ജയിലിൽ ‘ അയാൾ കഥയെഴുതുകയാണ്’ . . . ദിലീപിന്റെ അനുഭവം സിനിമയാക്കാൻ നീക്കം
കൊച്ചി: ദിലീപ് ജയിലിലായതിന്റെ ‘യഥാര്‍ത്ഥ’ കാരണം സിനിമയാക്കാന്‍ ഒരുങ്ങി പ്രമുഖ നിര്‍മ്മാതാവ്.
ദിലീപ് സമ്മതം പ്രകടിപ്പിച്ചാല്‍ അദ്ദേഹത്തെ തന്നെ നായകനാക്കി നാദിര്‍ഷയെ കൊണ്ട് സംവിധാനം ചെയ്യിക്കാനാണ് നീക്കം.
സാധാരണക്കാരനായ ഗോപാലകൃഷ്ണനില്‍ നിന്നും സൂപ്പര്‍ താരം ദിലീപിലേക്കുള്ള വളര്‍ച്ചയും പ്രണയവും തുടങ്ങി കൂടെ ‘നിന്നിരുന്നവര്‍’ നല്കിയ എട്ടിന്റെ പണിയും ജയില്‍വാസവുമെല്ലാം തിരക്കഥയില്‍ പ്രതിപാതിക്കുമെന്നാണ് സൂചന.
നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ദിലീപും കുടുംബവും നേരിടേണ്ടി വന്ന പ്രതിസന്ധികള്‍, അനുഭവിക്കേണ്ടി വന്ന പീഢനങ്ങള്‍ എന്നിവയും സിനിമാ സ്റ്റൈലില്‍ തന്നെ തുറന്ന് കിട്ടും.
ദിലീപിന് പറയാനുള്ളത് പോലും കേള്‍ക്കാതെ മുഖ്യധാരാ മാധ്യമങ്ങള്‍ സംഘടിതമായി കടന്നാക്രമിക്കുന്ന പശ്ചാത്തലത്തിലാണ് ഏറ്റവും വലിയ മാധ്യമമായ സിനിമയിലൂടെ യാഥാര്‍ത്ഥ്യം പറയാന്‍ ശ്രമിക്കുന്നതത്രെ.
അനുഭവങ്ങളെ കുറിച്ച് ജയിലില്‍ ‘അയാള്‍ കഥയെഴുതുകയാണോ’ എന്ന ചോദ്യത്തിന് പക്ഷേ നിര്‍മാതാവ് വ്യക്തമായ മറുപടി പറഞ്ഞില്ല.
സ്വയം അനുഭവിച്ച കാര്യങ്ങള്‍ ദിലീപിനല്ലാതെ മറ്റാര്‍ക്കാണ് ഏറ്റവും നന്നായി പറയാന്‍ കഴിയുക എന്നതാണ് അദ്ദേഹത്തിന്റെ മറു ചോദ്യം.
ദിലീപ് കുറ്റവിമുക്തനാക്കപ്പെടുന്ന പക്ഷം മലയാളത്തിലെ പ്രമുഖ താരങ്ങളെല്ലാം അഭിനയിക്കുന്ന ‘അനുഭവചിത്രം’ ശാശ്വതമാകുമെന്ന് തന്നെയാണ് ലഭിക്കുന്ന വിവരം.
കേസിന്റെ വിചാരണ ഫാസ്റ്റ് ട്രാക്ക് കോടതിയിലേക്ക് മാറ്റാന്‍ ശ്രമം നടക്കുന്നതിനാല്‍ അന്തിമ വിധിക്ക് അധികം കാലതാമസമുണ്ടാകില്ലന്നാണ് സിനിമാരംഗത്തെ ദിലീപിന്റെ സുഹൃത്തുക്കളുടെ വിശ്വാസം.
ഹൈക്കോടതിയില്‍ നിന്നും ജാമ്യം ലഭിച്ചില്ലങ്കില്‍ സുപ്രീം കോടതിയില്‍ നിന്നും ലഭിക്കുമെന്ന് തന്നെയാണ് അവരുടെ പ്രതീക്ഷ.