കാര്യങ്ങളെല്ലാം ഇപ്പോള്‍ വ്യക്തമായി തുടങ്ങി, ദിലീപിനെതിരെ മുന്‍ ഭാര്യ മഞ്ജു സാക്ഷിയോ ?
കൊച്ചി: കാര്യങ്ങളെല്ലാം ഇപ്പോള്‍ വ്യക്തമായി തുടങ്ങി.
നടി ആക്രമിക്കപ്പെട്ട കേസില്‍ നടി മഞ്ജുവാര്യര്‍ പ്രധാന സാക്ഷിയാകുമെന്ന വാര്‍ത്തകള്‍ക്ക് സ്ഥിരീകരണം നല്കി സിപിഎം അനുകൂല മാധ്യമവും.
ദിലീപിന്റെ അറസ്റ്റ് വാര്‍ത്ത കേട്ട് ഷൂട്ടിങ്ങ് സ്ഥലത്ത് മഞ്ജുവാര്യര്‍ കുഴഞ്ഞു വീണു എന്ന തരത്തില്‍ വാര്‍ത്ത പുറത്തുവിട്ട് അറസ്റ്റില്‍ ഒരു പങ്കും മഞ്ജുവിന് ഇല്ലെന്ന് പ്രചരണം നടത്തിയ ചില കേന്ദ്രങ്ങളുടെ തനിനിറം പുറത്ത് കാട്ടുന്നതാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍.
സംസ്ഥാന ഭരണം നിയന്ത്രിക്കുന്ന സിപിഎം അനുകൂല മാധ്യമമായതിനാല്‍ കൈരളിയുടെ വാര്‍ത്തയെ തള്ളിക്കളയാന്‍ കഴിയില്ല.
മഞ്ജു വാര്യര്‍ എഡിജിപിക്ക് നല്കിയ മൊഴിയാണ് ദിലീപിനെ 13 മണിക്കൂര്‍ ചോദ്യം ചെയ്യുന്നതിലേക്കും തുടര്‍ന്ന് അറസ്റ്റിലേക്കും എത്തിച്ചതെന്ന് കേരള കൗമുദി ഓണ്‍ലൈനും റിപ്പോര്‍ട്ട് ചെയ്യുന്നു.
ഗൂഢാലോചനാക്കുറ്റം കോടതിയില്‍ തെളിയിക്കാന്‍ ആവശ്യമായ ശക്തമായ തെളിവുകള്‍ അന്വേഷണ സംഘത്തിന് ഇനിയും ലഭിക്കാത്ത സാഹചര്യത്തിലാണ് മഞ്ജുവിനെ പ്രധാന സാക്ഷിയാക്കാന്‍ ശ്രമം നടക്കുന്നതെന്നാണ് ദിലീപിന്റെ അഭിഭാഷകര്‍ സംശയിക്കുന്നത്.
നടനുമായി അഭിപ്രായ ഭിന്നത ഉണ്ടെന്ന് മാത്രം പറഞ്ഞ ആക്രമിക്കപ്പെട്ട നടി, വൈരാഗ്യം സംബന്ധിച്ച ഒരു സൂചന പോലും പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ നല്‍കിയിരുന്നില്ല.
മാത്രമല്ല നടന്റെ പേര് താന്‍ എവിടെയും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കുറ്റക്കാരനല്ലെങ്കില്‍ അത് എത്രയും വേഗം തെളിയണമെന്നും നടി ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.
ഹൈക്കോടതിയില്‍ നല്കിയ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ അദ്ദേഹത്തിന്റെ അഭിഭാഷകന് ഇക്കാര്യം പ്രത്യേകം ചൂണ്ടിക്കാണിച്ചിട്ടുമുണ്ട്.
നടിക്കെതിരെ നടന്ന ഹീനമായ ആക്രമണത്തിനെതിരെ പ്രതികരിക്കാന്‍ താര സംഘടനയായ ‘അമ്മ’ എറണാകുളത്ത് സംഘടിപ്പിച്ച പ്രതിഷേധ യോഗത്തില്‍ ക്രിമിനല്‍ ഗൂഢാലോചന ആരോപിച്ച മഞ്ജു വാര്യരാണ് ആദ്യം വിവാദത്തിന് തിരികൊളുത്തിയിരുന്നത്.
പ്രമുഖ നടന്റെ പേര് പിന്നീട് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നതിലേക്കും തുടര്‍ന്ന് പ്രമുഖ നടന് ദിലീപായി മാറുന്നതുമെല്ലാം ശരവേഗത്തിലായിരുന്നു.
