തൃശൂർ ഡി.സി.സിയിൽ വീണ്ടും സംഘർഷം, ജോസ് വള്ളൂരും എം.പി വിൻസെന്റും രാജി വച്ചു
തൃശൂർ: നേതൃത്വം ഇടപെട്ടിട്ടും നിയന്ത്രിക്കാനാകാതെ തൃശൂർ ഡി.സി.സിയിലെ കൂട്ടത്തല്ല്. ദേശീയ നേതൃത്വത്തിന്റെ നിർദേശമനുസരിച്ച് ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂരും യു.ഡി.എഫ് ചെയർമാൻ എം.പി വിൻസെന്റും രാജിവച്ചു.
കെ മുരളീധരന്റെ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജി വയ്ക്കുന്നുവെന്നാണ് ജോസ് വള്ളൂർ അറിയിച്ചത്. ജോസ് വള്ളൂരിന്റെ രാജിയിൽ പ്രതിഷേധിച്ച് ഒരു വിഭാഗം പ്രവർത്തകർ രംഗത്തെത്തിയതോടെയാണ് ഓഫീസിൽ വീണ്ടും കൂട്ടത്തല്ലുണ്ടായത്.
പ്രവർത്തകർ ചേരി തിരിഞ്ഞ് ഉന്തും തള്ളുമായി. ജോസ് വള്ളൂരിനെ പിന്തുണയ്ക്കുന്ന വിഭാഗവും മറു വിഭാഗവും തമ്മിലാണ് തർക്കമുണ്ടായത്. സംഘർഷാവസ്ഥ കണക്കിലെടുത്ത് സ്ഥലത്ത് പൊലീസ് നിലയുറപ്പിച്ചിട്ടുണ്ട്.
രാവിലെ ജോസ് വള്ളൂർ രാജി സമർപ്പിക്കുമെന്ന് വാർത്തകളുണ്ടായിരുന്നു. തുടർന്ന് വള്ളൂരിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും രാവിലെ മുതൽ തന്നെ ഓഫീസിലെത്തിയിരുന്നു.
ജോസ് വള്ളൂരെത്തിയപ്പോൾ മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് പ്രവർത്തകർ സ്വീകരിച്ചത്. ഇതിനിടെയാണ് മറുപക്ഷവുമായി ഉന്തും തള്ളുമുണ്ടായത്.
സംഘർഷം രൂക്ഷമായില്ലെങ്കിലും വലിയ രീതിയിൽ പ്രവർത്തകർ ഇപ്പോഴും ഓഫീസിൽ കൂടി നിൽക്കുന്നതിനാൽ ഇനിയും സംഘർഷമുണ്ടായേക്കും.
തൃശൂരിൽ കെ മുരളീധരന്റെ ദയനീയ തോൽവിക്കുപിന്നാലെയാണ് തമ്മിലടി ആരംഭിച്ചത്. കൂട്ടത്തല്ല് കോൺഗ്രസ് നേതൃത്വത്തിനും നിയന്ത്രിക്കാനായില്ല. വെള്ളിയാഴ്ച ഡിസിസി ഓഫീസിൽ നടന്ന കൂട്ടത്തല്ലിൽ ഇരുവിഭാഗത്തിന്റെയും പരാതിയിൽ തൃശൂർ ഈസ്റ്റ് പൊലീസ് കേസെടുത്തു.
സംഘട്ടനത്തിൽ പരിക്കേറ്റ ഡിസിസി ജനറൽ സെക്രട്ടറി സജീവൻ കുരിയച്ചിറയുടെ പരാതിയിൽ പ്രസിഡന്റ് ജോസ് വള്ളൂരിനും അനുയായികളായ 20 പേർക്കുമെതിരെയാണ് കേസ്.
ഇതിന് പിന്നാലെ ജോസ് വള്ളൂരിന്റെ അനുയായി കെഎസ്യു സംസ്ഥാന കമ്മിറ്റിയംഗം സി വി വിമൽ നൽകിയ പരാതിയിൽ സജീവൻ കുരിയച്ചിറ ഉൾപ്പെടെ എട്ട് പേർക്കെതിരെയും കേസെടുത്തു.
അതിനിടെ ജോസ് വള്ളൂരിനെ ഡൽഹിക്ക് വിളിപ്പിച്ചു. കെ മുരളീധരനെ പിന്തുണയ്ക്കുന്ന സജീവൻ കുരിയച്ചിറയെ ജോസ് വള്ളൂരും അനുയായികളും മർദിച്ചതിനെ തുടർന്നുണ്ടായ സംഘർഷം മണിക്കൂറുകൾ നീണ്ടു.
സജീവൻ ഡി.സി.സി ഓഫീസിൽ കുത്തിയിരുന്നു. രാത്രി വൈകി മുൻ എം.എൽ.എ പി.എ മാധവന്റെ നേതൃത്വത്തിൽനടന്ന ചർച്ച ഒത്തുതീർന്നതിനെ തുടർന്നാണ് കുത്തിയിരിപ്പ് സമരം അവസാനിപ്പിച്ചത്.
എന്നാൽ, ജോസ് വള്ളൂരും അനുയായികളും മർദിച്ചുവെന്ന് കാണിച്ച് ശനി രാവിലെ സജീവൻ തൃശൂർ ഈസ്റ്റ് പൊലീസിൽ പരാതി നൽകി.
കോൺഗ്രസ് നേതാക്കളായ ടി എൻ ചന്ദ്രൻ, കെ ഗോപാലകൃഷ്ണൻ, രാജീവ്, പ്രമോദ്, വിമൽ, വിനോദ് എന്നിവരടക്കം 20 പേർക്കെതിരെയാണ് കേസെടുത്തത്.
ഇതിന് പിന്നാലെയാണ് സജീവ് നൽകിയ പരാതിയിൽ എതിർകക്ഷിയായ സി.വി വിമലിന്റെ പരാതിയിൽ സജീവൻ, എം.എൽ ബാലൻ, എബിമോൻ എന്നിവരടക്കം എട്ട് പേർക്കെതിരെ കേസെടുത്തത്.
മുരളീധരന്റെ തോൽവിയുടെ പേരിൽ പാർടിക്ക് നാണക്കേടുണ്ടാക്കിയ പോസ്റ്റർ യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്ന് കോൺഗ്രസ് കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടതിനു പിന്നാലെയാണ് തമ്മിലടിയും പൊലീസ് കേസും.
അതേസമയം, സജീവൻ കുരിയച്ചിറ മദ്യപിച്ചെത്തി ഓഫീസിൽ കുഴപ്പം ഉണ്ടാക്കുക ആയിരുന്നുവെന്നാണ് ഡി.സി.സി വാർത്താക്കുറിപ്പിൽ ആരോപിച്ചത്.