മോദി ഇസ്രയേലിലെത്തി; നെതന്യാഹു നേരിട്ടെത്തി സ്വീകരിച്ചു; നയതന്ത്രബന്ധത്തിലെ വഴിത്തിരിവെന്ന് പ്രസ്താവന
ജറുസലേം: ചരിത്ര സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേലിലെത്തി. ഇസ്രയേല്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയായ നരേന്ദ്ര മോദിക്കു ഗംഭീരമായ വരവേല്‍പ്പാണ് ഇസ്രയേല്‍ ഒരുക്കിയിരുന്നത്. പ്രോട്ടോക്കോള്‍ മറികടന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നേരിട്ടെത്തി മോദിയെ സ്വീകരിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വരുത്തുന്ന വഴിത്തിരിവാകും തന്റെ സന്ദര്‍ശനമെന്ന് മോദി ഇസ്രയേല്‍ ടെലിവിഷനോട് മോദി പറഞ്ഞു. മോദിയുടെ സന്ദര്‍ശനം ചരിത്രപരമാണെന്നും ഭൂരിപക്ഷം പരിപാടികളിലും മോദിക്കൊപ്പം പങ്കെടുക്കുമെന്നും നെതന്യാഹു പറഞ്ഞു. പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് ജറുസലേമില്‍ നടക്കുന്നത്.
ഇന്ത്യ-ഇസ്രയേല്‍ നയതന്ത്രബന്ധത്തിന്റെ 25-ാം വാര്‍ഷികത്തിന്റെ ഭാഗമായാണു മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനു മോദി വരുന്നത്. മൂന്നുദിവസവും ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു മോദിക്കൊപ്പമുണ്ടാകും. 1918 ല്‍ ഹൈഫാ നഗരം മോചിപ്പിക്കാനുള്ള ഏറ്റുമുട്ടലില്‍ മരിച്ച ഇന്ത്യന്‍ സൈനികര്‍ക്കു മോദി ആദരാഞ്ജലി അര്‍പ്പിക്കും. കൃഷിയിടങ്ങളും സന്ദര്‍ശിക്കും. നാലായിരത്തോളം വരുന്ന ഇന്ത്യന്‍ സമൂഹത്തെയും മോദി അഭിസംബോധന ചെയ്യും. മോദിയെ സ്വീകരിക്കാന്‍ കലാപരിപാടികള്‍ ഉള്‍പ്പെടെ വിപുലമായ പരിപാടികളാണ് ഇസ്രയേലിലെ ഇന്ത്യന്‍ സമൂഹം ഒരുക്കിയിട്ടുള്ളത്.
ബെന്‍ ഗുര്യോന് വിമാനത്താവളത്തിലാണ് മോദി വിമാനമിറങ്ങിയത്. നെതന്യാഹുവിന്റെ നേതൃത്വത്തില്‍ വിവിധ മതനേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ മോദിക്ക് രാജകീയ സ്വീകരണം നല്കി. മാര്‍പാപ്പയ്ക്കും യുഎസ് പ്രസിഡന്റിനും നല്കിയതുപോലുള്ള വരവേല്‍പ്പാണു മോദിക്കായും ഒരുക്കിയത്. കിങ് ഡേവിഡ് ഹോട്ടലിലാണ് മോദിയുടെ താമസം. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഇവിടെയാണ് താമസിച്ചത്. പ്രമുഖ ആയുധകമ്പനി എല്‍ബിറ്റ് സിസ്റ്റംസിന്റെ തലവന്‍ മൈക്കല്‍ ഫെഡര്മാന്റെ ഉടമസ്ഥതയിലുള്ളതാണു ഹോട്ടല്‍.
ട്രംപ് താമസിച്ച അതേ സ്യൂട്ടിലാണ് മോദിയും കഴിയുക. എന്നാല്‍ ട്രംപിന്റെ സന്ദര്‍ശനത്തില്‍നിന്നു വ്യത്യസ്തമായി, ഇസ്രയേല്‍ മോദിക്കു ചുവപ്പ് പരവതാനി സ്വീകരണം ഒരുക്കിയിട്ടുണ്ട്. മോദിക്കായി ഇന്ത്യന്‍ സസ്യാഹാരമാണു ഹോട്ടലില്‍ തയാറാക്കുന്നത്. മോദിയുടെ പൂര്‍വകാല കര്‍മത്തിന്റെ സ്മരണയില്‍ മികച്ച ചായ സല്‍ക്കാരവും ഒരുക്കും. നരേന്ദ്ര മോദിയുടെ വരവു പ്രമാണിച്ചു ഹോട്ടലിലെ ബാറിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തി. മോദി-നെതന്യാഹു കൂടിക്കാഴ്ചയില്‍ അത്ഭുതങ്ങള്‍ സംഭവിക്കാമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇരുനേതാക്കളും ഫെയ്സ്ബുക്ക് ലൈവിലോ പെരിസ്കോപ് ചാറ്റിലോ ജനങ്ങളുമായി സംവദിക്കാനും സാധ്യതയുണ്ട്.
