കോതമംഗലത്ത് ഭീമൻ കപ്പ വിളവെടുത്ത് യുവ കർഷക
കോതമംഗലം: വെളിയേൽച്ചാലിൽ ഭീമൻ കപ്പ. പുന്നേക്കാട് വെളിയേൽച്ചാലിൽ 34 കാരിയായ കൊളമ്പേൽ ബെസ്സി ടിറ്റോയുടെ കൃഷിയിടത്തിൽ നിന്നാണ് അര കിൻ്റലിലേറെ ഭാരമുള്ള ഭീമൻ മരച്ചീനി വിളവെടുത്തത്.
50 കിലോയിലേറെയുള്ള കപ്പകളാണ് ഓരോ ചുവട് കപ്പ ചെടിയിൽ നിന്നും വിളവെടുത്തത്. ജൈവവളങ്ങൾ മാത്രമാണ് കൃഷിക്ക് ഉപയോഗിച്ചത്. നട്ട് പത്ത് മാസം കഴിഞ്ഞാണ് വിളവെടുത്തത്.
തൻ്റെ കൃഷി രീതികൾക്ക് പൂർണ്ണ പിന്തുണയുമായി എറണാകുളം കൺട്രോൾ റൂമിലെ സിവിൽ പൊലിസ് ഓഫിസറായ ഭർത്താവ് ടിറ്റോയും കട്ടക്ക് കൂടെയുണ്ട്. രാവിലെ ഭർത്താവ് ജോലിക്കും മക്കൾ സ്കൂളിലും പോയി കഴിഞ്ഞാൽ വൈകിട്ട് വരെ കിട്ടുന്ന മുഴുവൻ സമയം കൃഷിയിടത്തിൽ ചിലവിടാനാണ് ബെസ്സിക്കിഷ്ടം.
സമ്മിശ്ര കൃഷിയാണ് ചെയ്യുന്നത്.വീട്ടാവശ്യത്തിനുള്ള പച്ചക്കറികളും, അടക്ക, കൊക്കോ, ജാതി, കുരുമുളക്, വാഴ തുടങ്ങിയവയെല്ലാം ബെസ്സിയുടെ കൃഷിയിടത്തിലുണ്ട്.
ലാഭം മാത്രം പ്രതീക്ഷിച്ചല്ലാ, കൃഷിയിൽ നിന്നും മാനസീക സന്തോഷവും, ശാരീരിക ആരോഗ്യവും ലഭിക്കുന്നുണ്ടെന്നും, വിളവ് ഗംഭീരമായതോടെ കൃഷി വിപുലമാക്കി ചെയ്യാനുറച്ചിരിക്കുകയാണ് ബെസ്സി.
അപ്രതീക്ഷിതമായി പ്രകൃതി അനുഗ്രഹിച്ച് നൽകിയ മികച്ച വിളവ് കുടുംബ ഇടവകയായ വെളിയേൽച്ചാൽ സെന്റ്.ജോസഫ് ദേവാലയത്തിൽ സമർപ്പിക്കുകയും ചെയ്തു.വീട്ടമ്മമാർക്കും സ്ത്രീ ജനങ്ങൾക്കും മാതൃകയായിരിക്കുകയാണ് ഈ മുപ്പത്തിനാലുകാരി വീട്ടമ്മ.