വോട്ടെടുപ്പ് അവസാന ഘട്ടത്തിൽ
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഏഴാംഘട്ടത്തിലെ പരസ്യ പ്രചാരണത്തിന് നാളെ സമാപനം. ഏഴു സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി 57 മണ്ഡലങ്ങളിലാണ് പ്രചാരണം സമാപിക്കുന്നത്.
വാരാണസിയിൽ മത്സരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുൾപ്പെടെ 904 സ്ഥാനാർത്ഥികളുടെ വിധി നിർണയിക്കുന്ന വോട്ടെടുപ്പ് ശനിയാഴ്ച നടക്കും. ഇതോടെ, ഏപ്രിൽ 19ന് തുടങ്ങിയ വോട്ടെടുപ്പ് പ്രക്രിയ അവസാനിക്കും. ജൂൺ നാലിനാണു വോട്ടെണ്ണൽ.
മാർച്ച് 16നു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷമാണു രാഷ്ട്രീയകക്ഷികൾ ഔദ്യോഗികമായി പ്രചാരണം തുടങ്ങിയതെങ്കിലും കഴിഞ്ഞ വർഷം നടന്ന രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തിസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പുകൾക്കു ശേഷം രാജ്യം പൊതുതെരഞ്ഞെടുപ്പിന്റെ ചൂടിലമർന്നിരുന്നു.
ഈ വർഷം തുടക്കത്തിൽ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബി.ജെ.പിയും രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസും അനൗദ്യോഗികമായി പ്രചാരണ നീക്കങ്ങൾ ആരംഭിച്ചിരുന്നു.
പ്രതിപക്ഷം ഇന്ത്യ മുന്നണിയായി രൂപം മാറിയതോടെ പ്രചാരണത്തിന് കൂടുതൽ വ്യക്തതയും വേഗവും കൈവന്നു. തുടക്കത്തിൽ വികസനവും തൊഴിലില്ലായ്മയുമൊക്കെ ആയിരുന്ന പ്രചാരണ വിഷയങ്ങൾ പിന്നീട് സംവരണത്തിലേക്കും ന്യൂനപക്ഷ, ഭൂരിപക്ഷ വിഭാഗീയതയിലേക്കുമൊക്കെ മാറുന്നതിന് സാക്ഷ്യം വഹിച്ച മാസങ്ങളാണു കടന്നു പോയത്.
ദക്ഷിണ, വടക്കുകിഴക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലായിരുന്നു ആദ്യ ഘട്ടത്തിൽ വോട്ടെടുപ്പ്. ഈ ഘട്ടത്തിൽ വികസനമുൾപ്പെടെ വിഷയങ്ങളായിരുന്നു പ്രചാരണത്തിന്റെ കേന്ദ്രബിന്ദു.
എന്നാൽ, ജാതി സെൻസസിന് വേണ്ടി വാദിച്ച പ്രതിപക്ഷ സഖ്യത്തെ നേരിടാൻ മുസ്ലിം സംവരണത്തിന് നീക്കം നടക്കുന്നുവെന്ന ആരോപണം പ്രധാനമന്ത്രി തന്നെ നേരിട്ട് ഉന്നയിച്ചതോടെ പ്രചാരണം മുൻപെങ്ങുമുണ്ടാകാത്ത വിധം കലുഷിതമായി.
ഒരു ഘട്ടത്തിൽ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ഉൾപ്പെടെ നേതാക്കളെ ലക്ഷ്യമിട്ട് പ്രചാരണത്തിൽ മാന്യത പുലർത്തണമെന്ന തെരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശം നൽകുകയും ചെയ്തു.
ആദ്യ ആറ് ഘട്ടങ്ങളിൽ 486 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് പൂർത്തിയായത്. മോദിക്ക് മൂന്നാമൂഴം ലഭിക്കുമെന്ന് വിലയിരുത്തുന്ന ബി.ജെ.പി ഇത്തവണ പാർട്ടിക്ക് തനിച്ച് 370, എൻ.ഡി.എയ്ക്ക് 400 സീറ്റുകളെന്ന ലക്ഷ്യത്തിലാണ് പ്രചാരണം നയിച്ചത്.
എന്നാൽ, പോളിങ്ങിലുണ്ടായ കുറവും 2019ലേതിന് സമാനമായ തരംഗങ്ങളുടെ അസാന്നിധ്യവും തങ്ങൾക്ക് ഗുണമാകുമെന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷം.