബാലവേല നിരോധനത്തിൽ കേരളം രാജ്യത്തിന് മാതൃകയെന്ന് മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: 1986ലെ ബാല – കൗമാര വേല(നിരോധനവും നിയന്ത്രണവും) നിയമ പ്രകാരം 14 വയസ്സ് വരെ ബാല്യമെന്നും 14 മുതൽ 18 വരെ കൗമാരമെന്നും നിർവചിക്കുന്നു.
ഈ നിയമ പ്രകാരം 14 വയസ്സിനു മുകളിലുള്ളവർക്ക് നിയന്ത്രണങ്ങളോടെ അപകടകരമല്ലാത്ത തൊഴിൽ ചെയ്യാം. തൊഴിൽ വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം ബാലവേല കണ്ടെത്തുന്നതിന് പതിവായി പരിശോധന നടത്തി നടപടി സ്വീകരിക്കുന്നുണ്ട്.
ഇതിലൂടെ സംസ്ഥാനത്ത് പൂർണമായും ബാലവേല ഇല്ലാതായിരിക്കുകയാണ്. ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിലടക്കം പൂർണമായും ബാലവേല ഇല്ലാതാക്കാനുള്ള നടപടികളും സർക്കാർ കൈക്കൊണ്ടിട്ടുണ്ട്.
കളക്ടർ അധ്യക്ഷനായും ജില്ലാ ലേബർ ഓഫീസർ കൺവീനറായും ജില്ലാതല മോണിറ്ററിങ്ങ് കമ്മിറ്റി നിലവിലുണ്ട്. വിവിധ വകുപ്പുകൾ, എൻജിഒ, ചൈൽഡ് ലൈൻ, വ്യാപാരി വ്യവസായി സംഘടനകൾ, ട്രേഡ് യൂണിയനുകൾ എന്നിവയുടെ ഏകോപനത്തിലൂടെ നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.
സംസ്ഥാനത്തെ വ്യാപാര സ്ഥാപനങ്ങൾ, ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ഇതര സംസ്ഥാന തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾ തുടങ്ങിയവ ബാലവേല വിമുക്തമാണെന്നും ബാലവേല നിരോധന നിയമ പ്രകാരമുള്ള വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കാനുള്ള പരിശോധന സംസ്ഥാന വ്യാപകമായി നടത്തിവരുന്നു. റസിഡൻസ് അസോസിയേഷനുകൾ കേന്ദ്രീകരിച്ചുള്ള ബോധവൽക്കരണ പരിപാടികളും നടത്തുന്നുണ്ട്.
ഇടുക്കിയാണ് സംസ്ഥാനത്തെ ആദ്യ ബാലവേല വിമുക്ത ജില്ല. ഈ മാതൃക പിന്തുടർന്ന് മറ്റ് ജില്ലകളിലും പ്രവർത്തനങ്ങൾ സജീവമാണ്.
ബാലവേല സുസ്ഥിരമായി അവസാനിപ്പിക്കാനുള്ള നടപടികൾ:
1) ബാലവേലയുടെ നിയമവിരുദ്ധത, അധാർമികത എന്നിവയിൽ അവബോധം വളർത്തൽ
2) എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസ, പുനരധിവാസ സേവനങ്ങൾ ഉറപ്പാക്കൽ
3) വിട്ടുവീഴ്ചയില്ലാതെ നിയമം നടപ്പാക്കുക
4) ബാലവേലരഹിത പദവി നിലനിർത്തുന്നതിന് തുടർച്ചയായ നിരീക്ഷണവും വിലയിരുത്തലും
ബാലവേല നിരോധന നിയമം നടപ്പാക്കുന്നതിൽ സംസ്ഥാനത്തിന്റെ ശ്രമങ്ങൾ രാജ്യത്തിന് മാതൃകയും രാജ്യാന്തര ശ്രദ്ധ നേടിയതുമാണ്. ആ ലക്ഷ്യം കൈവരിക്കാൻ പിന്തുണച്ചവർക്ക് നന്ദി.