വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതി; എം.വിൻസെന്റ് എംഎൽഎ അറസ്റ്റില്‍
തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിച്ചുവെന്ന കേസിൽ കോൺഗ്രസ് നേതാവും കോവളം എംഎൽഎയുമായ എം.വിൻസന്റിനെ പൊലീസ് അറസ്റ്റ് ചെയ്തു. നാലുമണിക്കൂർ നീണ്ടുനിന്ന ചോദ്യം ചെയ്യലിനു ശേഷമാണ് വിൻസന്റിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. എംഎൽഎ ഹോസ്റ്റലിൽവച്ച് ചോദ്യം ചെയ്തശേഷം പേരൂർക്കട പൊലീസ് ക്ലബ്ബിലേക്ക് എത്താൻ എംഎൽഎയോട് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഔദ്യോഗിക വാഹനത്തിൽ ഒരു സഹായിക്കൊപ്പം പൊലീസ് ക്ലബ്ബിലെത്തിയ എംഎൽഎയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
പൊലീസ് ആസ്ഥാനത്തെത്തിച്ച എംഎൽഎയെ വൈദ്യപരിശോധനയ്ക്കായി നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. തുടർന്ന് അദ്ദേഹത്തെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കും. അന്വേഷണത്തിന് നേതൃത്വം നൽകുന്ന കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ അജിതാ ബീഗം എംഎൽഎയെ ചോദ്യം ചെയ്യും. അതിനിടെ, മുൻകൂർ ജാമ്യം തേടി എം.വിൻസന്റ് തിരുവനന്തപുരം ജില്ലാ കോടതിയെ സമീപിച്ചു. ചോദ്യം ചെയ്യൽ തുടരുന്നതിനിടെയാണ് അഭിഭാഷകൻ മുഖേന മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.
പാറശാല എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് വിൻസന്റിനെ എംഎൽഎ ഹോസ്റ്റലിൽ വച്ച് ചോദ്യം ചെയ്തത്. ഉച്ചയ്ക്ക് 12.40 നു തുടങ്ങിയ ചോദ്യം ചെയ്യൽ നാലു മണിക്കൂറോളം നീണ്ടുനിന്നു. പരാതിയിൽ കൂടുതൽ തെളിവുകൾ ലഭിച്ച സാഹചര്യത്തിലായിരുന്നു ചോദ്യം ചെയ്യൽ. എംഎൽഎ വീട്ടമ്മയുമായി മാസങ്ങളായി ഫോണിൽ സംസാരിച്ചിരുന്നുവെന്നതിന്റെ തെളിവുകൾ പൊലീസിനു ലഭിച്ചിട്ടുണ്ട്.
നേരത്തെ, എം.വിന്‍സന്റിനെ ചോദ്യം ചെയ്യാമെന്ന് സ്പീക്കറുടെ ഓഫിസ് പൊലീസിനെ അറിയിച്ചിരുന്നു. സ്പീക്കറുടെ പ്രത്യേക അനുമതി ഇതിന് ആവശ്യമില്ല. കേസിന് ആവശ്യമായ എന്തു നടപടിയും പൊലീസിനു സ്വീകരിക്കാമെന്നും സ്പീക്കറുടെ ഒാഫിസ് അറിയിച്ചു. കേസിൽ എംഎൽഎയെ അറസ്റ്റു ചെയ്യേണ്ടിവരുമെന്ന് ചൂണ്ടിക്കാട്ടി അന്വേഷണ ചുമതലുള്ള കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ അജിതാ ബീഗം സ്പീക്കർ പി.ശ്രീരാമകൃഷ്ണനു കത്തു നൽകിയിരുന്നു.
വിൻസന്റ് തെറ്റുകാരനാണെങ്കിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കളായ ഷാനിമോൾ ഉസ്മാനും ബിന്ദു കൃഷ്ണയും രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ, തനിക്കെതിരായ കേസ് തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്ന നിലപാടിലായിരുന്നു എംഎൽഎ. കേസിനു പിന്നിലെ സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എംഎൽഎ ഡിജിപിക്കു പരാതി നൽകുകയും ചെയ്തിരുന്നു.
എംഎൽഎ മാനസികവും ശാരീരികവുമായി പീഡിപ്പിച്ചതിനെ തുടർന്നാണു ഭാര്യ ആത്മഹത്യയ്ക്കു ശ്രമിച്ചതെന്ന ഗൃഹനാഥന്റെ പരാതിയിലാണു കേസ്. ആത്മഹത്യാ പ്രേരണക്കുറ്റത്തിനാണ് എംഎൽഎക്കെതിരെ ആദ്യം കേസെടുത്തത്. പിന്നീട് വീട്ടമ്മയുടെ രഹസ്യമൊഴിയെടുത്തു. അതിനിടെ, കേസുമായി ബന്ധപ്പെട്ട് എംഎൽഎ വീട്ടമ്മയുടെ ബന്ധുവിനെ സ്വാധീനിക്കാൻ നടത്തിയ ഫോൺ സംഭാഷണം പുറത്തായിട്ടുണ്ട്.
