റിവർ വ്യൂ റോഡിലെ കെട്ടിടം പൊളിക്കൽ; ചെയർമാന്റെ പ്രസ്താവന തെറ്റിദ്ധാരണാജനകമെന്ന് അഡ്വ. ജോസഫ് ജോൺ
തൊടുപുഴ: റിവർവ്യൂ ബൈപ്പാസിന്റെ ആരംഭ ഭാഗത്തെ കെട്ടിടം ഉടൻ പൊളിച്ചു മാറ്റുമെന്ന മുൻസിപ്പൽ ചെയർമാന്റെ പ്രസ്താവന തെറ്റിദ്ധാരണാജനകമാണെന്ന് മുനിസിപ്പൽ കൗൺസിലർ അഡ്വ. ജോസഫ് ജോൺ ആരോപിച്ചു.
കഴിഞ്ഞ ദിവസം നടന്ന ഔദ്യോഗിക യോഗം റോഡിനായി സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടിക്രമങ്ങളുടെ ആദ്യ ഭാഗം മാത്രമാണ്.
റോഡിൻറെ ആരംഭ ഭാഗത്ത് പഴയ കെട്ടിടം സ്ഥിതി ചെയ്യുന്ന വസ്തു നഷ്ട പരിഹാരം നൽകിയാൽ വിട്ട് തരാമെന്ന് വസ്തു ഉടമസ്ഥന്റെ സമ്മതപത്രം ഒരു വർഷം മുമ്പ് ലഭിച്ചിരുന്നു.
ഇതിനെ തുടർന്ന് ഈ വസ്തു ഏറ്റെടുക്കുന്നതിന് പി ജെ ജോസഫ് എം.എൽ.എ സർക്കാരിൽ നിവേദനം നൽകി. നിരവധി തവണ സമ്മർദ്ദം ചെലുത്തിയതിനെ തുടർന്ന് 21/02/2024ൽ 27 ലക്ഷം രൂപ അനുവദിച്ച് സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു.
2012ലെ പുതിയ വസ്തു ഏറ്റെടുക്കാൻ നിയമപ്രകാരം ഏതെങ്കിലും വസ്തു ഏറ്റെടുക്കുന്നതിനുള്ള ആദ്യത്തെ നടപടി സാമൂഹിക ആഘാത പഠനം നടത്തുക എന്നുള്ളതാണ്.
ഇതിൻ്റെ ഭാഗമായി പൊതുജനങ്ങളുടെ അഭിപ്രായം ആരായണം. പൊതുവായ നോട്ടീസ് പുറപ്പെടുവിക്കണം. ഈ നടപടിയാണ് ഇപ്പോൾ നടന്നിട്ടുള്ളത്.
വസ്തു ഏറ്റെടുക്കൽ നിയമത്തിലെ വ്യവസ്ഥകളിൽ 10 ശതമാനം നടപടിക്രമം മാത്രമാണ് ഇത് മൂലം പൂർത്തീകരിച്ചിട്ടുള്ളത്. ഇനി ആഘാത പഠനത്തിൻറെ റിപ്പോർട്ട് ലഭിക്കണം. ഈ റിപ്പോർട്ട് ജില്ലാ കളക്ടർ അംഗീകരിക്കണം.
തുടർന്ന് ആക്ഷേപം ക്ഷണിച്ച് കൊണ്ട് പ്രാഥമിക നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കണം. ഇതിന് സർക്കാർ മുൻകൂർ അനുമതി നൽകണം. ഇത് ഗസറ്റിലും രണ്ട് പത്രങ്ങളിലും പ്രസിദ്ധപ്പെടുത്തണം.
തുടർന്ന് ഏറ്റെടുക്കേണ്ട വസ്തു അളന്ന് തിട്ടപ്പെടുത്തിയതിനു ശേഷം വില്ലേജ് റെക്കോർഡുകളിൽ നിജപ്പെടുത്തണം. ഇതേ തുടർന്ന് ഏറ്റെടുക്കേണ്ട സ്ഥലത്തിൻറെ ബേസിക് വാലുവേഷൻ നിശ്ചയിക്കണം.
സ്ഥലം ഏറ്റെടുപ്പ് തഹസിൽദാർ നിലവിലുള്ള ആധാരത്തിന്റെ അടിസ്ഥാനത്തിൽ വില നിശ്ചയിച്ച ശേഷം ജില്ലാ കളക്ടറുടെ അംഗീകാരം വാങ്ങണം.
ഇതിനു ശേഷം അവാർഡ് പാസാക്കാൻ റിപ്പോർട്ട് തയ്യാറാക്കി ജില്ലാ കളക്ടറുടെ അംഗീകാരത്തിന് സമർപ്പിക്കണം. ഡ്രാഫ്റ്റ് ഡിക്ലറേഷൻ തയ്യാറാക്കി സർക്കാരിൽ സമർപ്പിച്ച് പ്രത്യേക അനുമതി വാങ്ങി വീണ്ടും പത്രത്തിലും ഗസറ്റിലും പ്രസിദ്ധപ്പെടുത്തണം.
പിന്നീട് ജില്ലാ കളക്ടർ അവാർഡ് പാസാക്കുകയും ചെയ്താൽ മാത്രമേ വസ്തു ഉടമസ്ഥന് വസ്തു വില നൽകാൻ കഴിയൂ. എല്ലാ സ്ഥലമെടുപ്പ് നടപടികളും പൂർത്തിയായതിനു ശേഷം കെട്ടിടം പൊളിച്ച് മാറ്റി ആ ഭാഗത്തെ റോഡ് നിർമ്മിക്കുന്നതിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി സർക്കാർ അനുമതി നൽകി ടെൻഡർ ചെയ്താൽ മാത്രമേ ഈ ജോലികൾ ആരംഭിക്കാൻ തന്നെ കഴിയുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.
റിവർവ്യൂ റോഡിൻറെ ആരംഭ ഭാഗത്തെ സ്ഥലം ഏറ്റെടുക്കാനുള്ള നടപടിക്രമങ്ങളുടെ 90 ശതമാനം ഇനിയും പൂർത്തിയാകാതിരിക്കെ വസ്തു ഏറ്റെടുത്ത് കെട്ടിടം ഉടൻ പൊളിക്കും എന്നുള്ള പ്രചാരണം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി മാത്രമാണ്.
റോഡിൻറെ മറുവശത്ത് സർക്കാർ ഇതിനോടകം ഏറ്റെടുത്ത കെട്ടിട ഭാഗം ഇനിയും പൊളിച്ചു നീക്കുന്നത് തല്പരകക്ഷികൾ തടഞ്ഞു വെച്ചിരിക്കുകയാണ്.
മാരിയിൽ കടവ് പാലത്തിൻറെ അപ്രോച്ച് റോഡിനുള്ള സ്ഥലം ഏറ്റെടുത്ത് റോഡ് നിർമ്മാണത്തിനുള്ള പുതിയ എസ്റ്റിമേറ്റ് സമർപ്പിച്ചിട്ട്, എസ്റ്റിമേറ്റിന് അംഗീകാരം നൽകാതെ ഒരു വർഷക്കാലമായി സർക്കാരിൽ കിടക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.