ഉമ്മന്‍ ചാണ്ടി സ്മാരക മന്ദിരത്തിന് അജണ്ടവെച്ച് നാട്ടകം സുരേഷ്
കോട്ടയം: ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പുതിയ ആസ്ഥാനമന്ദിരം പണിയാന്‍ തയാറെടുക്കുന്നു. കഴിഞ്ഞദിവസം ജില്ലാ നേതൃയോഗത്തില്‍ ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷാണ് ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ മന്ദിരം നിര്‍മാണം അജണ്ടയില്‍ വച്ചത്.
എന്നാല്‍ ഏറെപ്പേരും ഈ താൽപ്പര്യത്തിനു പിന്തുണ നല്‍കിയില്ല. എ ഗ്രൂപ്പില്‍ കെ.സി ജോസഫ് വിഭാഗത്തിനൊപ്പമാണ് നാട്ടകം സുരേഷ്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള എ വിഭാഗം ഇതിനോടു യോജിച്ചില്ല.
ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷമുള്ള പാര്‍ട്ടി പുനഃസംഘടന മുന്നില്‍കണ്ടാണ് മന്ദിര നിര്‍മാണ നീക്കമെന്ന് എതിര്‍പക്ഷം ആരോപിച്ചു.
തിരുവനന്തപുരത്തെ കെ കരുണകാരന് സ്മാരകത്തിന് ഫണ്ട് നല്കിയിട്ടു മതി കോട്ടയത്ത് പുതിയ ഡി.സി.സി മന്ദിരമെന്ന് ഐ വിഭാഗം നിര്‍ദേശിച്ചു. മിക്ക ഡി.സി.സികളും കരുണാകരന് സ്മാരകത്തിനു ഫണ്ട് നല്‍കിയെങ്കിലും കോട്ടയം നല്‍കിയില്ലെന്നും ഐ വിഭാഗം നേതാക്കള്‍ കുറ്റപ്പെടുത്തി.
1972ല്‍ പി.എസ്. ജോണ്‍ ഡിസിസി പ്രസിഡന്റായിരിക്കെ നിര്‍മിച്ചതാണ് കോട്ടയം ഐഡാ ജംഗ്ഷനിലെ ഡിസിസി ഓഫീസ്. ഇന്ദിരാഭവന് എന്ന മന്ദിരം ഇന്ദിരാഗാന്ധിയാണ് ഉദ്ഘാടനം ചെയ്തത്. നിലവില്‍ യാതൊരു സൗകര്യങ്ങളും ഇവിടില്ല.
മിക്ക ഡിസിസികള്‍ക്കും നല്ല മന്ദിരമുള്ളപ്പോള്‍ മുന്‍നിര നേതാക്കളുള്ള കോട്ടയത്ത് സൗകര്യമുള്ള ജില്ലാ ഓഫീസ് ഇല്ലെന്ന വിമര്‍ശനം കുറെക്കാലമായുണ്ട്.
ഉമ്മന്‍ ചാണ്ടിയുടെ മരണശേഷം നടത്തിയ അനുസ്മരണത്തിലാണ് അദ്ദേഹത്തിന്റെ സ്മാരകമായി ഡിസിസി ഓഫീസ് നിര്‍മിക്കുമെന്ന് നാട്ടകം സുരേഷ് പ്രഖ്യാപിച്ചത്.
എന്നാല്‍ തുടര്തീരുമാനങ്ങളുണ്ടായില്ല. ഉമ്മന്‍ ചാണ്ടിയുടെ ഒന്നാം ചരമവാര്‍ഷികത്തില്‍ നിര്‍മാണം ആരംഭിക്കാനാണ് സുരേഷിന്റെ ആലോചന. നിലവിലെ കെട്ടിടം പൊളിച്ചു മാറ്റി അതേ സ്ഥാനത്ത് ഓഫീസ്, ഓഡിറ്റോറിയം, താമസസൗകര്യം ഉള്‍പ്പെടെ അഞ്ചു നില കെട്ടിടമാണ് ഉദ്ദേശിക്കുന്നത്.
കോട്ടയത്തെ അസ്വാരസ്യം അറിഞ്ഞ് കെപിസിസി നേതൃത്വവും കെപിസിസി അനുമതിയോടെ മാത്രം പുതിയ കെട്ടിടം പണിതാല്‍ മതിയെന്ന നിലപാടിലാണ്.
യോഗത്തില്‍ പങ്കാളിത്തം കുറഞ്ഞതിലും വിമര്‍ശനമുയര്‍ന്നു. 82 മണ്ഡലം കമ്മിറ്റികളില്‍ 14 മണ്ഡലം പ്രസിഡന്റുമാരെ യോഗത്തിൽ പങ്കെടുത്തുള്ളു.
18 ബ്ലോക്ക് പ്രസിഡന്റുമാരില്‍ ഒമ്പതുപേരും 35 ഡിസിസി ഭാരവാഹികളില്‍ 15 പേരും എത്തി. തദ്ദേശ സ്വയംഭരണ വാര്‍ഡ് വിഭജനവുമായി ബന്ധപ്പെട്ട് ജോഷി ഫിലിപ്പ് കണ്‍വീനറായി ഏഴംഗ സമിതിയേയും യോഗത്തിൽ തെരഞ്ഞെടുത്തു.