സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ലോക നേതാക്കൾക്ക് ക്ഷണം
ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിൻറെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ലോക നേതാക്കൾക്കും ക്ഷണം. ബംഗ്ലാദേശ്, ശ്രീലങ്ക, ഭൂട്ടാൻ, നേപ്പാൾ, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കളെയാണ് സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്.
ക്ഷണം ലഭിച്ചതായി ശ്രീലങ്കൻ പ്രസിഡൻറ് റനിൽ വിക്രമസിംഗെയുടെ ഓഫീസിലെ മാധ്യമ വിഭാഗം അറിയിച്ചു. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ നരേന്ദ്ര മോദി ഫോണിൽ വിളിച്ചതായാണ് വിവരം.
ഇതിന് പുറമേ നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ പ്രചണ്ഡ, ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിംഗ് ടോബ്ഗേ, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്നാഥ് എന്നിവരെയും ഉടനെ ക്ഷണിക്കുമെന്നാണ് വിവരം.
ഔപചാരിക ക്ഷണം ഇന്നുണ്ടാകുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ശനിയാഴ്ച മൂന്നാം മോദി സർക്കാരിൻറെ സത്യപ്രതിജ്ഞ ചടങ്ങ് നടത്താനാണ് ബി.ജെ.പി നീക്കം.
നാളെ പാർലമെൻറിലെ സെൻട്രൽ ഹാളിൽ ചേരുന്ന എൻ.ഡി.എ എം.പിമാരുടെ യോഗത്തിൽ മോദിയെ പാർലമെൻറിലെ നേതാവായി തെരഞ്ഞെടുക്കും.
പ്രധാന സഖ്യകക്ഷികളായ ടിഡിപിയുമായും ജെഡിയുവുമായും ബി.ജെ.പി നേതാക്കൾ ചർച്ച തുടങ്ങിയിട്ടുണ്ട്. പീയൂഷ് ഗോയലാണ് ചന്ദ്രബാബു നായിഡുവുമായി ആദ്യ ഘട്ട ചർച്ച നടത്തിയത്.
തെരഞ്ഞെടുപ്പ് ഫലത്തിൻറെ പശ്ചാത്തലത്തിൽ ഇന്നലെ ചേർന്ന എൻ.ഡി.എ യോഗമാണ് മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കാൻ തീരുമാനിച്ചത്.