ഇസ്രയേല്‍ സന്ദര്‍ശിക്കുന്ന മോദിക്ക് ഗംഭീര വരവേല്‍പ്പ് നല്‍കാനൊരുങ്ങി നെതന്യാഹു സര്‍ക്കാര്‍
ന്യൂഡല്‍ഹി: ഇസ്രയേല്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു ഗംഭീരമായ വരവേല്‍പ്പ് നല്‍കാനൊരുങ്ങി നെതന്യാഹു സര്‍ക്കാര്‍. മോദിയുടെ സന്ദര്‍ശനം ചരിത്രപരമെന്നും ഭൂരിപക്ഷം പരിപാടികളിലും മോദിക്കൊപ്പം പങ്കെടുക്കുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. മോദിയുടെ സന്ദര്‍ശനം വളരെയധികം വിജയകരമായിരിക്കുമെന്ന് ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയം വക്താവ് മാര്‍ക് സോഫറും വ്യക്തമാക്കി.
മോദിയുടെ സന്ദര്‍ശനത്തിലുള്ള സന്തോഷം പ്രകടിപ്പിച്ചു ട്വിറ്ററില്‍ നെതന്യാഹു സന്ദേശം പോസ്റ്റ് ചെയ്തത് ഇന്ത്യയെ എത്രമാത്രം വിലമതിക്കുന്നു എന്നതിനുള്ള തെളിവാണ്. ‘എന്റെ സുഹൃത്ത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേലിലെത്തും. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമാണ് ഇന്ത്യ. എഴുപതു വര്‍ഷത്തിനുള്ളില്‍ ആദ്യമായാണ് ഇന്ത്യന്‍ പ്രധാനമന്ത്രി ഇസ്രയേലിലെത്തുന്നത്.
‘ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാകുന്നുവെന്നതിന്റെ തെളിവാണു ചരിത്രപരമായ സന്ദര്‍ശനം. ഇതു ഞങ്ങള്‍ മുന്നോട്ടുവച്ച നയങ്ങളുടെ വിജയമാണ്. സുരക്ഷ, കൃഷി, ഊര്‍ജം, ജലം തുടങ്ങിയ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്താന്‍ മോദിയുടെ സന്ദര്‍ശനം സഹായിക്കും’- നെതന്യാഹു ട്വിറ്ററില്‍ കുറിച്ചു.
ശക്തമായ പ്രതിരോധ സഹകരണമാണ് ഇന്ത്യയുമായി ഇസ്രയേല്‍ ആഗ്രഹിക്കുന്നത്. ഇസ്രയേലില്‍നിന്ന് ആയുധങ്ങള്‍ വാങ്ങാനുള്ള ധാരണ മോദിയുടെ സന്ദര്‍ശനത്തിലുണ്ടാകും. ഇന്ത്യയുടെ വിദേശനയത്തിലും പലസ്തീനോടുള്ള സമീപനത്തിലും വന്ദിശാമാറ്റത്തിനു തുടക്കമിടുന്ന പ്രധാനമന്ത്രിയുടെ ഇസ്രേയല്‍ സന്ദര്‍ശനം ചൊവ്വാഴ്ച തുടങ്ങും.
പലസ്തീന് മേഖലയെ ജൂത, അറബ് രാഷ്ട്രങ്ങളായി വിഭജിക്കുന്നതിനെ എതിര്‍ത്ത മഹാത്മാഗാന്ധിയുടെ നിലപാടുകളും െഎക്യരാഷ്ട്രസഭയില്‍ ജൂതരാഷ്ട്ര രൂപീകരണത്തെ എതിര്‍ത്തുവോട്ടുചെയ്ത ചരിത്രത്തെയും സാക്ഷിയാക്കിയാണ് ഇന്ത്യയുടെ ചുവടുമാറ്റം. പലസ്തീനുമായുള്ള സൗഹൃദത്തില്‍ ഉലച്ചിലുകളുണ്ടാക്കാതെ പശ്ചിമേഷ്യയിലെ മാറിയ സാഹചര്യത്തില്‍ പ്രകടനാത്മകവും പ്രായോഗികവും കൂടുതല്‍ ദൃഢവുമായ ഇസ്രയേല്‍ ബന്ധത്തിനാണു മോദിയുടെ യാത്ര വഴിയൊരുക്കുക.
ഇന്ത്യ-ഇസ്രയേല്‍ നയതന്ത്രബന്ധത്തിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായാണു മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനു മോദി തയാറെടുത്തത്. മൂന്നുദിവസവും ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു മോദിക്കൊപ്പമുണ്ടാകും. 1918 ല്‍ ഹൈഫാ നഗരം മോചിപ്പിക്കാനുള്ള ഏറ്റുമുട്ടലില്‍ മരിച്ച ഇന്ത്യന്‍ സൈനികര്‍ക്കു മോദി ആദരാഞ്ജലി അര്‍പ്പിക്കും. കൃഷിയിടങ്ങളും സന്ദര്‍ശിക്കും. നാലായിരത്തോളം വരുന്ന ഇന്ത്യന്‍ സമൂഹത്തെയും മോദി അഭിസംബോധന ചെയ്യും. മോദിയെ സ്വീകരിക്കാന്‍ കലാപരിപാടികള്‍ ഉള്‍പ്പെടെ വിപുലമായ പരിപാടികളാണു ഇന്ത്യക്കാര്‍ ഒരുക്കിയിട്ടുള്ളത്.
ബുധനാഴ്ചയാണു മോദി-നെതന്യാഹു നയതന്ത്രചര്‍ച്ചയും സംയുക്ത വാര്‍ത്താസമ്മേളനവും. സൈബര്‍ സുരക്ഷ, കൃഷി, ആരോഗ്യം, വാണിജ്യം, ഭീകരവിരുദ്ധ നീക്കങ്ങള്‍ എന്നിവയില്‍ പരസ്പര സഹകരണത്തുള്ള ചര്‍ച്ചകളുണ്ടാകുമെങ്കിലും ആയുധങ്ങള്‍ വാങ്ങാനുള്ള ധാരണയാണു പ്രധാനം.