ഇതിനിടെ എം. വിന്‍സന്റ് എംഎല്‍എ തന്നെ ഉപദ്രവിച്ചെന്നു പരാതിക്കാരിയായ വീട്ടമ്മ പറഞ്ഞു. ഒന്നരവര്‍ഷമായി മാനസികമായും ശാരീരികമായും പീഡിപ്പിച്ചു. കടയില്‍ കയറിവന്ന് എംഎല്‍എ കയ്യില്‍ കയറിപ്പിടിച്ചു. ഇക്കാര്യം പൊലീസിനോടും മജിസ്ട്രേറ്റിനോടും പറഞ്ഞിട്ടുണ്ട്. ഭര്‍ത്താവിനെ വഞ്ചിച്ചു ജീവിക്കാന്‍ വയ്യെന്നും വീട്ടമ്മ പറഞ്ഞു.
നാട്ടിലെ മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്ത യുവതിയുടെ നമ്പര്‍ കൈക്കലാക്കിയ ഒരാള്‍ ഫോണില്‍ വിളിച്ച് നിരന്തരം ശല്യപ്പെടുത്തി. ഇത് പരിഹരിക്കുന്നതിനായി യുവതിയുടെ മൊബൈല്‍നമ്പര്‍ വാങ്ങിയശേഷമാണ് എംഎല്‍എ അപമര്യാദയായി സംസാരിക്കുകയും പീഡിപ്പിക്കുകയും ചെയ്തത്. സെപ്തംബര്‍, നവംബര്‍ മാസങ്ങളിലായിരുന്നു വീട്ടില്‍ അതിക്രമിച്ചുകയറി എംഎല്‍എ യുവതിയെ ബലാത്സംഗം ചെയ്തതതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഭര്‍ത്താവും മകനും ഈ സമയം വീട്ടിലുണ്ടായിരുന്നില്ല. ആദ്യസംഭവം നടക്കുമ്പോള്‍ ഭര്‍ത്താവ്, ടൂറിന് പോകുന്ന മകനെ യാത്രയയക്കാന്‍ പോയിരിക്കുകയായിരുന്നു. അതിക്രമിച്ചുകയറിയ എംഎല്‍എ യുവതിയെ ബലംപ്രയോഗിച്ച് കീഴ്പെടുത്തി. നവംബറിലാണ് വീണ്ടും പീഡിപ്പിച്ചത്. ഇതിനുമുമ്പായി കടയില്‍വച്ചും പീഡിപ്പിക്കാന്‍ ശ്രമിച്ചു. പരാതിപ്പെട്ടാല്‍ തനിക്കും കുടുംബത്തിനുമെതിരെയുണ്ടായേക്കാവുന്ന പ്രതികാര നടപടികള്‍ ഭയന്നാണ് പരാതിപ്പെടാന്‍ തയാറാവാതിരുന്നതെന്നും യുവതി പറയുന്നു.
എംഎല്‍എ ക്വാര്‍ട്ടേഴ്സ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ എത്താനും യുവതിയോട് വിന്‍സന്റ് ആവശ്യപ്പെട്ടിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പ് പ്രചാരണസമയത്ത് അവിടെനിന്ന് വിളിച്ച് ശല്യപ്പെടുത്തി. ഗത്യന്തരമില്ലാതായതോടെ ഭര്‍ത്താവിനോടും അടുത്ത ബന്ധുക്കളോടും ഇക്കാര്യം വെളിപ്പെടുത്തി. ഭര്‍ത്താവുമൊന്നിച്ച് എംഎല്‍എയുടെ വസതിയിലെത്തി ഉപദ്രവിക്കരുതെന്ന് അപേക്ഷിച്ചു. എംഎല്‍എയുടെ ഭാര്യയും ഈസമയം വീട്ടിലുണ്ടായിരുന്നു. ഉപദ്രവിക്കില്ലെന്ന് പറഞ്ഞെങ്കിലും വീണ്ടും ശല്യം തുടര്‍ന്നു. ഇതോടെയാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് വെളിപ്പെടുത്തല്‍. യുവതിയെ വെള്ളിയാഴ്ച നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. യുവതിയുടെ വസ്ത്രങ്ങളും മറ്റും സംഘം ശേഖരിച്ചിട്ടുണ്ട്. ഭര്‍ത്താവ്, സഹോദരന്, മറ്റു ചില സാക്ഷികള്‍ എന്നിവരുടെ മൊഴി വീണ്ടും എടുത്തു.
തനിക്കെതിരെ ഉയർന്നിരിക്കുന്ന കേസിനു പിന്നിലെ സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എം.വിൻസന്റ് എംഎൽഎ ഡിജിപിക്കു പരാതി നൽകിയിരുന്നു.