ചൈനീസ് പ്രകോപനം; ടിബറ്റിലെ 30 സ്ഥലങ്ങൾക്ക് പുതിയ പേര് നൽകാൻ കേന്ദ്രം
ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് പുതിയ പേര് നൽകുന്ന ചൈനയുടെ പ്രകോപനത്തിന് അതേ നാണയത്തിൽ തിരിച്ചടി നൽകാൻ ഇന്ത്യ.
ടിബറ്റിലെ 30 സ്ഥലങ്ങൾക്ക് പുതിയ പേര് നൽകാനുള്ള ശുപാർശയ്ക്കു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എൻ.ഡി.എ സർക്കാർ അനുമതി നൽകി.
ടിബറ്റിന്റെ ചരിത്രത്തെ അടിസ്ഥാനമാക്കിയുള്ളതാണു പുതിയ പേരുകൾ. യഥാർഥ നിയന്ത്രണ രേഖ(എൽ.എ.സി) സംബന്ധിച്ച ഇന്ത്യൻ സൈന്യത്തിന്റെ ഭൂപടം ഈ പേരുകൾ ഉൾപ്പെടുത്തി ഉടൻ പുതുക്കുമെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
11 ജനവാസ കേന്ദ്രങ്ങൾ, 12 പർവതങ്ങൾ, നാലു നദികൾ, ഒരു തടാകം, ഒരു ചുരം, ഒരു ഭൂപ്രദേശം എന്നിവയുടെ പേരാണ് ഇന്ത്യ മാറ്റുന്നത്.
അരുണാചൽ പ്രദേശ് ടിബറ്റിന്റെ ഭാഗമാണെന്നു വാദിക്കുന്ന ചൈന കഴിഞ്ഞ ഏപ്രിലിൽ ഇവിടത്തെ 30 സ്ഥലങ്ങൾക്ക് ചൈന പുനർനാമകരണം ചെയ്തിരുന്നു. ഇന്ത്യ ഈ നടപടിയെ തള്ളിക്കളയുകയും അപലപിക്കുകയും ചെയ്തു.
എന്നാൽ, 2017 മുതൽ തുടർച്ചയായി ചൈന നടത്തുന്ന പേരുമാറ്റ പ്രകോപനങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകാൻ കേന്ദ്രം തീരുമാനിക്കുകയായിരുന്നു. ടിബറ്റിന് മേൽ ഇന്ത്യയുടെ അവകാശമുയർത്തുന്നതു കൂടി ലക്ഷ്യമിട്ടാണ് കേന്ദ്ര നീക്കം.