മധ്യപ്രദേശിൽ ഏഴ് ആദിവാസി പെൺകുട്ടികളെ ബലാത്സംഗം ചെയ്ത പ്രതി പിടിയിൽ
സിദ്ധി: ശബ്ദം മാറ്റുന്ന ആപ്പ് ഉപയോഗിച്ച് പെൺ ശബ്ദത്തിൽ സംസാരിച്ച് അധ്യാപികയെന്ന് തെറ്റിദ്ധരിപ്പിച്ച് ഏഴ് പെൺകുട്ടികളെ വിളിച്ചു വരുത്തി ബലാത്സംഗം ചെയ്ത കേസിൽ ഒരാൾ അറസ്റ്റിൽ.
മധ്യപ്രദേശിലെ സിദ്ധിയിലാണ് സംഭവം. ബ്രജേഷ് പ്രജാപതി എന്നയാളെയാണ് പിടി കൂടിയത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു. കഴിഞ്ഞ ജനുവരി മുതൽ മേയ് വരെയുള്ള അഞ്ച് മാസത്തിനിടെ ഇത്തരത്തിൽ ആദിവാസി വിഭാഗത്തിൽ പെട്ട ഏഴ് പെൺകുട്ടികളെ ബലാത്സംഗം ചെയ്തതായി പ്രതി കുറ്റസമ്മതം നടത്തി.
മൂന്നു ദിവസങ്ങൾക്കു മുൻപാണ് ബലാത്സംഗത്തിനിരയായ പെൺകുട്ടി പൊലീസിന് പരാതി നൽകിയത്. ഇതിനു ശേഷം സമാനമായ രീതിയിൽ നാല് പേർ കൂടി പരാതി നൽകി. കൂടുതൽ പേർ കബളിക്കപ്പെട്ടിരിക്കാൻ സാധ്യതയുള്ളതായി പൊലീസ് പറയുന്നു.
എങ്ങനെയാണ് പ്രതിക്ക് ഈ പെൺകുട്ടികളുടെ ഫോൺനമ്പറുകൾ കിട്ടിയതെന്നതിൽ അന്വേഷണം തുടരുകയാണ്. ഒരേ കോളെജിൽ ഉള്ള പെൺകുട്ടികളെയാണ് ഇയാൾ ഫോണിലൂടെ ബന്ധപ്പെട്ടിരുന്നത്.
പിന്നീട് സ്കോളർഷിപ്പുമായി ബന്ധപ്പെട് സംശയങ്ങൾ പരിഹരിക്കാൻ ആളൊഴിഞ്ഞ പ്രദേശത്തേക്കു വിളിച്ചു വരുത്തുകയാണ് പതിവ്. സ്ഥലത്തെത്തുന്ന പെൺകുട്ടിയുടെ അരികിൽ ഫോണിൽ സംസാരിച്ച അധ്യാപികയുടെ മകനെന്നാണ് ഇയാൾ സ്വയം പരിചയപ്പെടുത്താറുള്ളത്.
അതിനു ശേഷം ബൈക്കിൽ കയറ്റി ഇയാളുടെ ഫാമിലെത്തിച്ച് ബലാത്സംഗത്തിനിരയാക്കും. ഇയാൾ തൊഴിൽ രഹിതനാണെന്നും പൊലീസ് പറയുന്നു.
ഇതു വരെ ആദിവാസി വിഭാഗത്തിൽ പെട്ട നാലു പെൺകുട്ടികളാണ് ഇയാൾക്കെതിരേ പരാതി നൽകിയത്. ഒരു പെൺകുട്ടി പ്രായപൂർത്തിയാകാത്ത മറ്റൊരു കുട്ടിയ്ക്കൊപ്പമാണ് ഇയാളെ കാണാൻ എത്തിയത്.
ഇരുവരെയും പ്രതി ബലാത്സംഗം ചെയ്തതായും പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഫോൺ കോളുകൾ അടിസ്ഥാനമാക്കി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ഇയാളെ സഹായിച്ചിരുന്ന രണ്ടു പേരും അറസ്റ്റിലായിട്ടുണ്ട്. അന്വേഷണം തുടരുകയാണ്.