കരിമ്പ് കർഷകരെ മണ്ണിന്റെ മനസ്സറിയാൻ സഹായിച്ച് ഹരിതകേരളം മിഷൻ
ഇടുക്കി: മറയൂർ, കാന്തല്ലൂർ പഞ്ചായത്തുകളിലെ കരിമ്പ് കർഷകർക്ക് മണ്ണിന്റെ ഗുണഗണങ്ങളറിഞ്ഞ് കൃഷിയിറക്കാൻ അവസരമൊരുക്കുകയാണ് ഹരിത കേരളം മിഷൻ.മണ്ണ് പരിശോധിച്ച് സോയിൽ ഹെൽത്ത് കാർഡും സാങ്കേതിക സംശയ നിവാരണത്തിനായി അഗ്രി ക്ലിനിക്കുമാണ് മിഷൻ സംഘടിപ്പിച്ചത്.
നേരത്തേ 59 കർഷകർക്ക് മണ്ണു പരിശോധിച്ച് കാർഡ് നൽകിയിരുന്നു. ഇതു കൂടാതെ 30 കർഷകർക്കു കൂടി സോയിൽ ഹെൽത്ത് കാർഡുകൾ നൽകി.മണ്ണ് പര്യവേക്ഷണ - സംരക്ഷണ വകുപ്പ്, കൃഷി വകുപ്പ് എന്നിവയുമായി കൈകോർത്താണ് പദ്ധതി ആവിഷ്കരിച്ചത്.
നേരത്തേ മറയൂർ പഞ്ചായത്തുമായും മറയൂർ സർവീസ് സഹകരണ ബാങ്കുമായും സഹകരിച്ചാണ് ഈ പരിപാടി നടത്തിയത്. ഹരിത കേരളം മിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർ എസ്.യു സഞ്ജീവ് പരിപാടി ഉദ്ഘാടനം ചെയ്തു.
മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പി രമേശ്, ദേവികുളം എ.ഡി.എ എം.എസ് ജോൺസൺ എന്നിവർ സോയിൽ ഹെൽത്ത് കാർഡുകൾ വിതരണം ചെയ്തു. മണ്ണ് പര്യവേഷണ ഓഫീസറായ പി.വി അഷിദ പരിശോധനാ ഫലം സംബന്ധിച്ച് ക്ലാസെടുത്തു. കർഷകരുടെ സംശയങ്ങൾക്ക് മണ്ണ് പര്യവേഷണ വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ പി.രമേശ് വിശദീകരണം നൽകി.
ഹരിത കേരളം മിഷൻ പ്രോഗ്രാം ഓഫീസർ കൃഷ്ണകുമാർ, പ്രോജക്ട് കോർഡിനേറ്റർ ലിജി, പ്രോജക്ട് അസ്സോസിയേറ്റ് ജിഷ്ണു, മണ്ണ് പര്യവേക്ഷണ ഓഫീസർ കെ.എസ് ബിനിമോൾ, മറയൂർ കൃഷി ഓഫീസർ അലൻ, കാന്തല്ലൂർ കൃഷി ഓഫീസർ ഹുബൈബ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.