പ്രധാനമന്ത്രിയുടെ ധ്യാനം വിലക്കാനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
ന്യൂഡൽഹി: ധ്യാനം തെരഞ്ഞെടുപ്പ് പ്രചരണമായി കണക്കാക്കാനാകില്ല. പ്രധാനമന്ത്രിയുടെ ധ്യാനം വിലക്കാനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. പ്രധാനമന്ത്രിയുടെ ധ്യാനത്തിനെതിരെ കോൺഗ്രസും തൃണമൂൽ കോൺഗ്രസും രംഗത്തെത്തിയിരുന്നു.
ധ്യാനം വിലക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം നൽകിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി കന്യാകുമാരിയിൽ നടത്തുന്ന ധ്യാനം പരോക്ഷ പ്രചാരണമാണെന്നും തടയണമെന്നും ആവശ്യപ്പെട്ടാണ് കോൺഗ്രസ് തെരഞ്ഞെടുപ്പു കമ്മിഷനു പരാതി നൽകിയത്.
മൗനവ്രതം നടത്തുന്നതു പ്രശ്നമല്ലെന്നും പക്ഷേ, ഏഴാം ഘട്ടം തെരഞ്ഞെടുപ്പിന്റെ നിശ്ശബ്ദ പ്രചാരണ സമയത്ത് വാർത്തകളിൽ നിറഞ്ഞുനിൽക്കാനുള്ള തന്ത്രമാണിതെന്നുമാണ് കോൺഗ്രസ് പ്രതിനിധിസംഘത്തെ നയിച്ച അഭിഷേക് മനു സിംഗ്വിയുടെ വാദം.
രൺദീപ് സുർജേവാല, ഡോ. നസീർ ഹുസൈൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു. മോദിയുടെ ധ്യാനം തടയുന്നില്ലെങ്കിൽ തമിഴ്നാട്ടിലെ കോൺഗ്രസ് എം.പിമാരും എം.എൽ.എമാരും കന്യാകുമാരിയിൽ അതേസമയം ധ്യാനം നടത്തുമെന്ന് തമിഴ്നാട് കോൺഗ്രസ് കമ്മിറ്റിയും പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയില്‍ ധ്യാനം ഇരിക്കാന്‍ പ്രധാനമന്ത്രി ഉച്ചകഴിഞ്ഞ് മൂന്നരയോടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തും. തുടർന്ന് ഹെലികോപ്റ്റര്‍ മാര്‍ഗമാണ് കന്യാകുമാരിലേക്ക് പോവുക.
കന്യാകുമാരി ദേവീക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിനു ശേഷം വിവേകാനന്ദപ്പാറയില്‍ നരേന്ദ്രമോദി ധ്യാനം ഇരിക്കും. മൂന്നു ദിവസങ്ങളിലായി 45 മണിക്കൂറാണ് ധ്യാനം.
ഇന്ന് വൈകിട്ട് മുതല്‍ ജൂണ്‍ ഒന്നിന് വൈകിട്ട് വരെയാണ് മോദി വിവേകാനന്ദപ്പാറയില്‍ ധ്യാനമിരിക്കുക. ഒന്നാം തിയതി ഉച്ചകഴിഞ്ഞ് നരേന്ദ്ര മോദി ഡൽഹിയിലേക്ക് മടങ്ങിപ്പോകും. പ്രധാനമന്ത്രിയുടെ വരവോടനുബന്ധിച്ച് കന്യാകുമാരിയില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
എട്ട് ജില്ലാ പോലീസ് മേധാവിമാരടക്കം രണ്ടായിരത്തിലധികം പോലീസുകാരെയാണ് പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി കന്യാകുമാരിയില്‍ വിന്യസിച്ചിട്ടുള്ളത്. കന്യാകുമാരി ഗസ്റ്റ് ഹൗസില്‍ ഉള്‍പ്പെടെ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.