ജൂൺ നാലിന് നടന്നത് ചരിത്രത്തിലെ ഏറ്റവും വലിയ ഓഹരി കുംഭകോണം; രാഹുൽ ഗാന്ധി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഓഹരി കുംഭകോണമാണ് തെരഞ്ഞെടുപ്പ് ഫലം വന്ന ജൂൺ നാലിന് നടന്നതെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.
എ.ഐ.സി.സി ആസ്ഥാനത്തു നടത്തിയ വാർത്താ സമ്മേളനത്തിലാണ് മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ധനകാര്യ മന്ത്രി നിർമല സീതാരാമൻ എന്നിവർക്കെതിരെ രാഹുൽ പ്രതികരിച്ചത്.
ഇക്കാര്യത്തില്‍ പാര്‍ലമെന്ററി സംയുക്ത സമിതി അന്വേഷണം പ്രഖ്യാപിക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. നരേന്ദ്രമോദി സര്‍ക്കാര്‍ കനത്ത തിരിച്ചടി നേരിട്ട ഫലമായിരുന്നു ജൂണ്‍ നാലിന് പുറത്തു വന്നത്.
അന്ന് നിക്ഷേപകര്‍ക്ക് 30 ലക്ഷം കോടിയുടെ നഷ്ടമാണ് സംഭവിച്ചത്. വന്‍ അഴിമതിയാണ് ഓഹരി വിപണിയില്‍ ബി.ജെ.പി നടത്തിയത്. ഇതിനെതിരെ ജെ.പി.സി അന്വേഷണം നടത്തണം.
ഓഹരി വിപണി ഇടിവിനെക്കുറിച്ച് നരേന്ദ്രമോദിക്കും കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷായ്ക്കും ധനമന്ത്രി നിര്‍മ്മലാ സീതാരാമന് എന്നിവര്‍ പരാമര്‍ശം നടത്തിയിരുന്നു.
ഇതിനെല്ലാം പിന്നിൽ ഗൂഢാലോചന നടന്നു. തെരഞ്ഞെടുപ്പ് സമയത്ത് ജൂൺ നാലിനു വിപണിയിൽ വൻ കുതിപ്പുണ്ടാകുമെന്നു പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി എന്നിവർ അദാനിയുടെ ഉടമസ്ഥതയിലുള്ള ചാനലിൽ പറഞ്ഞിരുന്നു.
ഷെയറുകൾ വാങ്ങി വയ്ക്കാനും അമിത് ഷാ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് ബിജെപിക്ക് ധാരണ ഉണ്ടായിരുന്നുവെന്ന് വേണം മനസിലാക്കാന്‍.
എക്സിറ്റ് പോളുകള്‍ക്ക് ശേഷം ഓഹരി വിപണി കുതിച്ചുയര്‍ന്നു. വൻകിട നിക്ഷേപകർ പണം തട്ടി. എന്നാല്‍ ഫലം വന്നപ്പോൾ ഓഹരി തകർച്ച നേരിട്ടു.
സാധാരണക്കാരായ ചെറുകിട നിക്ഷേപകർക്കാണ് നഷ്ടം സംഭവിച്ചത്. 30 ലക്ഷം കോടിയുടെ നഷ്ടമാണ് അവർക്ക് സംഭവിച്ചത്. വിദേശ നിക്ഷേപകരും എക്സിറ്റ് പോള്‍ ഏജന്‍സികളും തമ്മിലെ ബന്ധം അന്വേഷിക്കണം.
ഇത് അദാനിയില്‍ മാത്രം ഒതുങ്ങുന്ന വിഷയമല്ല. എക്സിറ്റ് പോളിന് തലേ ദിവസത്തെ സംശയാസ്പദമായ വിദേശ നിക്ഷേപങ്ങള്‍ പരിശോധിക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.