ദക്ഷിണാഫ്രിക്കയിലെ ദേശീയ തെരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കും കേവല ഭൂരിപക്ഷമില്ല
ജൊഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കൻ തെരഞ്ഞെടുപ്പ് കമീഷൻ ഔദ്യോഗിക ഫലം പുറത്തുവിട്ടപ്പോൾ ദേശീയ തെരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കും കേവല ഭൂരിപക്ഷമില്ല.
30 വർഷമായി രാജ്യത്തെ നയിക്കുന്ന ആഫ്രിക്കൻ നാഷണൽ കോൺഗ്രസിന് ലഭിച്ചത് 159 സീറ്റ് മാത്രം. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ 230 സീറ്റിൽ നിന്ന് ഗണ്യമായ കുറവ്.
കേവലഭൂരിപക്ഷത്തിന് 50 ശതമാനം വോട്ടുവേണമെന്നിരിക്കെ, എഎൻസി 40.21 ശതമാനത്തിൽ ഒതുങ്ങി. ലഭിക്കുന്ന വോട്ടിന്റെ നേർ അനുപാതത്തിലാണ് 400 അംഗ പാർലമെന്റിൽ സീറ്റ് ലഭിക്കുക.
പ്രതിപക്ഷമായ ഡമോക്രാറ്റിക് അലയൻസ് 87 സീറ്റുനേടി. മുൻ പ്രസിഡന്റ് ജേക്കബ് സുമയുടെ പുതിയ പാർട്ടി ‘എം.കെ’യ്ക്ക് 58 സീറ്റും ഇടതു പാർട്ടിയായ ഇക്കണോമിക് ഫ്രീഡം ഫൈറ്റേഴ്സിന് 39 സീറ്റും കിട്ടി.
സർക്കാർ രൂപീകരണത്തിന് ഡമോക്രാറ്റിക് അലയൻസിനോടുൾപ്പെടെ എ.എൻ.സി മുന്നണി രൂപീകരണ ചർച്ച നടത്തി. ഇരു പാർട്ടിക്കും ചേർന്ന് 246 സീറ്റാണുള്ളത്. എന്നാൽ, നേതൃത്വത്തിൽ നിന്ന് രമഫോസയെ മാറ്റണമെന്ന മറ്റു പാർടികളുടെ ആവശ്യം എ.എൻ.സിക്ക് സ്വീകാര്യമല്ല.
രണ്ടാം വട്ടവും പ്രസിഡന്റാകാനുള്ള നീക്കത്തിലാണ് രമഫോസ. എം.കെ, ഇടതു പാർട്ടിയായ ഇക്കണോമിക് ഫ്രീഡം ഫൈറ്റേഴ്സ് എന്നിവയുമായും ചർച്ച നടക്കുന്നു. ഭരണ ഘടന പ്രകാരം, ഫലംവന്ന് 14 ദിവസത്തിനകം പാർലമെന്റിൽ പുതിയ പ്രസിഡന്റിനായി വോട്ടിങ്ങ് നടത്തണം.
നേതൃമാറ്റമുണ്ടായാൽ, ജേക്കബ് സുമ, ഡി.എ നേതാവ് ജോൺ സ്റ്റീൻഹുയിസെൻ, ഇ.എഫ്.എഫ് നേതാവ് ജൂലിയസ് മലെമ എന്നിവർക്കാണ് സാധ്യത. രാജ്യത്തിന്റെ ക്ഷേമം മുൻനിർത്തി ഭിന്നതകൾ മറന്ന് യോജിച്ച് പ്രവർത്തിക്കണമെന്ന് രമഫോസ രാഷ്ട്രീയ പാർട്ടികളോട് അഭ്യർത്ഥിച്ചു.