തൊടുപുഴയിൽ വൈദ്യുതി ഉപഭോക്താക്കൾ വൻതുക ബില്ലിനത്തിൽ അടച്ച സംഭവം; ഉദ്യോഗസ്ഥരുടെ പടലപിണക്കം മൂലമെന്ന് സൂചന, കുറ്റക്കാരെ രക്ഷിക്കാൻ നീക്കം
തൊടുപുഴ: അമിത വൈദ്യുതി ബിൽ ഒരു കൂട്ടം ഉപഭോക്താക്കൾക്ക് നൽകേണ്ടി വന്ന സംഭവം വഴിത്തിരിവിൽ. ഉദ്യോഗസ്ഥർ തമ്മിൽ ഉണ്ടായ ഭിന്നതയെ തുടർന്ന് ബോധപൂർവം ബില്ലിൽ കൃത്രിമം നടത്തിയതെന്നാണ് സൂചന.
2023 മെയ് മാസത്തിലാണ് തൊടുപുഴ മേഖലയിലെ ഉപഭോക്താക്കളെ വമ്പൻ ബില്ലുകൾ നൽകി കെ .എസ്.ഇ .ബി . ഞെട്ടിച്ചത് .ഉപയോഗിച്ച വൈദ്യുതിക്ക് മുടങ്ങാതെ പണമടച്ചുകൊണ്ടിരുന്ന ഏകദേശം മുന്നൂറോളം ഉപഭോക്താക്കളെ, മുൻകാലങ്ങളിൽ അവർ ഉപയോഗിച്ച വൈദ്യുതിക്ക് ബില്ല് നൽകിയത് കുറഞ്ഞുപോയി എന്നും,ഇത് മീറ്റർ റീഡിങ് എടുക്കുന്ന ആൾക്ക് പറ്റിയ പിഴവായിരുന്നു എന്നും പറഞ്ഞു ആയിരവും രണ്ടായിരവും മുവായിരവും യൂണിറ്റ് വൈദ്യുതിയുടെ തുക ഉയർന്ന നിരക്കിൽ കണക്കാക്കി വൻ തുകകളുടെ ബില്ല് നൽകുകയായിരുന്നു .
2023 ജൂൺ, ജൂലൈ മാസങ്ങളിലും ഇത് തുടർന്നു. പരാതിയുമായി എത്തിയ ഉപഭോക്താക്കളെ യഥാർത്ഥ ഉപഭോഗത്തിനു മാത്രമേ ബില്ല് നൽകിയിട്ടുള്ളൂ എന്നും ഉത്തരവാദിയായ മീറ്റർ റീഡറെ പിരിച്ചു വിട്ടു എന്നും ഉപഭോക്താക്കളെ ധരിപ്പിച്ച കെ .എസ്.ഇ .ബി അധികൃതർ ബില്ലടയ്ക്കാൻ സാവകാശവും തവണയും അനുവദിച്ചു. ഇതിനും പുറമെ ഉപഭോക്താക്കൾക്ക് നൽകിയ ഭീമമായ ബില്ലുകളുടെ ഏകദേശം നാൽപ്പത് ലക്ഷത്തോളം രൂപയുടെ ഉത്തരവാദിത്വം ആരോപിച്ചു സീനിയർ സൂപ്രണ്ട്, അസിസ്റ്റൻറ് എഞ്ചിനീയർ ഉൾപ്പടെ ഏഴ് ഉദ്യോഗസ്ഥരെ തൊടുപുഴ ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ 2023 മെയ് ജൂൺ മാസങ്ങളിലായി സർവീസിൽ നിന്നും സസ്പെൻഡ് ചെയ്യുകയും ഇവരുൾപ്പടെ 12 ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി തുടരുകയുമാണ്.
ഉപയോഗിച്ചു എന്ന് പറഞ്ഞ യൂണിറ്റ് വ്യാജമെന്ന് തെളിഞ്ഞു (സബ് ഹെഡിംഗ്) കെ .എസ്.ഇ .ബി അധികൃതർ പറഞ്ഞത് വിശ്വസിച്ചു പണമടച്ച ഉപഭോക്താക്കളെ അവർ അക്ഷരാർത്ഥത്തിൽ വഞ്ചിക്കുകയായിരുന്നു എന്നുള്ള വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.ക്രമാതീതമായ മീറ്റർ റീഡിങ് വ്യത്യാസത്തെത്തുടർന്ന് ഉപഭോക്താക്കളിൽനിന്നും വൻതോതിൽ പരാതി ഉയരുകയും നിരവധി പേർ നിയമനടപടിയുമായി മുന്നോട്ടുപോവുകയും ചെയ്ത പശ്ചാത്തലത്തിൽ നിർദേശത്തെത്തുടർന്ന് ഉപഭോഗം ഉയർന്ന തലത്തിൽനിന്നുമുള്ള രേഖപ്പെടുത്തിയ ഉപഭോക്തക്കളുടെ റീഡിങ് ഡാറ്റാ എ .പി .ടി .എസ് .
