ട്രോളിംഗ് നിരോധനം: റവന്യൂ റിക്കവറി നിയമത്തില്‍ ഭേദഗതി
തിരുവനന്തപുരം: 1168ലെ കേരള റവന്യൂ റിക്കവറി നിയമത്തില്‍ ഭേദഗതി വരുത്താനുള്ള ബില്ലിന് മന്ത്രിസഭായോഗം അനുമതി നല്കി.
നികുതി കുടിശ്ശികയുടെ പലിശ ഈടാക്കുന്നത് കുറയ്ക്കുക, ജപ്തി വസ്തുവിന്റെ വില്പന വിവരങ്ങള്‍ ഓണ്‍ലൈനായി പ്രസിദ്ധപ്പെടുത്തുക, സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയുടെ ഭാഗം കുടിശ്ശിക ബാധ്യത തീര്‍ക്കുന്നതിന് ഉതകും വിധം വില്‍ക്കുന്നതിനുള്ള വ്യവസ്ഥ, റവന്യു റിക്കവറിയില്‍ തവണകള്‍ അനുവദിക്കാന്‍ സര്‍ക്കാരിന് അനുമതി നല്കല് തുടങ്ങിയവയാണ് ബില്ലിലെ പ്രധാന ഭേദഗതികള്‍.
ട്രോളിംഗ് നിരോധനം - കേരള തീരപ്രദേശത്തെ കടലില്‍ ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ (ജൂണ്‍ 9 അര്‍ദ്ധരാത്രി മുതല്‍ ജൂലൈ 31 അര്‍ദ്ധരാത്രി വരെ - രണ്ടു ദിവസവും ഉള്‍പ്പെടെ) 52 ദിവസം ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തി വിജ്ഞാപനം പുറപ്പെടുവിക്കും.
പി.എസ്.സി അംഗം - പബ്ലിക്ക് സര്‍വ്വീസ് കമ്മീഷനില്‍ നിലവിലുള്ള ഒഴിവിലേക്ക് കോട്ടയം കാളികാവ് സ്വദേശി അഡ്വ. ബോസ് അഗസ്റ്റിനെ പരിഗണിച്ച് ഗവര്‍ണര്‍ക്ക് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു.
സ്റ്റേറ്റ് അറ്റോര്‍ണി - അഡ്വ. എന്‍ മനോജ് കുമാറിന് ഹൈക്കോടതിയില്‍ മൂന്ന് വര്‍ഷക്കാലയളവിലേക്ക് സ്റ്റേറ്റ് അറ്റോര്‍ണിയായി പുനര്‍നിയമനം നല്‍കും. കൊച്ചി എളമക്കര സ്വദേശിയാണ്.
തുടര്‍ച്ചാനുമതി - ലാന്‍ഡ് റവന്യൂ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ജില്ലാ കളക്ടറേറ്റുകളിലെയും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്, ബില്‍ഡിംഗ് ടാക്സ് യൂണിറ്റുകള്‍, റവന്യൂ റിക്കവറി യൂണിറ്റുകള്‍ എന്നിവയിലെ 197 താല്‍ക്കാലിക തസ്തികകള്‍ക്കും തുടര്‍ച്ചാനുമതി നല്‍കും. ആലപ്പുഴ, മലപ്പുറം, കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലാ കളക്ടറേറ്റുകളിലെ ലാന്‍ഡ് അക്വിസിഷന്‍ യൂണിറ്റുകളിലെ 20 താല്‍ക്കാലിക തസ്തികകള്‍ ഉള്‍പ്പെടെ 217 താല്‍ക്കാലിക തസ്തികകള്‍ക്കും തുടര്‍ച്ചാനുമതിയുണ്ടാകും. 01.04.2024 മുതല്‍ പ്രാബല്യത്തില്‍ 31.03.2025 വരെയാണ് തുടര്‍ച്ചാനുമതി.
ക്ഷാമബത്ത കുടിശ്ശിക - ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ് ട്രാവന്‍കൂര്‍ ലിമിറ്റഡിലെ തൊഴിലാളികളുടെ ക്ഷാമബത്ത കുടിശ്ശിക 01.07.2017 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ അനുവദിക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.