കുവൈറ്റ് തീപിടിത്തത്തിൽ മരിച്ചത് 14 മലയാളികൾ: പ്രധാനമന്ത്രി 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു
കുവൈറ്റ് സിറ്റി: ബുധനാഴ്ച പുലർച്ചെ കുവൈറ്റിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരിൽ 14 മലയാളികളെ തിരിച്ചറിഞ്ഞു.
കൊല്ലം ഓയൂർ സ്വദേശി ഉമറുദ്ദീൻ ഷമീർ(33), പുനലൂർ നരിക്കൽ വാഴവിള അടിവള്ളൂർ സാജൻ ജോർജ്(29), വെളിച്ചിക്കാല വടകോട്ട് വിളയിൽ ലൂക്കോസ്(48), പന്തളം സ്വദേശി ആകാശ് ശശിധരൻ നായർ(23), കാസർഗോഡ് കുണ്ടടുക്കം സ്വദേശി രഞ്ജിത്(34), പൊന്മലേരി സ്വദേശി കേളു(51), കോട്ടയം പാമ്പാടി സ്വദേശി സ്റ്റെഫിൻ എബ്രഹാം സാബു(29), വാഴമുട്ടം സ്വദേശി പി.വി മുരളീധരൻ(54), കോന്നി അട്ടച്ചാക്കൽ സ്വദേശി ചെന്നിശ്ശേരിയിൽ സജു വർഗീസ്(56), തിരുവല്ല മേപ്രാൽ ചിറയിൽ കുടുംബാംഗം തോമസ് ഉമ്മൻ(37), ചങ്ങനാശ്ശേരി ഇത്തിത്താനം ഇളങ്കാവ് ഭാഗത്ത് കിഴക്കേടത്ത് വീട്ടിൽ പ്രദീപ് - ദീപ ദമ്പതികളുടെ മകൻ ശ്രീഹരി പ്രദീപ്(27), മലപ്പുറം സ്വദേശികളായ തിരൂർ കൂട്ടായി കോതപറമ്പ് കുപ്പൻറെ പുരക്കൽ നൂഹ്(40), പുലാമന്തോൾ തിരുത്ത് സ്വദേശി എം.പി ബാഹുലേയൻ(36),കണ്ണൂർ ധർമടം സ്വദേശി വിശ്വാസ് കൃഷ്ണൻ എന്നിവരെയാണ് തിരിച്ചറിഞ്ഞത്.
കേരളം, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നടക്കം മരിച്ചവരിൽ 41 പേർ ഇന്ത്യക്കാരാണെന്നു റിപ്പോർട്ട്.196 തൊഴിലാളികളാണ് ഇവിടെ താമസിച്ചിരുന്നത്. 146 പേരെ രക്ഷിച്ചെന്ന് അധികൃതർ.
41 പേരുടെ മരണം സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതിൽ 26 പേരെ തിരിച്ചറിഞ്ഞു. പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന 50 -ലധികം പേരിൽ മൂപ്പതോളം പേർ മലയാളികളാണ്.
കെട്ടിടത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ ഈജിപ്ഷ്യൻ പൗരൻറെ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചാണ് തീപടർന്നത്. തൊഴിലാളികൾ ഭൂരിപക്ഷവും ഉറക്കത്തിലായിരുന്നു.
തീയും പുകയും നിറഞ്ഞപ്പോഴാണ് പലരും ഉണർന്നത്. ചിലർ താഴേക്കു ചാടി. കോണിപ്പടിക്കു സമീപമായിരുന്നു മൃതദേഹങ്ങളിൽ ഭൂരിപക്ഷവും.
തൊഴിലാളി ക്യാമ്പിലുണ്ടായ തീ പിടുത്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് കേന്ദ്രസർക്കാർ രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും രണ്ടു ലക്ഷം രൂപ വീതമാണ് അനുവദിക്കുക. മൃതദേഹങ്ങൾ ഉടൻ നാട്ടിലേക്ക് എത്തിക്കുമെന്ന് വിദേശകാര്യ സഹമന്ത്രി കീര്ത്തി വർധൻ സിങ്ങ് പറഞ്ഞു.