മഹാരാജാസ് പ്രിന്‍സിപ്പല്‍ എന്‍.എല്‍ ബീനക്ക് സര്‍ക്കാര്‍ നല്‍കിയത് ‘എട്ടിന്റെ പണി’ തന്നെ !
കണ്ണൂര്‍: എസ്എഫ്ഐ പ്രവര്‍ത്തകരുമായി ഏറ്റുമുട്ടി വിവാദത്തിലായ മഹാരാജാസ് പ്രിന്‍സിപ്പല്‍ എന്‍.എല്‍ ബീനയ്ക്ക് ഇനി ‘അഗ്നിപരീക്ഷണത്തിന്റെ’ നാളുകള്‍.
എസ്.എഫ്.ഐ വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ച സംഭവത്തില്‍ പ്രിന്‍സിപ്പലിനെ സ്ഥലം മാറ്റണമെന്ന അന്വേഷണ കമ്മിഷന് സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഈ റിപ്പോര്‍ട്ടിന്റെ കൂടി പശ്ചാത്തലത്തില്‍ ബീനയെ തലശ്ശേരി ബ്രണ്ണന്‍ കോളജിലേക്ക് സ്ഥലം മാറ്റിയിരിക്കുകയാണിപ്പോള്‍ സര്‍ക്കാര്‍.
മഹാരാജാസിനേക്കാള് ചുവന്ന എസ്.എഫ്.ഐയുടെ കോട്ടയിലേക്ക് സ്ഥലം മാറ്റപ്പെട്ട ബീന, ഇവിടെ സ്വീകരിക്കുന്ന നടപടികള്‍ വിദ്യാര്‍ത്ഥി വിരുദ്ധമായാല്‍ അത് വന്‍ പ്രത്യാഘാതത്തിന് തന്നെ ഇനി കാരണമായേക്കും.
ആണ്‍കുട്ടികളായ ‘പോരാളികളെ ‘ കവച്ച് വയ്ക്കുന്ന പെണ്‍പോരാളികള്‍ ശുഭ്ര പതാകയേന്തുന്ന കാമ്പസാണിത്. കണ്ണൂരിന്റെ ചുവപ്പിനെ ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തുന്ന കാമ്പസ് . .
കാമ്പസ് രാഷ്ട്രീയം മാത്രമല്ല സംസ്ഥാന – ദേശീയ- അന്തര്‍ദേശീയ സംഭവങ്ങള്‍ പോലും ഈ ചുവപ്പ് കോട്ടയില്‍ സജീവമായി ചര്‍ച്ച ചെയ്യപ്പെടാറുണ്ട്.
സാക്ഷാല്‍ മുഖ്യമന്ത്രി പിണറായി വിജയന് എതിരാളികളുടെ ആയുധങ്ങള്‍ക്ക് മുന്പില് നെഞ്ച് വിരിച്ച് നടന്ന കാമ്പസ് കൂടിയാണിത്.
രക്തസാക്ഷിയുടെ ചോര വീണ ചുവന്ന ഈ മണ്ണ് എസ്.എഫ്.ഐയെ സംബന്ധിച്ച് ആവേശവും എതിരാളികളെ സംബന്ധിച്ച് പേടി സ്വപ്നവുമാണ്.
‘പെണ്‍കുട്ടികള്‍ ചൂടുപറ്റാനാണ് കോളജില്‍ വരുന്നതെന്ന’ മഹാരാജാസിലെ വിവാദ പരാമര്‍ശം പുതിയ പ്രിന്‍സിപ്പലായി ചാര്‍ജെടുക്കുന്ന ബീന ബ്രണ്ണനില്‍ പരാമര്‍ശിച്ചാല്‍ ഒരു പക്ഷേ പുറത്താക്കപ്പെടുക പ്രിന്‍സിപ്പല്‍ തന്നെയാകും.
കാമ്പസ് രാഷ്ട്രീയത്തിന്റെ ‘ പാഠം’ പഠിപ്പിക്കുന്നതിനായി സര്‍ക്കാര്‍ മന: പൂര്‍വ്വം ബീനയെ ബ്രണ്ണന്‍ കോളജിലേക്ക് തെറുപ്പിച്ചതാണോ എന്ന് പോലും ഇപ്പോള്‍ സംശയമുയര്‍ന്നു കഴിഞ്ഞു.
അത്രയ്ക്ക് ബുദ്ധിമുട്ട് മഹാരാജാസിലെ എസ്.എഫ്.ഐ വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പലില്‍ നിന്നും അനുഭവിച്ചിട്ടുണ്ട്.
സംഘടനാ സ്വാതന്ത്ര്യത്തിന് മേല്‍ മാത്രമല്ല വ്യക്തിസ്വാതന്ത്ര്യത്തിന് മേലും ആരെങ്കിലും കൈ കടത്താന്‍ വന്നാല്‍ അത് അനുവദിച്ച് കൊടുക്കുന്ന ചരിത്രം മഹാരാജാസിനെ പോലെ ബ്രണ്ണനിലെ വിദ്യാര്‍ഥികള്‍ക്കും ഇല്ല. ഇവിടെ പ്രതിഷേധത്തിന് കടുപ്പം കൂടുന്നതും സ്വാഭാവികം മാത്രം.
അതുകൊണ്ട് തന്നെയാണ് വിദ്യാര്‍ത്ഥി വിരുദ്ധയായി എസ്.എഫ്.ഐ ആരോപിക്കുന്ന പ്രിന്‍സിപ്പലിനെ മഹാരാജാസില്‍ നിന്നും ബ്രണ്ണനിലേക്ക് മാറ്റിയതിനെ പലരും ഇപ്പോള്‍ സംശയിക്കുന്നത്.
മഹാരാജാസിലെ ‘ചൂട് ‘ വിവാദമടക്കം പലതും പക്വതയോടെ കൈകാര്യം ചെയ്യേണ്ടതിന് പകരം പകയോടെയാണ് പ്രിന്‍സിപ്പല്‍ കൈകാര്യം ചെയ്തതെന്നും ഇതാണ് കാര്യങ്ങള്‍ വഷളാക്കിയതെന്നുമാണ് അധ്യാപകര്‍ പോലും ആരോപിച്ചിരുന്നത്. അന്വേഷണ കമ്മിഷന് റിപ്പോര്‍ട്ടിലും ഇക്കാര്യം എടുത്ത് പറഞ്ഞിട്ടുണ്ട്.
പ്രിന്‍സിപ്പല്‍ ബീനയുമായുള്ള ഭിന്നത ഒടുവില്‍ സ്റ്റാഫ് ക്വാര്‍ട്ടേഴ്സില്‍ ആയുധങ്ങള്‍ ഒളിപ്പിച്ചു വച്ചു എന്ന കുറ്റത്തിന് മഹാരാജാസിലെ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയും കോളജ് യൂണിയന് ഭാരവാഹികളടക്കമുള്ളവരെ പുറത്താക്കുന്നതിലാണ് കലാശിച്ചിരുന്നത്.