വിഭാഗം ഡൗൺലോഡ് ചെയ്തു .ഇത് പ്രകാരം 2023 മെയ്, ജൂൺ, ജൂലൈ മാസങ്ങളിൽ മീറ്റർ റീഡർ മുൻ കാലത്തെ കുറവ് എന്ന് രേഖപ്പെടുത്തിയ റീഡിങ്ങുകളെല്ലാം കൃത്രിമമായിരുന്നു എന്നും യഥാർത്ഥ റീഡിങ് ബില്ലിൽ കാണിച്ചതിനേക്കാൾ വളരെ കുറവായിരുന്നു എന്നുമാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ഇതിൻറെ അടിസ്ഥാനത്തിൽ കെ .എസ്.ഇ .ബി അധികൃതർ ഏകദേശം അൻപതോളം ഉപഭോക്താക്കളുടെ ബില്ലുകൾ 2024 ഫെബ്രുവരി, മാർച്ച് .ഏപ്രിൽ മെയ് മാസങ്ങളിലായി പുതുക്കി നൽകി.
ഇല്ലാത്ത ഉപയോഗം അടിച്ചേൽപ്പിച്ചു നൽകിയ ബില്ലുകളിൽ പുതിയ പരിശോധനാ പ്രകാരം യൂണിറ്റിൽ കുറവ് വരുത്തിയെങ്കിലും തുകയിൽ ആനുപാതികമായ കുറവില്ല. അവിടെയുംകെ .എസ്.ഇ .ബിഉദ്യോഗസ്ഥർ കൃത്രിമം തുടരുകയാണ്.
30063 നമ്പറിലുള്ള ഉപഭോക്താവിന് 19 .05 .2023 ൽ 1406 യൂണിറ്റിന് 13,737 രൂപയുടെ ബിൽ നൽകിയത് , പുതിയ പരിശോധനയുടെ അടിസ്ഥാനത്തിൽ 307 യൂണിറ്റിന് 9133 രൂപയായി ആണ് പുതുക്കി നൽകിയിരിക്കുന്നത് .എന്നാൽ കെ .എസ്.ഇ .ബി യുടെ റെഡി റെക്കോനെർ പ്രകാരം 307 യൂണിറ്റ് ദ്വൈമാസ ഉപഭോഗത്തിനു ഈടാക്കേണ്ട തുക 1625 രൂപ മാത്രം.
24579 നമ്പറിലുള്ള ഉപഭോക്താവിന് 24 .05 .2023 ൽ 2189 യൂണിറ്റിന് 21128 രൂപയുടെ ബില്ലാണ് നൽകിയിരുന്നത് .13 .03 2023 ൽ യഥാർത്ഥ ഉപഭോഗം 376 യൂണിറ്റ് എന്ന് കാണിച്ചു പുതുക്കി നൽകിയ തുക 15059 രൂപ എന്നാൽ കെ .എസ്.ഇ .ബി യുടെ റെഡി റെക്കോനെർ പ്രകാരം 376 യൂണിറ്റിന് വരുന്ന ചാർജ് വെറും 2147 രൂപ മാത്രം.
ഉദ്യോഗസ്ഥ ശീത സമരത്തിൻറെയും പകപോക്കലിൻറെയും ഇരകളായി ഉപഭോക്താക്കൾ മാറിയെന്നു സംശയിക്കേണ്ടിയിരിക്കുന്നു .
കെ .എസ്.ഇ .ബി തൊടുപുഴ നമ്പർ വൺ സബ്ഡിവിഷനിലെ മുൻ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ,ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ എന്നിവർക്ക് അസിസ്റ്റൻറ് എഞ്ചിനീയർ, സീനിയർ സൂപ്രണ്ട് എന്നിവരുമായി ഉണ്ടായിരുന്ന അസ്വാരസ്യം ഒരു പണി കൊടുക്കലിൽ കലാശിച്ചതിൻറെ ദുരിതമാണ് തൊടുപുഴയിലെ ഉപഭോക്താക്കൾ ഇപ്പോൾ അനുഭവിക്കുന്നത്, ഏതാനും മീറ്ററുകളിൽ മുൻ കരാർ മീറ്റർ റീഡർ കാണിച്ച കൃത്രിമം ശ്രദ്ധയിൽപ്പെട്ടപ്പോൾ പുതിയതായി നിയോഗിക്കപ്പെട്ട മീറ്റർ റീഡറുടെ സഹായത്തോടെ ഉന്നത ഉദ്യോഗസ്ഥർ വൻതോതിൽ,ഏതാണ്ട് മുന്നൂറോളം ഉപഭോക്താക്കൾക്ക് യഥാർത്ഥത്തിലുള്ള ഉപഭോഗം പെരുപ്പിച്ചുകാട്ടി ഉയർന്ന ബില്ലുകൾ നൽകുകയായിരുന്നു എന്നാണ് പുതിയ പരിശോധനയിൽനിന്നും വ്യക്തമാകുന്നത്.
