വോട്ടെടുപ്പിനിടെ കുത്തിയിരിപ്പ് സമരവുമായി ജമ്മുകാശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ ആറാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഏഴ് സംസ്ഥാനത്തും ജമ്മു കശ്മീരിലെ അനന്ത്നാഗ് – രജൗരിയിലുമായി 58 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.
ഒഡിഷ നിയമസഭയിലെ 42 മണ്ഡലത്തിലും പോളിങ് നടക്കുന്നു. ഏഴുമണിക്ക് ആരംഭിച്ച പോളിങ് ആറുമണിക്ക് അവസാനിക്കും. ഡൽഹി(ഏഴ്), ഹരിയാന(10), ബിഹാർ(എട്ട്), ജാർഖണ്ഡ്(നാല്), ഉത്തർപ്രദേശ്(14), ബംഗാൾ(എട്ട്), ഒഡിഷ(ആറ്) എന്നിവയാണ് വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങൾ.
രാവിലെ ഒമ്പതു മണി വരെയുള്ള കണക്കുൾ പ്രകാരം 10.82 ശതമാനം പോളിംഗ് രേഖപ്പെടുത്തി. സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, വൃന്ദാ കാരാട്ട് എന്നിവർ ന്യൂഡൽഹി കൊളംബാസ് സ്കൂളിൽ രേഖപ്പെടുത്തി.
കോൺഗ്രസിന്റെ മുതിർന്ന നേതാക്കളായ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഡൽഹിയിലെ നിർമൻ ഭവനിൽ വോട്ട് ചെയ്തു. രാഷ്ട്രപതി ദ്രൗപതി മുർമു ഡൽഹിയിലെ രാജേന്ദ്ര പ്രസാദ് കേന്ദ്രീയ വിദ്യാലയത്തിൽ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.
അതേസമയം പി.ഡി.പി പോളിംഗ് ഏജന്റിനെ പോലീസ് അറസ്റ്റ് ചെയ്തെന്ന് ആരോപിച്ച് ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രിയും ജമ്മുകശ്മീർ പീപ്ൾസ് ഡെമോക്രാറ്റിക് പാർട്ടി നേതാവുമായ മെഹബൂബ മുഫ്തി അനന്ദ്നാഗിലെ ബിജ്ബെഹറ പോലീസ് സ്റ്റേഷനിൽ കുത്തിയിരിപ്പ് സമരം നടത്തി.
ജമ്മുകശ്മീരിലെ അനന്തനാഗ് - രജൗരി മണ്ഡലത്തിലെ വോട്ടെടുപ്പിൽ വലിയ തോതിൽ കൃത്രിമം നടന്നെന്നും തന്റെ പാർട്ടി പ്രവർത്തകരെ പൊലീസ് അന്യായമായി അറസ്റ്റ് ചെയ്തതായും മെഹബൂബ ആരോപിച്ചു.