അധ്യാപകരുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്നു
ബീഹാർ: ജോലി സ്ഥലത്ത് മേലുദ്യോഗസ്ഥരുടെ മിന്നൽ പരിശോധന ഉണ്ടാകുമ്പോൾ ആരായാലും ഞെട്ടിപ്പോകില്ലേ. അത്തരത്തിലൊരു മിന്നൽ പരിശോധന നടത്തിയിരിക്കുകയാണ് ബീഹാറിലെ ജാമുയി സ്കൂളിൽ. എന്നാൽ അതൊന്നുമല്ല ഇവിടുത്തെ രസം. വിദ്യാഭ്യാസ വകുപ്പിൻറെ മിന്നൽ പരിശോധനയിൽ സ്കൂളിൽ പല അധ്യാപകരും ലീവിലായിരുന്നു.
ഇത് ഉദ്യോഗസ്ഥരെ ചൊടിപ്പിച്ചു. ഉടൻ തന്നെ അന്നേ ദിവസം ഹാജരാകാതിരുന്നു അധ്യാപകർക്ക് തക്കതായ ശിക്ഷയും കൊടുത്തു. തൃപ്തികരമല്ലാത്ത പ്രകടന നിലവാരമുള്ള മറ്റു പലരെയും ഉദ്യോഗസ്ഥർ കണ്ടെത്തുകയും അവർക്കും ശിക്ഷ കൊടുത്തു.
പരിശോധനയെത്തുടർന്ന്, ജാമുയിയിലെ ജില്ലാ വിദ്യാഭ്യാസ ഓഫീസർ 16 അധ്യാപകർക്കെതിരേയാണ് ശിക്ഷാ നടപടികൾ ചൂണ്ടിക്കാട്ടി കത്ത് നൽകിയത്.
പരിശോധനയ്ക്കിടെ ഹാജരാകാത്തതിന് മൂന്ന് അധ്യാപകർക്ക് നേരെ നടപടി എടുത്തു. മറ്റ് 13 പേർക്ക് മോശം പ്രകടനത്തിന് പിഴയും ചുമത്തി, ഇതിനായി ഒരു ദിവസത്തെ ശമ്പളം വെട്ടിക്കുറച്ചു.
എന്നാൽ വിദ്യാഭ്യാസ വകുപ്പിൻറെ ഈ നടപടി ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരി പടർത്തിയിരിക്കുകയാണ്. ഹാജരാകാത്ത ജാമുയിയിലെ സ്കൂൾ അധ്യാപകർക്കും പ്രകടന നിലവാരമില്ലാത്ത അധ്യാപകർക്കും പിഴ ചുമത്താനുള്ള കാരണമായി സർക്കാർ ഡോക്യുമെൻറിൽ രേഖപ്പെടുത്തിയ കാരണം ‘ബെഡ് പെർഫോർമൻസ്’ എന്നാണ്.
ബാഡ് എന്നതിനു പകരം ബെഡ് എന്നാണ് ടൈപ്പ് ചെയ്തത്. അക്ഷരതെറ്റ് കടന്നു കൂടിയത് ആരുടേയും ശ്രദ്ധയിലുംപെട്ടില്ല. ഒരു വാക്ക് മാറിയപ്പോൾ അത് “കിടക്കയിലെ പ്രകടനം” കാരണം അധ്യാപകരുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്നു എന്നുമായി. എന്തായാലും സംഗതി ഇപ്പോൾ വൈറലാണ്.