പോലീസിനുണ്ടാകേണ്ട ഗുണത്തെക്കുറിച്ച് ഓർമിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
തൃശൂർ: പൊതുജനങ്ങളോട് ഏറ്റവും അടുത്ത് ഇടപഴകുന്ന സർക്കാർ സംവിധാനമെന്ന നിലയിൽ സൂക്ഷ്മതയോടെ വിലയിരുത്തപ്പെടുന്ന വിഭാഗമാണു പോലീസ്.
ആരൊക്കെയായി കൂട്ടുകൂടണമെന്നും കൂട്ടുകൂടരുതെന്നും ഉദ്യോഗസ്ഥർ തീരുമാനിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സുതാര്യമായ പ്രവർത്തനമായിരിക്കണം ഔദ്യോഗിക ജീവിതത്തിൽ ഉണ്ടാകേണ്ടത്.
എന്താണ് ചെയ്യേണ്ടതെന്നും എന്താണ് ചെയ്യേണ്ടാത്തതുമെന്ന തിരിച്ചറിവ് ഉദ്യോഗസ്ഥർക്കുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തൃശൂരിലെ കേരള പോലീസ് അക്കാദമിയിൽ നടന്ന പാസിംഗ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ചു പ്രസംഗിക്കുന്നതിനിടെയാണ്, അടുത്തിടെയുണ്ടായ സംഭവങ്ങളെ പരോക്ഷമായി പരാമർശിച്ചു മുഖ്യമന്ത്രിയുടെ വിമർശനം.
പോലീസിൽ വനിതകളുടെ പങ്കാളിത്തം വർധിപ്പിക്കാൻ ബോധപൂർവമായ ഇടപെടലാണു സർക്കാർ നടത്തുന്നത്. സ്ത്രീകളുടെ പ്രത്യേക റിക്രൂട്ടിംഗ് യാഥാർഥ്യമാക്കി പ്രത്യേക സ്ത്രീ ബറ്റാലിയൻ രൂപവത്കരിച്ചത് അതിന്റെ ഭാഗമായാണെന്നും അദ്ദേഹം പറഞ്ഞു.
1308 വനിതകൾക്കാണ് കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് നിയമനം നൽകിയത്. ഈ സർക്കാരിന്റെ കാലത്ത് 1113 വനിതകളെ പോലീസിന്റെ ഭാഗമാക്കി.
ലിംഗസമത്വത്തിന്റെ ആശയം ഉയർത്തിപ്പിടിച്ച് കേരള പോലീസിലേക്കു കൂടുതൽ വനിതകളെ റിക്രൂട്ട് ചെയ്യാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷ ഉറപ്പാക്കാൻ മുന്തിയ പരിഗണനയാണ് സർക്കാർ നൽകുന്നത്.
ഏത് ആപത്തിലും ജനങ്ങൾക്ക് ആശ്രയിക്കാൻ കഴിയുന്ന ജനകീയ സേനയായി കേരള പോലീസ് മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ജൂലൈ ഒന്നുമുതൽ പ്രാബല്യത്തിലാകുന്ന ഭാരതീയ ന്യായ സൻഹിത, ഭാരതീയ നാഗരിക് സുരക്ഷ സൻഹിത, ഭാരതീയ സുരക്ഷ അധിനിയം എന്നിവയിൽ പരിശീലനം ലഭിച്ച ആദ്യ പോലീസ് കോണ്സ്റ്റബിള് ബാച്ചാണു സേനയുടെ ഭാഗമാകുന്നത്.