അഗ്നിപഥിൽ സുപ്രധാന മാറ്റങ്ങൾക്ക് കരസേനയുടെ ശുപാർശ
ന്യൂഡൽഹി: ഏറെ വിമർശനം നേരിട്ട സൈനിക റിക്രൂട്ട്മെൻറ് പദ്ധതി അഗ്നിപഥിൽ സുപ്രധാന മാറ്റങ്ങൾക്ക് കരസേനയുടെ ശുപാർശയെന്നു റിപ്പോർട്ട്.
അഗ്നിപഥ് പദ്ധതിയിലൂടെ തെരഞ്ഞെടുക്കുന്ന അഗ്നിവീറുകളിൽ സ്ഥിരം നിയമനത്തിനു പരിഗണിക്കുന്നവരുടെ അനുപാതം ഉയർത്തണമെന്നതാണു പ്രധാന നിർദേശമെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
നിലവിൽ പദ്ധതി പ്രകാരം നാലു വർഷത്തെ സേവനത്തിനുശേഷം 25 ശതമാനം അഗ്നിവീറുകൾക്കാണു സ്ഥിരനിയമനം അനുവദിക്കുന്നത്.
ഇത് 60 - 70 ശതമാനമായി ഉയർത്തണമെന്നാണു ശുപാർശ. സൈന്യത്തിൻറെ പ്രവർത്തന ക്ഷമത കണക്കിലെടുത്താണ് ഈ നിർദേശം.
അഗ്നിവീറുകളുടെ സേവന കാലാവധി നാലു വർഷമെന്നത് 7 - 8 വർഷമാക്കി ഉയർത്തുക, സാങ്കേതിക മേഖലകളിൽ ഇവരെ ഉൾപ്പെടുത്താനുള്ള പ്രായപരിധി 23 വയസാക്കുക, പരിശീലന കാലയളവിലുണ്ടാകുന്ന അംഗവൈകല്യങ്ങൾക്ക് നഷ്ടപരിഹാരം, മരണം സംഭവിച്ചാൽ കുടുംബത്തിന് സഹായധനം തുടങ്ങിയ നിർദേശങ്ങളും സേന മുന്നോട്ടു വച്ചു.
കാലാവധി പൂർത്തിയാക്കുന്നവരിൽ നിന്നുള്ള തെരഞ്ഞെടുപ്പ് വിദഗ്ധ ഏജൻസിയെ ഏൽപ്പിക്കാനും നിർദേശമുണ്ട്. സൈന്യത്തിൽ യുവത്വത്തിൻറെ ഊർജസ്വലത ഉറപ്പാക്കാനും പെൻഷൻ ഭാരം കുറയ്ക്കാനുമാണ് അഗ്നിപഥ് പദ്ധതി അവതരിപ്പിച്ചത്.
എന്നാൽ, സൈന്യത്തിൽ സ്ഥിരം നിയമനം ഇല്ലാതാക്കും, യുവാക്കളുടെ ഭാവിക്ക് തിരിച്ചടിയാകും, സേനയുടെ കരുത്ത് ചോർത്തും തുടങ്ങിയ ആരോപണങ്ങളുയരുകയായിരുന്നു. എൻ.ഡി.എ ഘടക കക്ഷികളായ ജെഡിയുവും എൽജെപിയും പദ്ധതിയിൽ തിരുത്തൽ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, പദ്ധതി പെട്ടെന്ന് നിർത്തിവയ്ക്കുന്നത് സൈന്യത്തിലെ ഹ്രസ്വകാല സേവന വിഭാഗത്തിൽ വലിയ ആൾ ക്ഷാമം ഉണ്ടാക്കുമെന്ന് സേന ചൂണ്ടിക്കാട്ടി.
ഇതു പരിഹരിക്കാൻ കുറഞ്ഞത് 10 വർഷം വേണ്ടിവരും. അഗ്നിവീറുകൾക്ക് പരിചയസമ്പത്തില്ലെന്ന ആരോപണം പരിശീലനത്തിലൂടെ മറികടക്കാവുന്നതേയുള്ളൂവെന്ന് സൈനിക വൃത്തങ്ങൾ പറഞ്ഞു.
മുൻപുണ്ടായിരുന്ന റിക്രൂട്ട്മെന് പദ്ധതി പ്രകാരം തെരഞ്ഞെടുക്കപ്പെടുന്നവർ 35 വയസിൽ വിരമിക്കും. എന്നാൽ, സുബേദാർ മേജർ ആയി സ്ഥാനക്കയറ്റം ലഭിക്കുന്നവർക്ക് 52 വയസ് വരെ തുടരാനാകുമായിരുന്നു.
ഇവർക്ക് മതിയായ പരിചയസമ്പത്തുണ്ടാകുമെന്നതിനൊപ്പം നിരന്തര പരിശീലനത്തിലൂടെ മികവുമുണ്ടാകും. അഗ്നിവീറുകളുടെ പരിശീലനകാലാവധി നീട്ടുകയും കൂടുതൽ പേർക്ക് സ്ഥിരനിയമനം നൽകുകയും ചെയ്യുന്നതിലൂടെ ഈ പ്രശ്നം ഒഴിവാക്കാമെന്നും മുതിർന്ന സേനാ ഉദ്യോഗസ്ഥർ സൂചിപ്പിച്ചു.