പഞ്ചമി സെൽഫി പോയിൻറുമായി തൈക്കാട് ഗവ.മോഡൽ എൽ.പി സകൂൾ വിദ്യാർത്ഥികൾ
തിരുവനന്തപുരം: സഞ്ചാര സ്വാതന്ത്ര്യം നിഷിധമായ കാലത്ത് എല്ലാ ജാതിക്കാർക്കും ഏത് വഴിയിലും സഞ്ചരിക്കാൻ നടത്തിയ വില്ലുവണ്ടി യാത്രയുടെ തുടർച്ചയാണ് വിദ്യാഭ്യാസ രംഗത്ത് അയ്യങ്കാളി നടത്തിയ സമരമെന്ന് അക്ഷരാർഥത്തൽ പറയാം. പാഠമില്ലെങ്കിൽ പാടത്തേക്കില്ലന്ന് പറഞ്ഞ് പഞ്ചമിയുടെ കൈപിടിച്ച് സ്കൂൾ അങ്കണത്തിൽ വന്ന ആ നവോഥാന നായകനെ മറന്ന് എന്ത് പ്രവേശനോത്സവം.
എൻറെ കുഞ്ഞുങ്ങളെ പഠിക്കാൻ അനുവദിച്ചില്ലെങ്കിൽ ഈ കണ്ണായ പാടങ്ങളിലെല്ലാം മുട്ടിപ്പുല്ല് കിളിർപ്പിക്കുമെന്ന് ഘോരപ്രസംഗം നടത്തിയ ധീര നായകനെ ഓർമിച്ച് സെൽഫി പോയിൻറ് തയാറാക്കിയിരിക്കുകയാണ് തൈക്കാട് ഗവ. മോഡൽ എൽ.പി സകൂൾ അധികൃതർ.
പാഠപുസ്തകങ്ങളിൽ നിന്ന് ചരിത്രത്തിൻറെ ഏടുകൾ കീറി മാറ്റപ്പെടുമ്പോൾ മാറ്റത്തിൻറെ ശംഖൊലി മുഴങ്ങട്ടെ ഈ സെൽഫി പോയിൻറിലൂടെ. നമ്മുടെ കുട്ടികൾ ചരിത്രമറിഞ്ഞ് വളരട്ടെ.
പഠനം നിഷേധിച്ച താഴ്ന്ന കുലത്തിൽ പിറന്ന പഞ്ചമിയെ സ്കൂളിൽ ചേർക്കണമെന്ന ആവശ്യവുമായി അവളുടെ കൈയും പിടിച്ച് മഹാത്മ അയ്യങ്കാളി സ്കൂളിൻറെ മുറ്റത്ത് വന്നു.
എന്നാൽ താഴ്ന്ന കുലത്തിൽപ്പെട്ട പഞ്ചമിയെ സ്കൂളിൽ ചേർക്കുന്നതിൽ നാടെങ്ങും ജന്മികൾ പ്രതിഷേധമുയർത്തി. വിപ്ലവം പൊട്ടിപ്പുറപ്പെട്ടു. താഴ്ന്ന ജാതിക്കാരിയായ ആ കുരുന്നിൻറെ കാലടി സ്കൂൾ മുറ്റത്ത് പതിഞ്ഞെന്ന പേരിൽ ജൻമികൾ സ്കൂളിനു തീയിട്ടു.
ഇതിൽ കുപിതനായ നവോഥാന നായകൻ മഹാത്മ അയ്യങ്കാളിയും കൂട്ടരും ഇതിനെതിരേ പ്രക്ഷോഭം പൊട്ടിപ്പുറപ്പെടുവിച്ചു. പാഠമില്ലങ്കിൽ പാടത്തേക്കില്ലന്ന് നിർഭയം വിളിച്ചു പറഞ്ഞു. അങ്ങനെയാണ് ജാതി മത ഭേതമന്യേ എല്ലാവർക്കും സ്കൂളുകളിൽ വിദ്യ അഭ്യസിക്കുന്നതിനു സാധിച്ചത്.
നവോഥാന നായകനെ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുകയെന്ന ഉദ്ദേശമാണ് സെൽഫി പോയിൻറിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് തൈക്കാട് മോഡൽ സ്കൂൾ അധികൃതർ പറഞ്ഞു.