കെ.എസ്.ആർ.ടി.സി ബസിൽ ജനിച്ച കുഞ്ഞിന് സമ്മാനവുമായി മന്ത്രി ഗണേഷ് കുമാർ
കൊല്ലം: കെ.എസ്.ആർ.ടി.സി ബസിൽ യുവതി കുഞ്ഞിന് ജന്മം നൽകിയതിനു പിന്നാലെ കെ.എസ്.ആർ.ടി.സി ജീവനക്കാരെ നേരിട്ടു വിളിച്ച് അഭിനന്ദിച്ച് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാർ.
കൂടാതെ കുഞ്ഞിനുള്ള സമ്മാനവും അദ്ദേഹം കൊടുത്തുവിട്ടു. കെ.എസ്.ആർ.ടി.സി അധികൃതരാണ് സമ്മാനം കൈമാറിയത്.
ഏറ്റവും അഭിനന്ദനാർഹവും മാതൃകാപരവുമായി സേവനമനുഷ്ഠിച്ച രണ്ട് ജീവനക്കാർക്കും ഗതാഗത വകുപ്പ് മന്ത്രിയുടെയും ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടറുടെയും അഭിനന്ദന പത്രവും കെ.എസ്.ആർ.ടി.സിയുടെ സത്സേവനാ രേഖയും നൽകുമെന്നും മന്ത്രി അറിയിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് തിരുനാവായ സ്വദേശിനിയായ സെറീന(37) ബസിനുള്ളിൽ പ്രസവിച്ചത്. യുവതിയുടെ അഞ്ചാമത്തെ കുഞ്ഞിന്റെ ജനനമാണ് അപ്രതീക്ഷിതമായി കെഎസ്ആർടിസി ബസിനുള്ളിൽ സംഭവിച്ചത്.
തൃശൂർ പേരാമംഗലത്ത് വച്ച് ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു സംഭവം. അങ്കമാലിയിൽ നിന്നും തൊട്ടിൽപാലത്തേക്ക് പോയ ഫാസ്റ്റ് പാസഞ്ചർ ബസിലാണ് കുഞ്ഞ് ജനിച്ചത്.
തൃശൂരില്‍ നിന്നും തിരുനാവായയിലേക്ക് പോവുകയായിരുന്ന അവർക്ക് പേരാമംഗലത്ത് വെച്ച് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു.
പിന്നാലെ ബസ് തൃശൂർ അമല മെഡിക്കൽ കോളജിലേക്ക് എത്തിച്ചു. യുവതിക്കൊപ്പം ബന്ധുക്കളാരും ഉണ്ടായിരുന്നില്ല.
ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവതിയെ ബസിൽ നിന്നും പുറത്തെത്തിക്കാൻ കഴിയാത്ത സ്ഥിതിയായിരുന്നു. ബസ് ആശുപത്രിയില്‍ എത്തുമ്പോഴേക്കും പ്രസവത്തിന്റെ 80 ശതമാനത്തോളം പൂര്‍ത്തിയായിരുന്നു. പിന്നീട് ആശുപത്രി ജീവനക്കാർ ബസിനുള്ളിൽ കയറി പ്രസവം പൂർത്തിയാക്കുകയായിരുന്നു.