കുത്തിയൊലിച്ച് വരുന്ന വെള്ളചാട്ടത്തിന് നടുവിൽ അവസാനമായി കെട്ടിപ്പിടിച്ച് സുഹൃത്തുക്കൾ
ഇറ്റലി: വടക്കൻ ഇറ്റലിയിലെ പെയ്ത ശക്തമായ മഴയിൽ കലിതുള്ളി വന്ന വെള്ളചാട്ടത്തിൽ ജീവൻ പൊലിഞ്ഞ മൂന്ന് സുഹൃത്തുക്കളുടെ വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
പട്രീസിയ കോർമോസ്(20), ബിയാൻക ഡോറോസ്(23), ക്രിസ്റ്റ്യൻ മോൾനാർ(25) എന്നിവരാണ് മരണപ്പെട്ടത്. മൂവരും ഫ്രിയൂലി മേഖലയിലെ നാറ്റിസോൺ നദി മുറിച്ച് കടക്കാൻ ശ്രമിക്കുകയായിരുന്നു.
ഇതിനിടയിൽ നീരൊഴുക്ക് വർധിക്കുകയും ഇവർ ഒഴുക്കിൽപ്പെടുകയും ചെയ്തു. നദിയിലേക്കിറങ്ങും മുൻപ് സംഘം രക്ഷാപ്രവർത്തകരെ വിവരം അറിയിച്ചിരുന്നു.
അവർ സംഭവ സ്ഥലത്ത് എത്തിയപ്പോൾ മൂന്ന് പേരും കുത്തി ഒഴുകുന്ന വെള്ളത്തിനു നടുവിൽ പരസ്പരം കെട്ടിപ്പിടിച്ച് നിൽക്കുന്ന കാഴ്ചയാണ് കണ്ടത്.
ഹെലികോപ്ടറിലെത്തിയ സേന കയർ എറിഞ്ഞ് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ശക്തമായ ജലപ്രവാഹത്തിൽ മൂന്ന് പേരും ഒലിച്ച് പോയി.
പിന്നീട് നടത്തിയ തെരച്ചിലിൽ കോർമോസിന്റേയും ഡോറോസിന്റേയും മൃതദേഹങ്ങൾ വെള്ളച്ചാട്ടത്തിന് ഒരു കിലോമീറ്റർ അകലെ നിന്ന് കണ്ടെത്തി.
എന്നാൽ ഇതുവരെ മോൾനാറിന്റെ വിവരമൊന്നും തന്നെ ലഭിച്ചിട്ടില്ല. മോൾനാറിനെ കണ്ടെത്തുംവരെ രക്ഷാപ്രവർത്തനം തുടരാനാണ് സേനയുടെ തീരുമാനം.