സംസ്ഥാന പ്രൊഫഷണല്‍ നാടക മത്സരം; മികച്ച നാടകം മണികര്‍ണിക
തൃശൂർ: കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച 2023ലെ സംസ്ഥാന പ്രൊഫഷണല്‍ നാടക മത്സരത്തിൽ സൗപര്‍ണിക തിരുവനന്തപുരത്തിന്റെ മണികര്‍ണിക മികച്ച ഒന്നാമത്തെ നാടകമായും കോഴിക്കോട് സങ്കീര്‍ത്തനയുടെ പറന്നുയരാനൊരു ചിറക് രണ്ടാമത്തെ നാടകമായും തെരഞ്ഞെടുത്തു.
മികച്ച നാടകത്തിന് ശില്‍പ്പവും പ്രശംസാപത്രവും 50,000 രൂപയും രണ്ടാമത്തെ നാടകത്തിന് ശില്പവും പ്രശംസാപത്രവും 30,000 രൂപയും ലഭിക്കും.
കാഞ്ഞിരപ്പള്ളി അമല കമ്മ്യൂണിക്കേഷന്‍സ് അവതരിപ്പിച്ച ശാന്തം നാടകത്തിന്റെ സംവിധായകന് രാജേഷ് ഇരുളത്തിനെ മികച്ച സംവിധായകനായും കോഴിക്കോട് സങ്കീര്‍ത്തന അവതരിപ്പിച്ച പറന്നുയരാനൊരു ചിറക് നാടകത്തിന്റെ സംവിധായകന് രാജീവന് മമ്മിളിയെ രണ്ടാമത്തെ സംവിധായകനായും തെരഞ്ഞെടുത്തു.
കായംകുളം ദേവാ കമ്മ്യൂണിക്കേഷന്‍സ് അവതരിപ്പിച്ച ചന്ദ്രികാവസന്തം നാടകം രചിച്ച കെ.സി. ജോര്‍ജ്ജാണ് മികച്ച നാടകകൃത്ത്. ശാന്തം നാടകം രചിച്ച ഹേമന്ത്കുമാറാണ് രണ്ടാമത്തെ നാടകകൃത്ത്.
മികച്ച സംവിധായകനും നാടകകൃത്തിനും ശില്‍പ്പവും പ്രശംസാപത്രവും 30,000 രൂപ വീതവും രണ്ടാമത്തെ സംവിധായകനും നാടകകൃത്തിനും ശില്‍പ്പവും പ്രശംസാപത്രവും 20,000 രൂപ വീതവും ലഭിക്കും.
ശാന്തത്തില്‍ നാല് കഥാപാത്രങ്ങളെ അവതരിപ്പിച്ച ഗിരീഷ് രവിയെ മികച്ച നടനായും തിരുവനന്തപുരം അക്ഷര ക്രിയേഷന്‍സിന്റെ വാണവരുടെയും വീണവരുടെയും ഇടം നാടകത്തില്‍ തോമയെന്ന കഥാപാത്രത്തെ അവതരിപ്പിച്ച നെയ്യാറ്റിന്‍കര സനലിനെ രണ്ടാമത്തെ നടനായും തെരഞ്ഞടുത്തു.
പറന്നുയരാനൊരു ചിറക് നാടകത്തില്‍ ഗംഗ, തംബുരു തുടങ്ങിയ കഥാപാത്രങ്ങളെ അവതരിപ്പിച്ച മീനാക്ഷി ആദിത്യയാണ് മികച്ച നടി. മണികര്‍ണിക നാടകത്തില്‍ ഝാന്‍സി റാണിയെ അവതരിപ്പിച്ച ഗ്രീഷ്മ ഉദയാണ് രണ്ടാമത്തെ നടി.
മികച്ച നടനും നടിക്കും ശില്‍പ്പവും പ്രശംസാപത്രവും 25,000 രൂപ വീതവും രണ്ടാമത്തെ നടനും നടിക്കും ശില്‍പ്പവും പ്രശംസാപത്രവും 15,000 രൂപ വീതവും ലഭിക്കും.
മികച്ച ഗായകന് കെ.കെ.നിഷാദ്(പറന്നുയരാനൊരു ചിറക്), മികച്ച ഗായിക ഡോ.കെ.ആര്. ശ്യാമ(കുചേലൻ) എന്നിവർക്ക് ശില്‍പ്പവും പ്രശംസാപത്രവും 10,000 രൂപ വീതവും ലഭിക്കും.
പറന്നുയരാനൊരു ചിറകിന് സംഗീതം ഒരുക്കിയ ഉദയകുമാര്‍ അഞ്ചലാണ് മികച്ച സംഗീത സംവിധായകന്. മണികര്‍ണികയ്ക്ക് വേണ്ടി ഗാനങ്ങള്‍ രചിച്ച വിഭു പിരപ്പന്‍കോടാണ് മികച്ച ഗാനരചയിതാവ്.
ഇരുവര്‍ക്കും ശില്‍പ്പവും പ്രശംസാപത്രവും 15,000 രൂപ വീതവും ലഭിക്കും. മികച്ച രംഗപട സംവിധായകന് വിജയന് കടമ്പേരി(ഊഴം), മികച്ച ദീപസംവിധായകന്‍ രാജേഷ് ഇരുളം(വാണവരുടെയും വീണവരുടെയും ഇടം), മികച്ച വസ്ത്രാലങ്കാരം വക്കം മാഹീൻ(മണികര്‍ണിക), മികച്ച പശ്ചാത്തല സംഗീത സംവിധായകൻ അനില്‍ മാള(വാണവരുടെയും വീണവരുടെയും ഇടം), മികച്ച ശബ്ദ ലേഖകന്‍ അനില്‍ എം അര്ജ്ജുനൻ(മണികര്‍ണിക).
അനിത സുരേഷ്(ചന്ദ്രികാവസന്തം), സുനില്‍ പൂമഠം(മണികര്‍ണിക) എന്നിവർ പ്രത്യേക ജൂറി പരാമര്‍ശത്തിന് അര്‍ഹമായി. ഇരുവര്‍ക്കും ശില്പവും സാക്ഷ്യപത്രവും നല്‍കുമെന്ന് അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി പറഞ്ഞു.
പ്രശസ്ത നാടകകൃത്തും നടനും തിരകഥാകൃത്തുമായ ബെന്നി പി നായരമ്പലം ജൂറി ചെയര്‍മാനായും അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി മെമ്പര്‍ സെക്രട്ടറിയും സജിതാ മഠത്തില്‍, ഷിനില്‍ വടകര എന്നിവര്‍ അംഗങ്ങളുമായുള്ള ജൂറിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. അവാര്‍ഡ് സമര്‍പ്പണ തിയ്യതി പിന്നീട് പ്രഖ്യാപിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.