മൊബൈല്‍ കമ്പനിയില്‍ അപ്പുണ്ണി നല്കിയ അപേക്ഷയുടെ കോപ്പിയും പൊലീസ് വാങ്ങി !
കൊച്ചി: പൊലീസിന്റെ തന്ത്രപരമായ നീക്കം ക്ലൈമാക്സിലേക്ക്.
ദിലീപിന്റെ ഡ്രൈവറും മാനേജരുമായ അപ്പുണ്ണിയുടെ മൊബൈല്‍ ഫോണ്‍ കണക്ഷന് രേഖകള്‍ പൊലീസ് ശേഖരിച്ചു. തിങ്കളാഴ്ച വൈകീട്ട് 4.30ഓടെയാണ് പൊലീസ് വിവരങ്ങള്‍ ശേഖരിച്ചത്.
കോള്‍ വിശദാംശം പരിശോധിച്ചതില്‍ നിന്നും നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് പ്രമുഖ മൊബൈല്‍ കമ്പനിയെ സമീപിച്ച് അപ്പുണ്ണി കണക്ഷന് എടുക്കുമ്പോള്‍ നല്കിയ അപേക്ഷ ഫോമിന്റെ സര്‍ട്ടിഫൈഡ് കോപ്പി അന്വേഷണ സംഘം വാങ്ങിയത്.
നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഫോണ്‍ രേഖകള്‍ പരിശോധിച്ചതില്‍ നിന്നും ‘വിലപ്പെട്ട’ വിവരം ലഭിച്ചതിനാല്‍ പൊലീസ് കടുത്ത നടപടിയിലേക്ക് ഉടന്‍ നീങ്ങും.
ഇതിനായി തലസ്ഥാനത്ത് നിന്നുള്ള ‘അനുമതി’ക്കായി കാത്ത് നില്‍ക്കുകയാണ് പൊലീസ്.
ദിലീപ്, അപ്പുണ്ണി, നാദിര്‍ഷ എന്നിവരുമായി ബന്ധപ്പെട്ട് അറസ്റ്റ് അഭ്യൂഹം ശക്തമായി നിലനിന്നിരുന്നുവെങ്കിലും അന്വേഷണ സംഘത്തിന് പിടിവള്ളി കിട്ടിയത് ഇന്നാണ്.
പള്‍സര്‍ സുനി ബന്ധപ്പെട്ടത് അപ്പുണ്ണിയെയാണെന്ന് വ്യക്തമാണെങ്കിലും ഈ സമയത്ത് ദിലീപിന്റെയും ‘ ബന്ധപ്പെട്ട’ മറ്റു ചിലരുടെയും മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ എവിടെയായിരുന്നു എന്നതും പൊലീസ് പരിശോധിച്ച് നിഗമനത്തിലെത്തിയിട്ടുണ്ട്.
ഇനി ചോദ്യം ചെയ്യല്‍ എന്നതിലുപരി ‘നടപടി’യിലേക്ക് ഉടന്‍ തന്നെ കടക്കുമെന്നാണ് സൂചന.
അതേസമയം പള്‍സര്‍ സുനി ദിലീപ് നായകനായ ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ സെറ്റിലെത്തിയത് ഡ്രൈവറായിട്ടാണെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു.
പകരക്കാരന് ഡ്രൈവറായി സുനി രണ്ട് ദിവസം സിനിമയുടെ സെറ്റില്‍ ഉണ്ടായിരുന്നതായാണ് പൊലീസിന് ലഭിച്ച വിവരം. ഇതിനെ തുടര്‍ന്ന് സുനിയെ സെറ്റിലെത്തിച്ച ലൊക്കേഷന്റെ ചുമതലയുണ്ടായിരുന്ന മുരുകനെ പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്.