രണ്ടാം മോദി സർക്കാരിന്റെ തുടർച്ചയിൽ സഖ്യകക്ഷികൾക്ക് പരിഗണന
ന്യൂഡൽഹി: പരിചയ സമ്പത്ത്, യുവത്വം, പ്രവർത്തന മികവ്, പ്രാദേശിക - സാമൂഹിക സന്തുലനം, സഖ്യകക്ഷികൾക്ക് പരിഗണന... തന്റെ നേതൃത്വത്തിലുള്ള മൂന്നാം എൻ.ഡി.എ മന്ത്രിസഭയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അംഗങ്ങളെ തെരഞ്ഞെടുത്തത് ഏറെ കരുതലോടെ.
ബി.ജെ.പിക്ക് തനിച്ച് ഭൂരിപക്ഷമില്ലെന്നത് കുറവായി കാണേണ്ടെതില്ലെന്നും രണ്ടാം മോദി സർക്കാർ തുടങ്ങി വച്ച വികസന പ്രവർത്തനങ്ങൾ ശക്തമായി മുന്നോട്ട് കൊണ്ട് പോകുമെന്നുമുള്ള വ്യക്തമായ സന്ദേശം പുതിയ മന്ത്രി സഭാംഗങ്ങളുടെ തെരഞ്ഞെടുപ്പിൽ ദൃശ്യം.
അതേസമയം, സഖ്യത്തെ കെട്ടുറപ്പോടെ മുന്നോട്ട് കൊണ്ട് പാകാനുള്ള നടപടികളും മോദി സ്വീകരിച്ചു. കഴിഞ്ഞ സർക്കാരിൽ ആഭ്യന്തരം, പ്രതിരോധം, ധനം, വിദേശകാര്യം വകുപ്പുകളുടെ ചുമതലയുണ്ടായിരുന്ന അമിത് ഷാ, രാജ്നാഥ് സിങ്ങ്, നിർമല സീതാരാമൻ, എസ് ജയശങ്കർ എന്നിവരെ പുതിയ മന്ത്രിസഭയിലും നിലനിർത്തി.
ഇവർക്കൊപ്പം പീയൂഷ് ഗോയൽ, ധർമേന്ദ്ര പ്രധാൻ, അശ്വിനി വൈഷ്ണവ്, ഹർദീപ് സിങ്ങ് പുരി എന്നിവരും തുടരുന്നു. അതേസമയം, കഴിഞ്ഞ സർക്കാരിൽ വാർത്താ വിതരണ പ്രക്ഷേപണ മന്ത്രിയായിരുന്ന അനുരാഗ് ഠാക്കൂറിനെ ഒഴിവാക്കിയത് അദ്ഭുതമായി.
ഹിമാചലിൽ ബി.ജെ.പി വൻ വിജയം നേടിയതിനിടെയാണ് അദ്ദേഹം ഒഴിവാക്കപ്പെട്ടത്. മോദിയുടെ രണ്ട് സർക്കാരുകളിലും പ്രധാന വനിതാ മുഖമായിരുന്ന സ്മൃതി ഇറാനിക്ക് അമേഠിയിലെ കനത്ത പരാജയം ഇത്തവണ തിരിച്ചടിയായി.
കഴിഞ്ഞ സർക്കാരിൽ തുറമുഖ മന്ത്രിയായിരുന്ന പർഷോത്തം റുപാലയാണ് തഴയപ്പെട്ട മറ്റൊരു പ്രമുഖൻ. രജപുത്രർക്കെതിരേ റുപാല നടത്തിയ പരാമർശം രാജസ്ഥാനിലും ഹരിയാനയിലും യു.പിയിലുമടക്കം ബി.ജെ.പിക്ക് തിരിച്ചടിയായിരുന്നു.
തിരുവനന്തപുരത്ത് ശശി തരൂരിനോടു പരാജയപ്പെട്ട രാജീവ് ചന്ദ്രശേഖറും പുറത്തായി. ഹരിയാന മുൻ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ, മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാൻ, സി.ആർ പാട്ടീൽ, ബണ്ടി സഞ്ജയ് കുമാർ, രവ്നീത് സിങ്ങ് ബിട്ടു തുടങ്ങിയവർ മൂന്നാം മോദി സർക്കാരിലെ പുതുമുഖങ്ങളിലുണ്ട്.
ഇവരിൽ ചൗഹാനും ഖട്ടറും സംസ്ഥാന ഭരണത്തിന്റെ പരിചയ സമ്പത്തുമായാണ് എത്തുന്നത്. സംഘടനാ രംഗത്ത് മികവ് തെളിയിച്ചവരാണ് പാട്ടീലും സഞ്ജയ് കുമാറും.
പഞ്ചാബിൽ ബി.ജെ.പിയുടെ വരുംകാല ലക്ഷ്യങ്ങളാണ് ബിട്ടുവിന് മന്ത്രിസഭയിലേക്ക് വഴി തുറക്കുന്നത്. കോൺഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയ ബിട്ടു ഇത്തവണ ലുധിയാനയിൽ മുൻ സഹപ്രവർത്തകൻ അമരീന്ദർ സിങ്ങ് രാജയോട് ദയനീയമായാണു പരാജയപ്പെട്ടത്.
തെലുഗുദേശത്തിൽ നിന്ന് റാം മോഹൻ നായിഡു, ചന്ദ്രശേഖർ പെമ്മസനി, ജെ.ഡി.യുവിൽ നിന്ന് ലാലൻ സിങ്ങ്, രാംനാഥ് ഠാക്കുർ, ശിവസേനയുടെ പ്രതാപ് റാവു ജാദവ്, എൽ.ജെ.പിയുടെ ചിരാഗ് പാസ്വാൻ, ചെറു ഘടക കക്ഷികളുടെ പ്രതിനിധികളായ എച്ച്.ഡി കുമാരസ്വാമി, ജീതൻ റാം മാഞ്ചി, ജയന്ത് ചൗധരി, രാംദാസ് അഠാവലെ, അനുപ്രിയ പട്ടേൽ എന്നിവരെ തെരഞ്ഞെടുക്കുന്നതിൽ മോദിക്ക് കാര്യമായ മാനദണ്ഡങ്ങളൊന്നും സാധ്യമായിട്ടില്ല.