ലീഗിന്റെ രാജ്യസഭ സ്ഥാനാർത്ഥിയായി അഡ്വ. ഹാരീസ് ബീരാനെ പ്രഖ്യാപിച്ചു
തിരുവനന്തപുരം: പാർട്ടിക്കുള്ളിലെ അതൃപ്തിക്കിടെ അഡ്വ ഹാരീസ് ബീരാനെ മുസ്ലിംലീഗിന്റെ രാജ്യസഭ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു.
ലീഗ് നേതൃയോഗത്തിലാണ് തീരുമാനമായത്. സാദിഖലി തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും ഉൾപ്പെടെ യോഗത്തിൽ പങ്കെടുത്തിരുന്നു. യോഗശേഷം സാദിഖലി തങ്ങൾ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുകയായിരുന്നു.
സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങളുടെ ഇടപെടലാണ് ‘പുത്തൻസ്ഥാനാർഥി ’ക്ക് തുണയായത്. സ്ഥാനാർഥിത്വം ഉറപ്പാക്കിയ ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാമിനെ തഴഞ്ഞാണ് ഹാരിസിനെ പരിഗണിച്ചത്.
സുപ്രിംകോടതി അഭിഭാഷകനായ ഹാരീസ് ഡൽഹി കെ.എം.സി.സി പ്രസിഡന്റാണ്. ലീഗിൽ സജീവമല്ലാത്തയാളെ രാജ്യസഭയിലേക്കയക്കുന്നതിൽ നേതാക്കൾക്ക് നീരസമുണ്ട്.
സുപ്രിംകോടതിയിൽ നേതാക്കളുടെ കേസ് നടത്തുന്നയാൾക്ക് സീറ്റ് നൽകുന്നതെന്തിനെന്ന ചോദ്യം സമൂഹമാധ്യമങ്ങളിലൂടെ ചർച്ചയായിരുന്നു. ‘പെയ്ഡ് സീറ്റെന്ന ’ ആക്ഷേപവും ഒരുവിഭാഗത്തിനുണ്ട്.
മുമ്പ് പി.വി അബ്ദുൾവഹാബിന് സീറ്റ് നൽകിയപ്പോൾ സമാനആരേപാണം ലീഗിൽ ഉയർന്നിരുന്നു. അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി സലാമിനെയാണ് പിന്തുണച്ചത്. എന്നാൽ സാദിഖലി തങ്ങളുടെ നിലപാടാണ് ഹാരീസിന് അനകൂലമായത്.
മുസ്ലിം യൂത്ലീഗ് രാജ്യസഭാസീറ്റിൽ താൽപര്യം അറിയിച്ചിരുന്നു. അഖിലേന്ത്യാ പ്രസിഡന്റ് വി.കെ ഫൈസൽബാബു, സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് എന്നിവരുടെ പേരും ഉയർത്തുകയുണ്ടായി.
ലോകസഭയലേക്ക് യുവാക്കൾക്ക് സീറ്റ് നൽകാത്തതടക്കം പറഞ്ഞായിരുന്നു അവകാശവാദം. എന്നാൽ ഹാരീസ് ബീരാൻ എത്തിയതോടെ യൂത്ലീഗിന്റെ സാധ്യത അടയുകയായിരുന്നു. 25നാണ് തെരഞ്ഞെടുപ്പ്.