ഭാരമേറിയ സ്ക്കൂള് ബാഗുകള്‍ നിരോധിച്ച് തെലങ്കാന സര്‍ക്കാര്‍ മാതൃകയാകുന്നു
തെലങ്കാന: ‘തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുക’ എന്ന ശൈലി അന്വര്‍ത്ഥമാക്കുന്ന തരത്തിലാണ് ഇന്ന് നമ്മുടെ പല സ്ക്കൂള് കാഴ്ച്ചകളും…
പുത്തന്‍ യൂണിഫോമും ബാഗും കുടയുമെല്ലാം കുട്ടികളില്‍ കൗതുകം ജനിപ്പിച്ച് അതവരുടെ സ്ക്കൂള് പ്രവേശനത്തെ ഗംഭീരമാക്കുമ്പോള്‍ പിന്നീട് അവര്‍ക്ക് നേരിടേണ്ടി വരുന്ന അവസ്ഥകളെ കുറിച്ച് ആരും ചിന്തിക്കാറില്ല. പ്രത്യേകിച്ച് സ്ക്കൂള് അധികൃതര്‍.
കുഞ്ഞുതോളില്‍ വലിയ ബാഗുമായി സ്ക്കൂളിലേക്ക് നീങ്ങുന്ന കുരുന്നുകള്‍ക്ക് ആശ്വാസമേകി പ്രൈമറി സ്ക്കൂള് വിദ്യാര്‍ത്ഥികളുടെ ഭാരമേറിയ സ്ക്കൂള് ബാഗുകള്‍ നിരോധിച്ചു കൊണ്ട് തെലങ്കാന സര്‍ക്കാര്‍ മാതൃകയാകുന്നു.
നാലു വയസ്സ് പ്രായമുള്ള കുട്ടികള്‍ അവരുടെ ശരീരഭാരത്തേക്കാള്‍ കൂടുതല്‍ ഭാരമുള്ള ബാഗുകള്‍ വഹിച്ചുകൊണ്ടാണ് വിദ്യാലയങ്ങളില്‍ സാധാരണ എത്തിച്ചേര്‍ന്നിരുന്നത്. എന്നാല്‍ ഈ സാഹചര്യം സംസ്ഥാനത്ത് ഇനി മാറുകയാണ്.
രക്ഷിതാക്കളും ബാലാവകാശ പ്രവര്‍ത്തകരും ഈ ‘ഭാരം ചുമക്കലില്‍’ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നെങ്കിലും വിദ്യാര്‍ത്ഥികള്‍ പുസ്തകങ്ങളും മറ്റു ബന്ധപ്പെട്ട പഠന വസ്തുക്കളും ക്ലാസ് മുറികളിലേക്ക് നിര്‍ബന്ധമായും കൊണ്ടുവരണമെന്ന നിലപാടിലായിരുന്നു സ്ക്കൂള് അധികൃതര്‍.
ഇത് കുട്ടികളില്‍ അനവധി ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് മാതാപിതാക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ മാതാപിതാക്കളും അധികൃതരും തമ്മില്‍ തര്‍ക്കം സൃഷ്ടിക്കുക എന്നതിലപ്പുറം യാതൊരു പ്രയോജനവും കുട്ടികള്‍ക്ക് ഇതുകൊണ്ട് ഉണ്ടായിട്ടില്ല എന്നതാണ് വാസ്തവം.
ഒടുവില്‍ പ്രൈമറി സ്ക്കൂള് വിദ്യാര്‍ത്ഥികള്‍ക്കായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഭാരമേറിയ ബാഗുകള്‍ നിരോധിച്ചു കൊണ്ട് ഉത്തരവിറക്കി.
അഞ്ച് കിലോഗ്രാം തൂക്കമുള്ള സ്കൂള്‍ ബാഗുകള്‍ പ്രൈമറി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പാടില്ലെന്ന ഉത്തരവിനെ അധ്യാപകരും വിദ്യാര്‍ത്ഥികളും ഒരുപോലെയാണ് സ്വാഗതം ചെയ്തത്.
തെലങ്കാന സര്‍ക്കാരിന്റെ ഈ നടപടികള്‍ പ്രചോദനമായി ഉള്‍ക്കൊണ്ട് മറ്റ് സംസ്ഥാനങ്ങളും ഇത്തരത്തില്‍ കുട്ടികള്‍ക്കനുകൂലമായ നിലപാട് സ്വീകരിക്കുമെന്ന വിശ്വാസത്തിലാണ് മാതാപിതാക്കളും അദ്ധ്യാപകരും.