കാസർകോട് ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു
കാസർകോട്: ബെള്ളൂർ സ്വദേശി ഗംഗാധരൻ(76) ഇടിമിന്നലേറ്റ് മരിച്ചു. ഇന്നലെ രാത്രി വീട്ടിൽ വച്ചാണ് ഇടിമിന്നൽ ഏറ്റത്. മൃതദേഹം കാസർകോട് ജില്ലാ ആശുപത്രിയിൽ.
അതേസമയം സംസ്ഥാനത്ത് ദിവസങ്ങളായി തുടർന്ന തീവ്രമഴയ്ക്ക് നേരിയ ശമനമായെങ്കിലും ദുരിതം തുടരുന്നു. സംസ്ഥാനത്താകെ ഒമ്പതു ക്യാമ്പിലായി 61 കുടുംബത്തിലെ 201 പേരെ മാറ്റിപ്പാർപ്പിച്ചു.
അഞ്ച് വീട് പൂർണമായും 65 വീട് ഭാഗികമായും തകർന്നു. വെള്ളി രാവിലെ അവസാനിച്ച 24 മണിക്കൂറിൽ കളമശേരി(145.5 മി.മീ.), ആലുവ (137.4), എറണാകുളം (130) എന്നിവിടങ്ങളിൽ കൂടിയ മഴ ലഭിച്ചു.
മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത തുടരണം. അറബിക്കടലിൽ കേരള തീരത്ത് രൂപംകൊണ്ട ന്യൂനമർദം ചക്രവാതച്ചുഴിയായി ദുർബലമായി.
സംസ്ഥാനത്ത് മഴ തുടരുമെങ്കിലും മുൻ ദിവസങ്ങളിലെപ്പോലെ തീവ്രമഴയ്ക്ക് സാധ്യത കുറവാണ്. ശനി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ഞായർ ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലും മഞ്ഞ അലർട്ട് (ശക്തമായ മഴ) പ്രഖ്യാപിച്ചു. കേരളതീരത്ത് ശക്തമായ കാറ്റും മോശം കാലാവസ്ഥയും തുടരുന്നതിനാൽ മീൻപിടിക്കാൻ പോകരുത്.
കേരള തീരത്ത് 3.3 മീറ്റർവരെയും തെക്കൻ തമിഴ്നാട് തീരത്ത് 4.1 മീറ്റർ വരെയും ഉയരത്തിൽ തിരമാലയ്ക്ക് സാധ്യതയുള്ളതിനാൽ തീരദേശ വാസികൾ ജാഗ്രത പാലിക്കണം.