ട്രോളിംഗ് നിരോധനം: മത്തിക്ക് വില 340; സ്പെഷ്യൽ ഊണിന് ചാർജ് കൂട്ടി ഹോട്ടലുകൾ
കോട്ടയം: മത്തി(ചാള) റിക്കാര്‍ഡ് കുറിച്ചു. രണ്ടു ദിവസമായി കിലോ വില 320 - 340. ട്രോളിംഗ് നിരോധനത്തെ തുടർന്നുള്ള ലഭ്യത കുറവാണ് മീന്‍ വില കുത്തനെ ഉയര്‍ത്തിയത്.
ചൂണ്ടക്കാരും വലക്കാരും എത്തിക്കുന്ന മീനാണ് ഇപ്പോള്‍ മാര്‍ക്കറ്റില്‍ എത്തുന്നത്. വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളില്‍നിന്നും മത്തി വൈകാതെ എത്തുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.
മറ്റിനം മീനുകള്‍ക്കും വില ഏറെ വര്‍ധിച്ചു. മോത - 580, തള-400, കേര - 480, ഉഴുവല്‍ -200, ചെമ്പല്ലി - 240, കിളി - 260, അയല - 320 എന്നിങ്ങനെയാണ് ഇന്നലെ വില.
ട്രോളിംഗ് നിരോധനം കഴിയാതെ മീന്‍വിലയില്‍ കുറവു വരില്ല. മീന്‍വില വര്‍ധിച്ചതോടെ ഹോട്ടലുകളിൽ സ്പെഷല്‍ ഊണിന് നിരക്കുകൂട്ടി.ഇറച്ചിവിലയും സാധാരണക്കാര്‍ക്ക് താങ്ങാനാവുന്നില്ല. പോത്തിറച്ചി 430, പന്നി - 380 - 400, കോഴി - 170 നിരക്കിലാണ്. ഇറച്ചിയുടെ വില നിയന്ത്രിക്കാന്‍ തദേശസ്ഥാപനങ്ങള്‍ക്ക് അധികാരമുണ്ട്.
കേരളത്തില്‍ മാംസ വില ഏറ്റവും കൂടുതലുള്ളത് കോട്ടയം ജില്ലയിലാണ്. ജില്ലാ പഞ്ചായത്തിന്റെ അനാസ്ഥയാണ് മാംസത്തിന് ഓരോ പഞ്ചായത്തിലും ഓരോ നിരക്ക് വരാന്‍ കാരണമായിരിക്കുന്നത്.