ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ സ്വാഗതം ചെയ്ത് സിറോ മലബാര്‍ സഭ
കൊച്ചി: ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ സ്വാഗതം ചെയ്ത് സിറോ മലബാര്‍ സഭ.
ആചാരപരമായ വൈവിധ്യങ്ങള്‍ സംരക്ഷിക്കണമെന്നും അഭിപ്രായസമന്വയം അനിവാര്യമാണെന്നും മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വ്യക്തമാക്കി.
എല്ലാ പൗരന്മാര്ക്കും ഒരേതരത്തിലുള്ള സിവില്‍ കോഡ് നിലവില്‍ വരുന്നത് രാജ്യത്തിന്റെ ഭദ്രതക്കും ഐക്യത്തിനും ഉപകരിക്കും. എന്നാല്‍, എല്ലാ വിഭാഗങ്ങളുമായുള്ള അഭിപ്രായ സമന്വയം ഇക്കാര്യത്തില്‍ ഉണ്ടാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നമ്മുടെ രാജ്യത്തിന്റെ ഭദ്രതയ്ക്കും ജനങ്ങളുടെ ഐക്യത്തിനും ഉതകുന്നതാണിത്.
പരമ്പരാഗതമായുള്ള നിയമങ്ങളും ആചാരങ്ങളും അംഗീകരിച്ചുകൊണ്ടുള്ള ഏകീകൃത സിവില്‍ കോഡിനെയാണ് സ്വാഗതം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എല്ലാ മതവിഭാഗങ്ങളുടെയും ജനവിഭാഗങ്ങളുടെയും പരമ്പരാഗതമായിട്ടുളള നിയമങ്ങളെ അംഗീകരിക്കുന്ന സിവില്‍ കോഡ് നടപ്പിലാക്കാനുളള നിര്‍ദേശങ്ങളാണ് സര്‍ക്കാര്‍ നല്‍കിയതെന്ന് കരുതുന്നു.
അങ്ങനെയാണെങ്കില്‍ ഭാരതം മുഴുവന്‍ ബാധകമായിട്ടുളള, എല്ലാ സാസ്കാരിക പൈതൃകങ്ങളെയും അംഗീകരിക്കുന്ന സിവില്‍കോഡ് ഭാരതത്തില്‍ വരട്ടെ എന്ന് ആഗ്രഹിക്കുന്നതായും അദ്ദേഹം വിശദമാക്കി.
സിവില്‍കോഡ് നടപ്പിലാക്കാനുളള നരേന്ദ്രമോദി സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്കെതിരെ പരസ്യമായ എതിര്‍പ്പ് ഉയര്‍ത്തി മുസ്ലിംലീഗും കോണ്‍ഗ്രസും ഇന്നലെ രംഗത്ത് എത്തിയിരുന്നു.
ഏക സിവില്‍കോഡിന് പിന്നില്‍ ഹിന്ദുത്വ അജണ്ടയാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഏകീകൃത സിവില്‍ കോഡ് രാജ്യത്തുനടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിന്റെ സാധ്യത പരിശോധിച്ച് റിപ്പോര്‍ട്ട് നല്കാന് കേന്ദ്ര നിയമമന്ത്രാലയം നിയമ കമ്മീഷനു നിര്‍ദേശം നല്‍കിയിരുന്നു. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കണമെന്ന് ബി.ജെ.പി-സംഘപരിവാര്‍ നേതാക്കള്‍ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നതാണ്.
ഭരണഘടനയുടെ 44ാം വകുപ്പില്‍ നിര്‍ദേശക തത്വങ്ങളില്‍ ഉള്‍പ്പെടുന്നതാണ് ഏകീകൃത സിവില്‍ കോഡ്. മതത്തിന്റെ അടിസ്ഥാനത്തിലുള്ള വ്യക്തി നിയമങ്ങള്‍ക്കു പകരം ഏകീകൃത വ്യക്തിനിയമം എന്ന നിര്‍ദേശമാണിത്. വിവാഹം, സ്വത്തവകാശം തുടങ്ങിയ വിഷയങ്ങളില്‍ മതവ്യത്യാസമില്ലാതെ പൊതു നിയമം നടപ്പാക്കുക എന്നതാണിത്.