‘ദിലീപിനെ കെണിയൊരുക്കി കുടുക്കിയത്’; നിരപരാധിത്വം തെളിയിച്ച് ദിലീപ് തിരിച്ചു വരുമെന്ന് സഹോദരന് അനൂപ്
നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ കെണിയൊരുക്കി കുടുക്കിയതെന്ന് സഹോദരന് അനൂപ്. ഇതിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ട്. നിരപരാധിത്വം തെളിയിച്ച് തിരിച്ചുവരുമെന്നും ദിലീപിന്റെ സഹോദരന് അനൂപ് പറഞ്ഞു.
‘ഇതെല്ലാം ചമച്ചുകൊണ്ടിരിക്കുകയാണ്. സിനിമയെ വെല്ലുന്ന സ്ക്രിപ്റ്റാണ് നടന്നുകൊണ്ടിരിക്കുന്നത്. ദിലീപ് തിരിച്ചുവരും. തെളിയിക്കും. സത്യവും ദൈവവുമൊക്കെയുണ്ടേല്‍ ഇത് പുറത്ത് വരും. സത്യം തെളിയുമ്പോള്‍ നിങ്ങള്‍ ഞങ്ങളുടെ കൂടെ നിന്നാല്‍ മതി. ഇത്രയും ഒരാളെ ഒന്നും ചെയ്യാന്‍ പാടില്ല. തെളിവില്ല, നൂറ് ശതമാനം തെളിവില്ല. അവിടെയും ഇവിടെയുമുണ്ടെന്ന സംശയത്തിന്റെ പേരിലാണ് അറസ്റ്റ്. ഇതൊന്നുമല്ല. ഇതെല്ലാം കെട്ടിച്ചമച്ചിരിക്കുന്നതാണ്. ഇതിന്റെ പേരില്‍ ആളുണ്ട്. വക്കീലും കാര്യങ്ങളുമായി പോകുമ്പോള്‍ സത്യം പുറത്തുവരും. ബിഗ് ട്രാപ്പാണിത്. ഇത് എല്ലാവര്ക്കും വരും. ഗൂഢാലോചന നടത്തിയത് ദിലീപല്ല, ദിലീപിനെ കുടുക്കാനാണ് ഗൂഢാലോചന നടന്നത്’, അനൂപ് പറഞ്ഞു.
കേസിൽ ദിലീപിന്റെ ജാമ്യാപേക്ഷയിൽ ഇന്നു വാദം കേട്ടില്ല. തെളിവെടുപ്പ് പൂർത്തിയാകാത്തതിനാൽ അന്വേഷണ റിപ്പോർട്ട് ഹാജരാക്കത്തിനാലാണ് വാദം കേൾക്കാത്തത്. ജാമ്യാപേക്ഷ അങ്കമാലി കോടതി നാളെ പരിഗണിക്കും. അതേസമയം ദിലീപിനെ തൃശൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തി. പുഴയ്ക്കലിലെ കിണറ്റിങ്കല്‍ ടെന്നിസ് അക്കാദമിയിലും കാറില്‍ ഇരുന്ന് ഗൂഢാലോചന നടന്ന ജോയ്സ് പാലസ് ഹോട്ടലിലും, ദിലീപ് താമസിച്ച ഗരുഡ ഹോട്ടലിലും തെളിവെടുപ്പിന് എത്തിച്ചു. അതേസമയം നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവനേയും അമ്മ ശ്യാമളയേയും ചോദ്യം ചെയ്യും.
തൃശൂരിലെ പ്രമുഖ ക്ലബ്ബില്‍ ആരാധകര്‍ക്കൊപ്പം ദിലീപ് എടുത്ത സെല്‍ഫിയില്‍ പള്‍സര്‍ സുനിയും ഉളളതായി വ്യക്തമായിരുന്നു. ഈ ക്ലബ്ബിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. ഇവിടെ വെച്ചാണ് ഇരുവരും ഒരേ ടവര്‍ ലൊക്കേഷനില്‍ എത്തിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. 2016 നവംബര്‍ മൂന്നിനാണ് ഇരുവരും ഒരേ ടവര്‍ ലൊക്കേഷനിലുളളതായി അന്വേഷണത്തില്‍ വ്യക്തമായത്. ജോര്‍ജേട്ടന്‍സ് പൂരം എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുന്ന സമയത്തുളള ചിത്രങ്ങളാണ് പുറത്ത് വന്നത്. തൃശൂരിലെ പ്രമുഖ ക്ലബ്ബിലായിരുന്നു ഇതിന്റെ ഷൂട്ടിങ്. പള്‍സര്‍ സുനിയെ തനിക്ക് പരിചയമില്ലെന്നും ഓര്‍മ്മയില്‍ പോലും ഇല്ലാത്തയാളാണെന്നും ദിലീപ് നേരത്തെ പറഞ്ഞിരുന്നു. ഇന്നലെ ദിലീപിനെ ഗൂഢാലോചന നടന്നതായി സംശയമുള്ള കൊച്ചിയിലെയും തൊടുപുഴയിലുമെത്തിച്ച് തെളിവെടുത്തിരുന്നു. ദിലീപിനെ കൂക്കി വിളിയോടെയാണ് തെളിവെടുപ്പ് സ്ഥലങ്ങളില്‍ ജനം സ്വീകരിച്ചത്. വന്‍ ജനക്കൂട്ടം സ്ഥലത്തുണ്ടായിരുന്നതിനാല്‍ തൊടുപുഴയില്‍ ദിലീപിനെ വാഹനത്തില്‍നിന്നും പുറത്തിറക്കാനായിരുന്നില്ല. തെളിവെടുപ്പിനുശേഷം ആലുവ പൊലീസ് ക്ലബിലെത്തിച്ച ദിലീപിനെ എഡിജിപി: ബി. സന്ധ്യയുടെ നേതൃത്വത്തില്‍ വീണ്ടും ചോദ്യം ചെയ്തു. അതേസമയം, നടി ആക്രമിക്കപ്പെട്ട അന്നും പിറ്റേന്നും ദിലീപുമായി ഫോണില്‍ സംസാരിച്ചവരെയും ചോദ്യം ചെയ്യും. പ്രധാനമായും നാലുപേരില്നിന്നാണു മൊഴി എടുക്കുന്നത്. അന്‍വര്‍ സാദത്ത് എംഎല്‍എ, മുതിര്‍ന്ന നടന് എന്നിവരും പൊലീസ് തയാറാക്കിയ ലിസ്റ്റില്‍ ഉള്‍പ്പെടുന്നു. ഗൂഢാലോചന നടത്തിയെന്നു പൊലീസ് പറയുന്ന കൊച്ചിയിലെ അബാദ് പ്ലാസ ഹോട്ടലിലാണ് ഇന്നലെ ഏറ്റവും ഒടുവില്‍ ദിലീപിനെ എത്തിച്ചത്. വലിയ ആള്‍ക്കൂട്ടമാണ് ഹോട്ടലിന് പുറത്ത് തടിച്ചുകൂടിയത്. ദിലീപിനെയും വഹിച്ചുകൊണ്ടുള്ള പൊലീസ് വാഹനം എത്തിയപ്പോള്‍ കൂവലോടെയാണ് നാട്ടുകാര്‍ സ്വീകരിച്ചത്. അബാദ് പ്ലാസ ഹോട്ടലിലെ 410-ാം നമ്പര്‍ മുറിയില്‍ കേസിലെ ഒന്നാം പ്രതി സുനില്‍കുമാര്‍ (പള്‍സര്‍ സുനി) ദിലീപിനെ കണ്ട് കുറ്റകൃത്യത്തിനുള്ള ഗൂഢാലോചനയ്ക്കു തുടക്കമിട്ടെന്നാണ് അന്വേഷണ സംഘം കോടതിയെ അറിയിച്ചിരിക്കുന്നത്. തോപ്പുംപടി സിഫ്റ്റ് ജംക്ഷനിലെത്തിച്ചും തെളിവെടുത്തു. ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയെന്ന് പൊലീസ് കണ്ടെത്തിയ തൊടുപുഴ ശാന്തിഗിരി കോളജിനു സമീപമുള്ള ഷൂട്ടിങ് ലൊക്കേഷനിലെത്തിയാണ് ആദ്യം തെളിവെടുപ്പ് നടത്തിയത്. ദിലീപ് ചിത്രമായ ‘ജോര്‍ജേട്ടന്‍സ് പൂര’ത്തിന്റെ ഷൂട്ടിങ് ഇവിടെ നടന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് നടനെ ഇവിടെ തെളിവെടുപ്പിന് എത്തിച്ചത്. തെളിവെടുപ്പിനു മുന്നോടിയായി ദിലീപിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു.
അതേസമയം, ദിലീപിനെ തെളിവെടുപ്പിന് എത്തിക്കുന്ന വിവരമറിഞ്ഞ് വന്‍ ജനക്കൂട്ടം ഇവിടേക്ക് ഒഴുകിയെത്തിയതിനാല്‍ താരത്തെ പൊലീസ് വാഹനത്തില്‍നിന്ന് പുറത്തിറക്കിയില്ല. അസഭ്യം ചൊരിഞ്ഞും കൂക്കിവിളിച്ചുമാണ് ജനക്കൂട്ടം ദിലീപിനെ ‘വരവേറ്റത്’. ആള്‍ക്കൂട്ടത്തില്‍ ഒരു വിഭാഗം ദിലീപുമായെത്തിയ വാഹനം തടയാനും ശ്രമിച്ചു. തെളിവെടുപ്പിനിടെ കേരള കോണ്‍ഗ്രസ് (എം) പ്രവര്‍ത്തകര്‍ ദിലീപിനെതിരെ പ്രതിഷേധപ്രകടനവും നടത്തി. ഇവിടുത്തെ ഷൂട്ടിങ്ങിനിടെ, ഇക്കഴിഞ്ഞ നവംബര്‍ 14ന് സുനിയും ദിലീപും കൂടിക്കാഴ്ച നടത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.