വരാപ്പുഴയിൽ 4 വയസുകാരനും അച്ഛനും മരിച്ച സംഭവം; ഒപ്പം താമസിച്ചിരുന്നത് യൂ ട്യൂബർ ദിയ ഗൗഡയെന്ന ഖദീജ; പോലീസ് അന്വേഷണം നീളുന്നു
വരാപ്പുഴ: വരാപ്പുഴ മണ്ണംത്തുരുത്തിൽ കുടുംബ വഴക്കിനെ തുടർന്ന് നാലു വയസുകാരനായ മകനെ കൊലപ്പെടുത്തിയ ശേഷം പിതാവ് തൂങ്ങി മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടോയെന്ന് പോലീസ് അന്വേഷണം. കൂടെ താമസിക്കുന്ന സ്ത്രീയുടെ മൊബൈൽ ഫോൺ പോലീസ് പരിശോധിച്ച് വരികയാണ്.
മരിക്കുന്നതിന് തലേദിവസം രാത്രി ഇരുവരും ഫോണിൽ സംസാരിച്ചിരുന്നതായി പോലീസ് പറയുന്നു. വരാപ്പുഴ മണ്ണംതുരുത്തിൽ സി.പി കലുങ്കിന് സമീപം വാടകക്ക് താമസിക്കുന്ന മലപ്പുറം ആതവനാട് കോരന്തൊടിയിൽ ഷെരീഫ് (41), മകൻ അൽ ഫിഫാസ്(4) എന്നിവരാണ് മരിച്ചത്.
കൂടെ താമസിക്കുന്ന സ്ത്രീ ഖദീജയുമായുള്ള(30) അഭിപ്രായ വ്യത്യാസമാണ് മരണത്തിലേക്ക് നയിച്ചത് എന്നാണ് വിവരം. ഇരുവർക്കും മുൻ ബന്ധത്തിൽ മൂന്ന് മക്കൾ വീതമുണ്ട്.
മരിച്ച അൽ ഷിഫാസ് ഇരുവരുടെയും മകനാണ്. മൂന്നാഴ്ച മുമ്പാണ് ഇവർ വരാപ്പുഴയിൽ വാടകക്ക് വീടെടുത്തത്. എന്നാൽ ഖദീജ ഇവർക്കൊപ്പമായിരുന്നില്ല താമസം.
ആലുവ മുട്ടത്തുള്ള ഒരു ഫ്ലാറ്റിലാണ് ഇവർ താമസിച്ചിരുന്നത്. ചൊവ്വ രാത്രി ഷെരീഫും ഖദീജയും തമ്മിൽ ഫോണിൽ സംസാരിച്ചിരുന്നു. മരിക്കാൻ പോകുന്ന വിവരം ഷെരീഫ് പറഞ്ഞതായി സൂചനയുണ്ട്.ഇതിനു ശേഷമാണ് കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ഷെരീഫ് ആത്മഹത്യ ചെയ്തത്
വിവരമറിഞ്ഞ് രാത്രി വീട്ടിൽ പോലീസെത്തുമ്പോൾ ഖദീജയും വീട്ടിലെത്തിയിരുന്നു. എന്നാൽ ഇവരെ വീട്ടിനകത്തേക്ക് കയറ്റാൻ പോലീസ് സമ്മതിക്കാതിരുന്നതിനെ തുടർന്ന് ഇവർ തിരിച്ചുപോയി. യു ട്യൂബിൽ ദിയ ഗൗഡയെന്ന പേരിൽ പ്രശസ്തയാണ് ഖദീജ. പാൽപ്പായസമെന്ന പേരിൽ ഷോർട്ട് ഫിലിമിൽ ഇവർ അഭിനയിച്ചിട്ടുണ്ട്.
വളാഞ്ചേരി ആതവനാട്ടിൽ കോഴിക്കച്ചവടമായിരുന്ന ഷെരീഫിന്. വീടിന് സമീപം ഫ്ലാറ്റിൽ താമസിക്കാനെത്തിയപ്പോഴാണ് ചാവക്കാട് സ്വദേശിനിയായ ഖദീജയെ പരിചയപ്പെടുന്നത്. മൂന്ന് വർഷം വളാഞ്ചേരിയിൽ തന്നെയായിരുന്നു താമസം. രണ്ട് വർഷം മുമ്പാണ് അവിടം വിട്ട് പോയതെന്ന് ബന്ധുക്കൾ പറഞ്ഞു.