റവന്യൂവകുപ്പിനെക്കുറിച്ച് വ്യാപക പരാതിയാണെന്ന് സര്‍വകക്ഷി യോഗത്തില്‍ മുഖ്യമന്ത്രി;
തിരുവനന്തപുരം: റവന്യൂവകുപ്പിനെക്കുറിച്ച് വ്യാപക പരാതിയാണെന്ന് ഉയര്‍ന്നിരിക്കുന്നതെന്ന് മൂന്നാര്‍ കൈയേറ്റമൊഴിപ്പിക്കലുമായി ബന്ധപ്പെട്ട സര്‍വകക്ഷി യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ഇടുക്കിയിലെ പ്രശ്നങ്ങള്‍ സംബന്ധിച്ച് സര്‍ക്കാര്‍ കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ ഉദ്യോഗസ്ഥര്‍ നടപ്പാക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ നിർദേശങ്ങൾ നടപ്പിലാക്കുന്നതിൽ റവന്യൂ ഉദ്യോഗസ്ഥർ കാലതാമസം വരുത്തുന്നു. ഇതേക്കുറിച്ച് എല്‍ഡിഎഫ് പരാതി നല്‍കിയിട്ടുണ്ടെന്നു പറഞ്ഞ മുഖ്യമന്ത്രി ഇതു യോഗത്തില്‍ വായിക്കുകയും ചെയ്തു.റവന്യുമന്ത്രിയും സിപിഐയും യോഗത്തില്‍ നിന്നും വിട്ടുനിന്നു.
മന്ത്രി എം.എം. മണി, എസ്.രാജേന്ദ്രന് എംഎല്‍എ, കെപിസിസി വൈസ് പ്രസിഡന്റ് എ.കെ മണി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. റവന്യൂ വകുപ്പിനെ പ്രതിനിധീകരിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറിയും ഇടുക്കി ജില്ലാ കലക്ടറും ദേവികുളം സബ് കലക്ടറുമാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. അതേസമയം, മൂന്നാർ കുത്തകപ്പാട്ട മേഖലയിലെ കരം സ്വീകരിക്കാൻ മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. നിയമപരമായ കാര്യങ്ങൾ പരിശോധിച്ച് വേണ്ടതു ചെയ്യാനാണ് നിർദേശം.
മൂന്നാറിലെ സ്ഥലമൊഴിപ്പിക്കലുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനാണ് മുഖ്യമന്ത്രി ഇന്ന് യോഗം വിളിച്ചത്. ദേവികുളം സബ് കലക്ടർ ശ്രീറാം വെങ്കിട്ടരാമന്റെ നേതൃത്വത്തിലാണ് ഒഴിപ്പിക്കൽ നടക്കുന്നത്. മൂന്നാർ പൊലീസ് സ്റ്റേഷനു സമീപമുള്ള 22 സെന്റ് സ്ഥലവും കെട്ടിടവും 48 മണിക്കൂറിനകം ഒഴിയണമെന്ന് ഇൗ മാസം ഒൻപതിനു സബ് കലക്ടർ നോട്ടിസ് നൽകി. സർക്കാരിന്റെ കുത്തകപ്പാട്ട ഭൂമിയിൽ ഉണ്ടായിരുന്ന കെട്ടിടം പുതുക്കിപ്പണിത് അവിടെ ഹോം സ്റ്റേ നടത്തിയിരുന്നയാൾക്കാണു നോട്ടിസ് നൽകിയത്. ഇതിനെതിരെ ഇടതുനേതാക്കൾ മുഖ്യമന്ത്രിയെ സമീപിച്ചു. ഈ സംഭവത്തിലാണ് ഇപ്പോൾ യോഗം വിളിച്ചിരിക്കുന്നത്.
കൈയേറ്റമൊഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മാര്‍ച്ച് 27ന് ചില തീരുമാനങ്ങള്‍ എടുത്തിരുന്നു. അത് നടപ്പാക്കിയതുമായി ബന്ധപ്പെട്ട് ചില പരാതികള്‍ ഉയര്‍ന്നിരുന്നു. മൂന്നാറിലെ വിഷയങ്ങളുമായി ബന്ധപ്പെട്ട് രണ്ടു നിവേദനങ്ങള്‍ കിട്ടിയെന്നും മുഖ്യമന്ത്രി യോഗത്തിന്റെ ആമുഖമായി പറഞ്ഞു. സിപിഐ, കോണ്‍ഗ്രസ് നേതാക്കള്‍ അടക്കം ഒപ്പിട്ട നിവേദനമായിരുന്നു അതിലൊന്നെന്നും മുഖ്യമന്ത്രി വിശദമാക്കി. റവന്യു വകുപ്പിനെക്കുറിച്ച് വ്യാപക പരാതിയാണ് ഉയര്‍ന്നിട്ടുളളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മൂന്നാറില്‍ പ്രാദേശിക നേതൃത്വങ്ങളുടെ ആവശ്യം സര്‍ക്കാര്‍ ഗൗരവമായി കാണുന്നു. അതിനാലാണ് സര്‍വകക്ഷി യോഗം വിളിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥരുടെ അലംഭാവം മൂലം മൂന്നാറില്‍ സര്‍ക്കാര്‍ കാര്യങ്ങള്‍ നടക്കുന്നില്ലെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. ഈ പരാതിയും അദ്ദേഹം യോഗത്തില്‍ വായിച്ചു. കഴിഞ്ഞ യോഗങ്ങളില്‍ ഉയര്‍ന്നുവരാത്ത കാര്യങ്ങള്‍ ഈ യോഗത്തില്‍ ചര്‍ച്ച ചെയ്യും. ചെറുകിട കയ്യേറ്റക്കാരോട് അവര്‍ക്ക് മറ്റ് ഭൂമിയില്ലെങ്കില്‍ അനുഭാവപൂര്‍വമായ സമീപനം വേണം. വന്‍കിട കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് നടക്കുന്ന പരിപാടിയുമായി ബന്ധപ്പെട്ടാണ് താന്‍ വിട്ടുനില്‍ക്കുന്നതെന്നാണ് റവന്യുമന്ത്രി അറിയിച്ചത്.