കൃത്രിമ റീഡിങ് രേഖപ്പെടുത്തി ഉയർന്ന ബില്ലുകൾ നൽകിയ മീറ്റർ റീഡർ ഇപ്പോഴും ജോലിയിൽ തുടരുന്നത് ഉദ്യോഗസ്ഥ തലത്തിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന് തെളിവാണ് .മുൻപ് ഉൺദ്യോഗസ്ഥർക്കെതിരെ എടുത്ത നടപടി ശരിയാണെന്നു സ്ഥാപിക്കാനാണ് ബിൽ തുകയിൽ കാര്യമായ കുറവ് വരുത്താതെ പേരിനു പുതുക്കി നൽകുന്നതും വിവരങ്ങൾ രഹസ്യമാക്കി വച്ചിരിക്കുന്നതും .
കൂടാതെ ഏകദേശം ഇരുന്നൂറ്റി അൻപതോളം ഉപഭോക്താക്കളുടെ റീഡിങ് വിവരങ്ങൾ മീറ്ററിൽ നിന്നും ഡൗൺലോഡ് ചെയ്യാൻ സാധിക്കാതെ പോയതായും അവരുടെ ബില്ലുകൾ കുറവ് ചെയ്യണമെന്ന ആവശ്യം ഉയർന്നാൽ ഉദ്യോഗസ്ഥർ പ്രതിസന്ധിയിൽ ആകും എന്നുള്ളത് കൊണ്ടുകൂടിയാണ് , ബില്ലിലെ അപാകതകൾ രഹസ്യമാക്കി വച്ചിരിക്കുന്നത് എന്നും സൂചനയുണ്ട്.
കെ.എസ്.ഇ.ബി വെബ് സൈറ്റിൽ ബിൽ കാൽക്കുലേറ്റർ എന്ന വിഭാഗത്തിൽ കയറി താരിഫ് ,യൂണിറ്റ് ഇത്രയും നൽകിയാൽ ഇപ്പോഴത്തെ നിരക്ക് എല്ലാ ഉപഭോക്താക്കൾക്കും അറിയാനാവും .എന്നിട്ടും ഉപഭോക്താക്കളെ കുറ്റവാളികളായി ചിത്രീകരിച്ചും അമിത തുക വൈദ്യുതി ചാർജായും ഈടാക്കിയിട്ടും ആരും ചോദിക്കാനുണ്ടായില്ല .
ആരോപണ വിധേയരായ ഉദ്യോഗസ്ഥർ തിരിമറി നടത്തിയെന്ന് പറയുന്നവർ ബന്ധപ്പെട്ട രേഖകളുടെയും തെളിവുകളുടെയും പകർപ്പ് നൽകാൻ അന്വേഷണ ഉദ്യോഗസ്ഥർ തയ്യാറാകാത്തതിലും ദുരൂഹതയുണ്ട് .1500 പേജ് വരുന്ന അന്വേഷണ റിപ്പോർട്ട് പകർത്തി എഴുതുക എന്ന ആണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിലപാടാത്രെ.
രണ്ടു പശുക്കളെ വളർത്തുന്ന ഒരു സ്ത്രീ അമിത ബില് അടയ്ക്കാൻ മാർഗമില്ലാതെ തൊടുപുഴ വൈദ്യുതി ഓഫിസിൽ വന്നു കരയുന്ന ദൃശ്യങ്ങൾ ആളുകൾ മറന്നിട്ടുണ്ടാവില്ല . ജനങ്ങളെ കൊള്ളയടിച്ച ഉദ്യോഗസ്ഥർക്കെതിരെ ഉന്നത അന്വേഷണം ആവശ്യപ്പെട്ടു കോടതിയെ സമീപിച്ചാൽ മാത്രമേ ജനത്തിന് നീതി കിട്ടുകയുള്ളു .കാരണം ഭരണ സംവിധാനം ഒന്നാകെ കുഴപ്പക്കാരുടെ കൂടെയാണ്.