അതിര്‍ത്തിയില്‍ ഇന്ത്യയുടെ തിരിച്ചടി; പ്രതിഷേധവുമായി പാകിസ്താന്; ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി
ഇസ്ലാമാബാദ്: ജമ്മു കശ്മീരില്‍ നിയന്ത്രണരേഖയ്ക്കു സമീപം പാക് ആക്രമണത്തില്‍ സൈനികനും ഭാര്യയും കൊല്ലപ്പെട്ടതിനു പിന്നാലെ, ഇന്ത്യ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തുന്നുവെന്ന ആരോപണവുമായി പാകിസ്താന് രംഗത്ത്. ഇന്ത്യ നടത്തിയ വെടിവയ്പ്പില്‍ രണ്ടു സാധാരണക്കാര്‍കൂടി മരിച്ചെന്നും പാകിസ്താന് ആരോപിച്ചു. തുടര്‍ച്ചയായ രണ്ടാം ദിവസവും ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മിഷണര്‍ ജെ.പി. സിങ്ങിനെ വിളിച്ചുവരുത്തി പാക് സര്‍ക്കാര്‍ പ്രതിഷേധം അറിയിച്ചു.
ശനിയാഴ്ചയും പാക് സര്‍ക്കാര്‍ ഇന്ത്യന്‍ ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തിയിരുന്നു. ഇന്ത്യ നടത്തിയ തിരിച്ചടിയില്‍ മൂന്നു സാധാരണക്കാര്‍ കൊല്ലപ്പെട്ടുവെന്ന് ആരോപിച്ചായിരുന്നു ഇത്. ഇന്ത്യന്‍ വെടിവയ്പ്പിലും ഷെല്ലാക്രമണത്തിലും ഇതുവരെ ഒരു പുരുഷനും നാലു സ്ത്രീകളും മരിച്ചെന്നാണ് പാകിസ്താന്റെ വാദം.
അതിനിടെ, തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച പാകിസ്താന് ഇന്ത്യ നല്കിയ തിരിച്ചടിയില്‍ രണ്ടു പാക് സൈനികര്‍ കൊല്ലപ്പെട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആറു പേര്‍ക്ക് പരുക്കേറ്റതായും സൂചനയുണ്ട്. പാക് അധിനിവേശ കശ്മീരിലെ ഹജൈര സെക്ടറിലെ ഗ്രാമങ്ങള്‍ക്കും ഒരു പാക് സൈനിക പോസ്റ്റിനും ഇന്ത്യന്‍ വെടിവയ്പ്പില്‍ നാശനഷ്ടമുണ്ടായി.
ശനിയാഴ്ച, നിയന്ത്രണരേഖയിലെ സൈനിക പോസ്റ്റുകള്‍ക്കു നേരെ പാകിസ്താന് നടത്തിയ ആക്രമണത്തില്‍ കരസേനാംഗവും ഭാര്യയും മരിച്ചിരുന്നു. അവരുടെ മൂന്നു പെണ്മക്കള്ക്കും പരുക്കേറ്റു. ഇതിനു പിന്നാലെയാണ് ഇന്ത്യന്‍ സൈന്യം ശക്തമായ തിരിച്ചടി നല്‍കിയത്.
അതിനിടെ, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന് ബുര്‍ഹാന്‍ വാനിയെ മഹത്വവല്‍ക്കരിക്കുന്ന പാകിസ്താന്റെ നിലപാടില്‍ ഇന്ത്യ പ്രതിഷേധം അറിയിച്ചു. പാകിസ്താന് ഭീകരവാദത്തെ പിന്തുണയ്ക്കുകയാണെന്ന് ഇന്ത്യന്‍ വിദേശകാര്യ വക്താവ് ചൂണ്ടിക്കാട്ടി. ബുര്‍ഹാന്‍ വാനിയെ സൈന്യം വധിച്ചതിന്റെ ഒന്നാം വാര്‍ഷിക ദിനമായ ശനിയാഴ്ച ഇയാളെ പ്രകീര്‍ത്തിച്ച് പാക്ക് പ്രധാനമന്ത്രിയും സൈനിക മേധാവിയും പ്രതികരണം നടത്തിയിരുന്നു. ഇതിനെതിരെയാണ് ഇന്ത്യ പ്രതിഷേധം ഉയര്‍ത്തിയിരിക്കുന്നത്.