മോദിയുടെ സന്ദര്‍ശനത്തിലുള്ള സന്തോഷം പ്രകടിപ്പിച്ചു ട്വിറ്ററില്‍ നെതന്യാഹു സന്ദേശം പോസ്റ്റ് ചെയ്തത് ഇന്ത്യയെ എത്രമാത്രം വിലമതിക്കുന്നു എന്നതിനുള്ള തെളിവാണ്. ‘എന്റെ സുഹൃത്ത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേലിലെത്തും. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമാണ് ഇന്ത്യ. എഴുപതു വര്‍ഷത്തിനുള്ളില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഇസ്രയേലിലെത്തുന്നത്.
‘ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാകുന്നുവെന്നതിന്റെ തെളിവാണു ചരിത്രപരമായ ഈ സന്ദര്‍ശനം. ഇതു ഞങ്ങള്‍ മുന്നോട്ടുവച്ച നയങ്ങളുടെ വിജയമാണ്. സുരക്ഷ, കൃഷി, ഊര്‍ജം, ജലം തുടങ്ങിയ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്താന്‍ മോദിയുടെ സന്ദര്‍ശനം സഹായിക്കും’- നെതന്യാഹു ട്വിറ്ററില്‍ കുറിച്ചു. ശക്തമായ പ്രതിരോധ സഹകരണമാണ് ഇന്ത്യയുമായി ഇസ്രയേല്‍ ആഗ്രഹിക്കുന്നത്. ഇസ്രയേലില്‍നിന്ന് ആയുധങ്ങള്‍ വാങ്ങാനുള്ള ധാരണ മോദിയുടെ സന്ദര്‍ശനത്തിലുണ്ടാകും. പ്രധാനമന്ത്രിയുടെ ഇസ്രേയല്‍ സന്ദര്‍ശനം ഇന്ത്യയുടെ വിദേശനയത്തിലും പലസ്തീനോടുള്ള സമീപനത്തിലും വന്ദിശാമാറ്റത്തിനു തുടക്കമിട്ടേക്കും.
പലസ്തീന് മേഖലയെ ജൂത, അറബ് രാഷ്ട്രങ്ങളായി വിഭജിക്കുന്നതിനെ എതിര്‍ത്ത മഹാത്മാഗാന്ധിയുടെ നിലപാടുകളും ഐക്യരാഷ്ട്ര സംഘടനയില്‍ ജൂതരാഷ്ട്ര രൂപീകരണത്തെ എതിര്‍ത്തു വോട്ടുചെയ്ത ചരിത്രത്തെയും സാക്ഷിയാക്കിയാണ് ഇന്ത്യയുടെ ചുവടുമാറ്റം. പലസ്തീനുമായുള്ള സൗഹൃദത്തില്‍ ഉലച്ചിലുകളുണ്ടാക്കാതെ, പശ്ചിമേഷ്യയിലെ മാറിയ സാഹചര്യത്തില്‍ പ്രകടനാത്മകവും പ്രായോഗികവും കൂടുതല്‍ ദൃഢവുമായ ഇസ്രയേല്‍ ബന്ധത്തിനാണു മോദിയുടെ യാത്ര വഴിയൊരുക്കുക.
ബുധനാഴ്ചയാണു മോദി-നെതന്യാഹു നയതന്ത്രചര്‍ച്ചയും സംയുക്ത വാര്‍ത്താസമ്മേളനവും. സൈബര്‍ സുരക്ഷ, കൃഷി, ആരോഗ്യം, വാണിജ്യം, ഭീകരവിരുദ്ധ നീക്കങ്ങള്‍ എന്നിവയില്‍ പരസ്പര സഹകരണത്തുള്ള ചര്‍ച്ചകളുണ്ടാകുമെങ്കിലും ആയുധങ്ങള്‍ വാങ്ങാനുള്ള ധാരണയാണു പ്രധാനം.