ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാര്ക്കിത് ദുരിതകാലം
കോട്ടയം: തുള്ളിക്കൊരു കുടം മഴയത്തും ചൂടുവിഭവങ്ങളുമായി ഓടിയെത്തി നഗരവാസികളുടെ വിശപ്പകറ്റുന്ന ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാര്ക്കിത് ദുരിതകാലം.
പെരുമഴയത്തും പെട്ടിയിലാക്കിയ ഭക്ഷണപ്പൊതി നനയാതെ ഇരുചക്രവാഹനമോടിച്ചു കിലോമീറ്ററുകള്‍ താണ്ടണം.
ബിരിയാണിയും ഉച്ചയൂണും ചപ്പാത്തിയും ചിക്കനും പൊറോട്ടയും ബീഫുമെല്ലാം ചൂടാറാതെ വേഗം എത്തിക്കുക ചില്ലറ പണിയല്ല.
ഇടവേളകളില്‍ വിശ്രമിക്കാന്‍ ഇരിപ്പിടം പോലുമില്ലാതെ ഹോട്ടലുകളുടെയും റെസ്റ്ററന്റുകളുടെയും സമീപം മരത്തണലുകളിലും വെയിറ്റിംഗ് ഷെഡ്ഡുകളും ഇടനാഴികളുമാണ് നില്‍പ്പ്.
കൊടും വേനല്‍ ദുരിതത്തിന് ഇടവേള പോലുമില്ലാതെയാണു മഴക്കാല ദുരിതവും എത്തിയിരിക്കുന്നത്.സ്വിഗി, സൊമാറ്റോ, ഓല തുടങ്ങിയവയാണു പ്രധാന ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാര്‍.
പ്രാദേശിക പേരുകളിലും വിതരണക്കാരുണ്ട്. ജില്ലയില്‍ വിവിധ ഇടങ്ങളിലായി മൂവായിരത്തിലേറെ പേര് ഈ ജോലി ചെയ്യുന്നു. പലപ്പോഴും 14 മണിക്കൂര്‍ വരെയാണ് ജോലി.
രാവിലെ 7.30 മുതല്‍ രാത്രി 10.30വരെ ഓടുന്നവരുണ്ട്. അടിസ്ഥാന ശമ്പളമില്ലാത്തതും ബോണസിന്റെ അഭാവവും ഇവരെ ബുദ്ധിമുട്ടിക്കുന്നു. ഇന്ധന വിലവര്‍ധനവും ചെറിയ ബാധ്യതയല്ല.
നാലു കിലോമീറ്ററിനുള്ളിലെ വിതരണത്തിന് 20 രൂപയും. തുടര്‍ന്ന് ഓരോ കിലോമീറ്ററിനും അഞ്ചു രൂപയുമാണ് നിരക്ക്.
12 മണിക്കൂര്‍ വരെ ഓടിയാല്‍ 700-1000 രൂപയേ ലഭിക്കൂ. ഇന്ധന ചെലവ്, വാഹന അറ്റകുറ്റപ്പണി, മൊബൈല്‍ ചാര്‍ജ് കഴിഞ്ഞാല്‍ കാര്യമായൊന്നും മിച്ചം ലഭിക്കാറുമില്ല.