ആക്രമിക്കപ്പെട്ട നടിയുമായി ബന്ധപ്പെട്ട് ദിലീപിന് വ്യക്തി വൈരാഗ്യം ഉണ്ടായിരുന്നു എന്ന് തെളിയിക്കാന്‍ ദിലീപിന്റെ മുന്‍ ഭാര്യയായ മഞ്ജുവിന്റെ മൊഴി കോടതിയില്‍ നിര്‍ണ്ണായകമാണ്.
മഞ്ജു – ദിലീപ് ബന്ധം തകരാന്‍ കാരണം ആക്രമിക്കപ്പെട്ട നടി നല്കിയ ‘ചില’ വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്നാണ് പൊലീസ് പറയുന്നത്. ഈ വിരോധം മൂലമാണ് 2013ല്‍ ക്വട്ടേഷന്‍ നല്‍കിയതെന്നാണ് വാദം.
നടിയുമായി ദിലീപിന് വ്യക്തി വൈരാഗ്യമുണ്ടായിരുന്നുവെന്ന് മഞ്ജു കോടതിയില്‍ പറയുകയും ഇപ്പോള്‍ ലഭിച്ച തെളിവുകള്‍ ഹാജരാക്കുകയും ചെയ്താല്‍ കോടതിയില്‍ കുറ്റം തെളിയിക്കാന്‍ പറ്റുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.
ഇക്കാര്യത്തില്‍ മഞ്ജുവിനെ സാക്ഷിയാക്കിയില്ലെങ്കില് പ്രതിഭാഗം തന്നെ വിളിച്ചു വരുത്താന്‍ സാധ്യതയുണ്ടെന്നാണ് അന്വേഷണ സംഘം കരുതുന്നത്.
മഞ്ജുവും ദിലീപും വേര്‍പിരിയുന്നതിന് കാരണമായി ദിലീപ് കുടുംബകോടതിയില്‍ ഫയല്‍ ചെയ്ത, ഇനിയും പുറം ലോകം അറിയാത്ത ഹര്‍ജി വിചാരണ കോടതിയില്‍ പ്രതിഭാഗം വിളിച്ചു വരുത്തിയേക്കുമെന്ന് പൊലീസ് മുന്‍കൂട്ടി കാണുന്നുണ്ട്.
ഈ ഹര്‍ജിയില്‍ വേര്‍പിരിയുന്നതിനുള്ള യഥാര്‍ത്ഥ കാരണങ്ങളുണ്ടെന്നും വില്ലന്മാര് ഉണ്ടെന്നും ദിലീപ് അറസ്റ്റിന് മുന്‍പ് മനോരമ ഓണ്‍ലൈനിനു നല്കിയ അഭിമുഖത്തില്‍ തുറന്ന് പറഞ്ഞിരുന്നു.
ഈ സാഹചര്യങ്ങളെല്ലാം മുന്‍നിര്‍ത്തിയാണ് മഞ്ജുവിനെ സാക്ഷിയാക്കാന്‍ പ്രോസിക്യൂഷന് ഒരുങ്ങുന്നതത്രെ.
വിവാഹമോചനത്തിന് മുന്‍പും പിന്‍പും ഇന്നുവരെ ദിലീപും മഞ്ജുവും പരസ്പരം ഒരു ആരോപണവും ഉന്നയിച്ചിരുന്നില്ല.
മകള്‍ മീനാക്ഷിയാവട്ടെ ദിലീപിന്റെ കൂടെ നില്‍ക്കാനാണ് ഇഷ്ടപ്പെട്ടതും.
എന്നാല്‍ കാവ്യാ മാധവനെ ദിലീപ് സ്വന്തം മകളുടെ സാന്നിധ്യത്തില്‍ വിവാഹം കഴിക്കുക കൂടി ചെയ്തതോടെ മഞ്ജുവിന്റെ മുന്‍ ‘നിലപാടുകളെല്ലാം’ ഇപ്പോള്‍ മാറി കഴിഞ്ഞതായാണ് പറയപ്പെടുന്നത്.
ഇത് ദിലീപിനെ ഇനി ഏത് രൂപത്തിലാണ് ബാധിക്കുക എന്നതാണ് സിനിമാലോകവും ഇപ്പോള്‍ ഉറ്റുനോക്കുന്നത്.
അതേ സമയം ദിലീപ് നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ഇപ്പോള്‍ ‘ആക്രമിക്കുന്ന’തായി പറയുന്ന മാധ്യമങ്ങള്‍ പോലും വാര്‍ത്ത തിരിച്ചു നല്‍കുമെന്നും അന്വേഷണ സംഘം നല്കുന്ന വിവരത്തിനപ്പുറം ഒരു കാര്യങ്ങളും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നുമാണ് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നത്.
മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ക്വട്ടേഷന്‍ പണിയുമായി ആര് വന്നാലും അതിനെ അതിന്റേതായ രൂപത്തില്‍ നേരിടുമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയനും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.