ഇടുക്കി വാഗമണ്ണിൽ ഒറ്റമുറി വീട്ടിൽ താമസിക്കുന്ന കുടുംബത്തിന് 50,000 രൂപ കറൻറ് ബില്ല്
ഇടുക്കി: ഇടുക്കി വാഗമണ്ണിൽ ഒറ്റമുറി വീട്ടിൽ താമസിക്കുന്ന കുടുംബത്തിന് 50,000 രൂപ കെ.എസ്.ഇ.ബി ബിൽ. വാഗമൺ സ്വദേശി അന്നമ്മയ്ക്കാണ് കെ.എസ്.ഇ.ബിയുടെ ഇരുട്ടടി.
ഒറ്റമുറി വീട്ടിൽ അന്നമ്മയും മകളുടെ മകനും മാത്രമാണ് താമസിക്കുന്നത്. വീട്ടിലാകെ മൂന്ന് ബൾബും ഒരുടിവിയും ഫ്രിഡ്ജുമാത്രമാണ് ഉള്ളതെന്ന് അന്നമ്മ പറയുന്നു. 15 ദിവസമായി മണ്ണെണ്ണ വിളക്കിൻറെ വെളിച്ചത്തിലാണ് ഈ കുടുംബം കഴിയുന്നത്.
ഇതിനു മുമ്പും ഇത്തരത്തിൽ ഭീമമായ തുക കുടിശിക അടയ്ക്കാൻ അടയ്ക്കണമെന്ന് കാണിച്ച് അന്നമ്മയ്ക്ക് കെ.എസ്.ഇ.ബി ബിൽ നൽകിയിരുന്നു.
അന്ന് 46,000 രൂപയുടെ കറൻറ് ബിലാണ് വന്നിരുന്നത്. തുടർന്ന് അന്നമ്മ മീറ്റർ പരിശോധിക്കണമെന്ന് കാണിച്ച് കെ.എസ്.ഇ.ബി പരാതി നൽകി. പരിശോധനയിൽ മീറ്ററിന് കുഴപ്പമില്ലെന്നായിരുന്നു കെ.എസ്.ഇ.ബിയുടെ കണ്ടെത്തൽ.
ഇത്തവണ വീണ്ടും കുടിശിക ഉൾപ്പെടെ 49,000 രൂപ അടയ്ക്കണമെന്ന് പറഞ്ഞ് ഉദ്യോഗസ്ഥർ ബിൽനൽകി. ഇത്രയും വലിയ തുക അടയക്കാൻ കഴിയാതെ വന്നതോടെ വീണ്ടും അന്നമ്മ കെ.എസ്.ഇ.ബി ഓഫീസിൽ പരാതി നൽകി.
2 തവണ പണം അടയ്ക്കാൻ പോയിട്ടും 49,000 രൂപ അടയ്ക്കണമെന്ന് പറഞ്ഞ് ഉദ്യോഗസ്ഥർ മടക്കി അയക്കുകയായിരുന്നെന്നും നിങ്ങൾ ഉപയോഗിച്ച കറൻറിന് ഞങ്ങളാണോ ബില്ലടക്കേണ്ടതെന്ന് ചോദിച്ച് ഉദ്യോഗസ്ഥർ പരിഹസിച്ചെന്നും അന്നമ്മ പറഞ്ഞു.
ഭീമമായ ബിൽ ഒഴിവാക്കാൻ പീരുമേട് സെക്ഷൻ ഓഫീസിൽ വിശദീകരണം നൽകിയെങ്കിലും ഒറ്റമുറി വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയാണ് കെ.എസ്.ഇ.ബി ചെയ്തത്.